- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ വിതരണത്തിന് കേരളം പൂർണസജ്ജമെന്ന് ആരോഗ്യമന്ത്രി; ലഭ്യമായി തുടങ്ങിയാൽ വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കും; ജനസാന്ദ്രതയും ജീവിതശൈലി രോഗമുള്ളവരുടെ എണ്ണവും കൂടുതലുള്ളതിനാൽ സംസ്ഥാനത്തിന് കൂടുതൽ വിഹിതം ആവശ്യപ്പെട്ടതായും കെ കെ ശൈലജ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണസജ്ജമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സിൻ ലഭ്യമാക്കി തുടങ്ങിയാൽ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടിക, വാക്സിൻ സംഭരണം, വാക്സിൻ വിതരണത്തിനുള്ള വളണ്ടിയർമാർ, അതിനുള്ള പരിശീലനം എന്നിവ നാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്സിൻ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേർന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുൻഗണന നിശ്ചയിച്ചതുപ്രകാരമാണ് വാക്സിൻ വിതരണം നടത്തുക. ആരോഗ്യപ്രവർത്തകർ, പ്രായം ചെന്നവർ, മറ്റ് ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, രോഗബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മറ്റുള്ളവർ എന്നിങ്ങനെ മുൻഗണന പ്രകാരമാവും വാക്സിൻ വിതരണം.
സംസ്ഥാനത്ത് ജനസാന്ദ്രത താരതമ്യേന കൂടുതലാണ്, പ്രായം ചെന്നവരുടെ ജനസംഖ്യയും, ജീവിതശൈലീ രോഗമുള്ളവർ ഏറ്റവും കൂടുതലും കേരളത്തിലാണ്. ഇതൊക്കെ പരിഗണിച്ച് വാക്സിൻ വിതരണം ആരംഭിച്ചാൽ നല്ലൊരു വിഹിതം കേരളത്തിന് തരണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കർശനമായ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ ആഴ്ച്ച തന്നെ കോവിഡ് വാക്സിൻ സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തുമെന്നാണ് പുറത്തുവരുന്ന സൂചന. ഏത് വാക്സിനാകും വിതരണം ചെയ്യുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓക്സ്ഫഡ് വാക്സിന്റെ കൊവിഷീൽഡിന് അടിയന്തര അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് ശനിയാഴ്ച കോവിഡ് വാക്സിനുള്ള ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഉന്നതതലയോഗം ചേർന്നിരുന്നതിന് പിന്നാലെയാണ് ഈ തീരുമാനം. ആദ്യ ഡ്രൈ റൺ ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിലായാണ് നടന്നത്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഡ്രൈ റൺ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
വാക്സിൻ ലഭ്യമായാലുടൻ സംഭരിക്കാനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രിവരെ ഊഷ്മാവിൽ വാക്സിൻ ശീതികരിച്ച് സൂക്ഷിക്കാൻ കഴിയുന്ന സംവിധാനങ്ങൾ തയ്യാറായി. വൈദ്യുതി മുടങ്ങിയാാൽ പോലും വാക്സിൻ രണ്ട് ദിവസം ശീതീകരിച്ച് സൂക്ഷിക്കാൻ കഴിയുന്ന 20 ഐസ് ലൈൻഡ് റഫ്രിജറേറ്റുകൾ എത്തിച്ചു. ഇവയുടെ ഊഷ്മാവ് കൃത്യമാണോ എന്ന് പരിശോധിക്കാൻ എല്ലാ ദിവസവും രണ്ട് നേരം പരിശോധന നടത്തുന്നുണ്ട്.
ലഭ്യമായ വാക്സിൻ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള വാഹന സൗകര്യങ്ങൾ സജ്ജമാണ്. വാക്സിൻ കൊണ്ട് പോകാൻ 1800 കാരിയറുകളും ചെറുതും വലുതുമായ 100 കോൾഡ് ബോക്സുകളും തയ്യാറാക്കിയിട്ടുണ്ട്. ശീതീകരണ സംവിധാനത്തിൽ നിന്ന് പുറത്തെടുത്ത് ശേഷവും വാക്സിൻ സൂക്ഷിക്കാൻ കഴിയുന്ന 12000 ഐസ് പാക്കുകൾ സംസ്ഥാനത്ത് എത്തിച്ചു. ആദ്യഘട്ടത്തിൽ 17ലക്ഷം സിറിഞ്ചുകൾ ആവശ്യമാണെന്നാണ് ആവശ്യമാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇത്രയും സിറിഞ്ചുകൾ സംസ്ഥാനത്ത് എത്തും.
കേരളത്തിലെ രണ്ടായിരത്തിലേറെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള 2000ത്തിലേറെ ആശുപത്രികളിൽ എല്ലാവിധ തയ്യെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു. ഇവിടെയെല്ലം വാക്സിൻ സൂക്ഷിക്കാനുള്ള ശീതീകരണ സൗകര്യങ്ങൾ അടക്കമുള്ളവ ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാകും വാക്സിൻ നൽകുക. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാകും ആദ്യം വാക്സിൻ ലഭ്യമാകുക. ഇവരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കൈമാറി. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ