തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. അപ്രതീക്ഷിത തീരുമാനത്തിലൂടെയാണ് മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാൻ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയിൽ തുടരുക. പിണറായി വിജയനെ സിപിഎം നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുന്നതായി സിപിഎം ഔദ്യോഗികമായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി വിപ്പ് സ്ഥാനമാണ് കെ കെ ശൈലജയ്ക്ക് നൽകാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

എം ബി രാജേഷിനെ സ്പീക്കറാക്കാനാണ് തീരുമാനം. വീണാ ജോർജ്, ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, കെ.രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, എം വി ഗോവിന്ദൻ, എ അബ്ദുറഹിമാൻ, വി എൻ വാസവൻ തുടങ്ങിയവരും മന്ത്രിമാരാകും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയുമാണ് നിയമിച്ചിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ജയിച്ചത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. അതിനാൽത്തന്നെ ഇത്തവണയും മന്ത്രിയായി ശൈലജ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഈ വാർത്തകളെല്ലാം തള്ളിക്കളഞ്ഞാണ് ടീച്ചർ മന്ത്രിസ്ഥാനത്തും നിന്നും ഒഴിവാക്കപ്പെടുന്നത്.

കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവർത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചർച്ച. എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടിൽ പാർട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം. എന്നാൽ 88 അംഗ സമിതിയിൽ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്. പൊതു സമൂഹത്തിലും ഭരണ തലത്തിലും കെകെ ശൈലജക്ക് ഉണ്ടായിരുന്നത് മികച്ച പ്രതിച്ഛായയാണ്. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള തുടർചർച്ചകളും വിമർശനങ്ങളും എല്ലാം ഉയർന്ന് വരാനിടയുണ്ട്. എന്നാൽ അത് മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യവും മികച്ച പ്രവർത്തനവും കൊണ്ട് മറികടക്കാനാകുമെന്നാണ് വിലയിരുത്തിരുന്നത്. ഇതോടെ ആരോഗ്യ വകുപ്പ് ഇനി ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും കൗതുകമേറി

മാത്രമല്ല ജനാഭിപ്രായത്തിന്റെ പിൻബലത്തിൽ മുന്നോട്ട് പോകാൻ പാർട്ടിക്ക് ആകില്ലെന്നും സിപിഎം വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കട്ടെ എന്ന തീരുമാനം സിപിഎം എടുക്കുകയും ജി സുധാകരനും തോമസ് ഐസകും അടക്കം മുതിർന്ന മന്ത്രിമാർക്ക് വരെ മത്സര രംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിന്റെ തുടർച്ചായാണ് മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യം എന്ന നിർണ്ണായക തീരുമാനത്തിന് മുന്നിൽ കെകെ ശൈലജയും ഒഴിവാക്കപ്പെടുന്നത്.