- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറയുമെന്ന് പ്രതീക്ഷ; ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണം: ആരോഗ്യമന്ത്രി കെ കെ ശൈലജ
കോഴിക്കോട്: ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു.
മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവിസുകൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന കാരണത്താൽ സമ്പൂർണ്ണ ലോക്ഡൗൺ ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രമേ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. എന്നാൽ കേസുകൾ 40,000 കടന്നു. അതോടെയാണ് അനിവാര്യമായ ലോക്ഡൗണിലേക്ക് കേരളം കടക്കാനുള്ള നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടത്.
കോവിഡ് കേസുകൾ കുത്തനേ കൂടിയോടെയാണ് മിനിലോക്ഡൗണിലൂടെ നിയന്ത്രണം ശക്തമാക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ചൊവ്വാഴ്ച ആരംഭിച്ച മിനിലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പൊലീസ് റിപ്പോർട്ട് നൽകി. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നത്. ചോദ്യം ചെയ്യുമ്പോൾ ഓരോ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ