കോഴിക്കോട്: കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട്ട് കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണു കോവിഡ് ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രങ്ങളിലും സി കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുന്‌പോൾ മെഡിക്കൽ കോളജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കൻഡറി ചികിത്സ കേന്ദ്രം എന്ന നിലയിൽ കോവിഡ് ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകൾക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുന്നോട്ടുള്ള ദിവസങ്ങളിൽ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഓരോ മേഖലയും തുറന്ന് പ്രവർത്തിക്കുമ്പോൾ മുഴുവൻ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.