- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യം കേരളത്തിലെ ആരോഗ്യ മേഖലയിൽ അടിസ്ഥാനപരമായ മാറ്റമെന്ന് ആരോഗ്യമന്ത്രി; സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി
കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ വിദഗ്ദ ചികിത്സ കേന്ദ്രങ്ങളിൽ വരെ സമഗ്രമായി ഇടപെട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചർ. സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന ചടങ്ങ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നും അവിടെ എല്ലാ ആളുകളെയും തന്നെ ശ്രദ്ധിക്കാനായാൽ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏറ്റവും അപകടകരമായ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ജീവിതശൈലീ രോഗങ്ങളും ഉയർന്ന ജനസാന്ദ്രതയും പ്രായമായ ആളുകളുടെ എണ്ണത്തിലുള്ള വർധനയുമാണ് അതിനു കാരണം. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇപ്പോൾ മാതൃകാപരമായ സേവനമാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറുന്നതോടെ വൈകീട്ട് ആറ് മണി വരെ ഒ.പി ഉൾപ്പടെയുള്ള സേവനങ്ങൾ ആളുകൾക്ക ലഭിക്കും. മൂന്ന് ഡോക്ടർമാരുടെ സേവനം, മികച്ച സൗകര്യങ്ങളോടു കൂടിയ ലാബ്, ഇമ്മ്യൂണൈസേഷൻ മുറികൾ, കാത്തിരുപ്പു സ്ഥലങ്ങൾ, മുലയൂട്ടൽ കേന്ദ്രം എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിൽ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉത്‌ഘാടനം ആണ് ആരോഗ്യ മന്ത്രി നിർവഹിച്ചത്. കീഴ്മാട്, ചിറ്റാറ്റുകര, ബിനാനിപുരം എന്നി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തൃക്കാക്കര, തമ്മനം, മൂലംകുഴി എന്നീ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരിക്കുന്നത്. ഇവക്ക് പുറമെ തൃപ്പൂണിത്തുറ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം കഴിഞ്ഞ ആഗസ്തിൽ നഗരകുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയിരുന്നു. ചമ്പക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികൾ നടന്നുവരുന്നു.
39.25 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ ആണ് ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയിരിക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയിൽ പെടുത്തി 14 ലക്ഷം രൂപയും പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി 12 ലക്ഷം രൂപയും സ്‌പോൺസർഷിപ്പിലൂടെ 13.25 ലക്ഷം രൂപയും ആണ് ഇതിനായി ഉപയോഗിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആണ് ഈ തുക നൽകിയത്.
ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 14 ലക്ഷം രൂപക്ക് പുറമെ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണപ്രവർത്തനങ്ങൾ നടത്തി കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയിൽ പെടുത്തി അനുവദിച്ച 7.80 ലക്ഷം രൂപ ചെലവഴിച്ചാണ് തൃക്കാക്കര നഗരാരോഗ്യകേന്ദ്രത്തെ നഗര കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്. കഴിഞ്ഞ വർഷം കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽസും നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുള്ള നാഷണൽ ക്വാളിറ്റി സ്റ്റാൻഡേർഡ്സും തൃക്കാക്കരക്ക് ലഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയിൽ പെടുത്തി അനുവദിച്ച 9.63 ലക്ഷം രൂപ ചെലവഴിച്ചാണ് തമ്മനം നഗരപ്രാഥമികാരോഗ്യകേന്ദ്രം നവീകരിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയിൽ പെടുത്തി അനുവദിച്ച 5.94 ലക്ഷം രൂപ ചെലവഴിച്ചാണ് മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രം നവീകരിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ ഒന്നാം ഘട്ടത്തിൽ 14ഉം രണ്ടാം ഘട്ടത്തിൽ 15 ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.