- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും; തുറന്ന് പറഞ്ഞ് വകുപ്പ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി; ബില്ലു പാസാകുന്നതോടെ വൈദ്യുതി രംഗത്ത് കുത്തകക്കമ്പനികളുടെ വൻ കടന്നുവരവ് ഉണ്ടാകുമെന്നും മന്ത്രി
തിരുവനന്തപുരം: കേന്ദ്രവൈദ്യുതി ബില്ല് പാസായാൽ സംസ്ഥാനത്തുൾപ്പടെ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ബില്ല് കേന്ദ്രം പാസാക്കിയാൽ സമീപ ഭാവിയിൽ കേരളത്തിലും വൈദ്യുതി ബില്ല് കുറയ്ക്കേണ്ടിവരുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കി. ബില്ല് പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നുവരും. അവർ കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാകും. അപ്പോഴുണ്ടാകുന്ന കടുത്തമത്സരം നേരിടാൻ കെ.എസ്.ഇ.ബിക്ക് നിരക്കുകൾ കുറയ്ക്കേണ്ടിവരും. അത്തരം കാര്യങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം പാസായാൽ വൈദ്യുതി ബോർഡ് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. വിതരണ രംഗത്ത് ബോർഡിൽ ഇപ്പോൾ 28000 ജീവനക്കാരുണ്ട്.അവരുടെ ഭാവിയടക്കമുള്ള കാര്യങ്ങൾ വിഷയമാകും.ഇതു സംബന്ധിച്ച് കേന്ദ്രം കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തെഴുതിയിട്ടുണ്ട്.ജീവനക്കാരുടെ പെൻഷൻ ഫണ്ട് കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
നിർമ്മാണ ഘട്ടത്തിലുള്ള ഇരുപതോളം ജലവൈദ്യുത പദ്ധതികളിൽ ആറെണ്ണം വേഗം പൂർത്തിയാക്കും. ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ നിർമ്മാണവും എത്രയും വേഗം ആരംഭിക്കും.പുരപ്പുറം സോളാർ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയുള്ള കുസും സോളാർ പദ്ധതിയും സജീവമാക്കും. സോളാർ വൈദ്യുതിക്കായി ഒരു സോളാർ മിഷൻ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.അതേസമയം ആതിരപ്പള്ളിയുടെ കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ ജല വൈദ്യുത പദ്ധതിയും സോളാർ വൈദ്യുതിയും പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാർ നയം. വ്യവസായങ്ങളെ ആകർഷിക്കാൻ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇപ്പോൾ ആവശ്യമുള്ളതിന്റെ എഴുപത് ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ