തിരുവനന്തപുരം: നാടിനെയറിയുന്ന നാട്യങ്ങളില്ലാത്ത നാട്ടുകാരൻ എന്നത് തെരഞ്ഞെടുപ്പ് കാലത്തെ പഴകിതേഞ്ഞ അനൗൺസ്‌മെന്റ് പ്രയോഗമാണെങ്കിൽ മണ്ണിനെയറിയുന്ന നാട്ടുകാരനാണ് ചിറ്റൂരുകാർക്ക് കെ. കൃഷ്ണൻകുട്ടി. മുതിർന്ന നേതാവും ജനപ്രതിനിധിയുമൊക്കെ ആയിരിക്കുമ്പോഴും നഷ്ടപ്പെടാതെ മുറുകെപിടിച്ച കർഷകന്റെ ലാളിത്യം തന്നെയാണ് കൃഷ്ണൻകുട്ടിയെ ചിറ്റൂരുകാരുടെ പ്രീയപ്പെട്ടവനാക്കിയത്.

കർഷകമണ്ഡലമായ ചിറ്റൂരിൽ കൃഷിക്കും ജലസംരക്ഷണത്തിനും ശുദ്ധജലവിതരണത്തിനും സ്വീകരിച്ച നടപടികളാണ് ഒരിക്കൽ കൂടി കൃഷ്ണൻകുട്ടിയെ ജയിപ്പിച്ചതും രണ്ടാം തവണ മന്ത്രികസേരയിലെത്തിച്ചതും. പാലക്കാട് ചിറ്റൂരിൽ കർഷകനായ അദ്ദേഹത്തിനറിയാം വെള്ളത്തിന്റെയും മണ്ണിന്റെയും വില.

കോൺഗ്രസ് പ്രവർത്തകനായാണു കൃഷ്ണൻകുട്ടി പൊതുജീവിതം ആരംഭിച്ചത്. 1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം നിന്നു. പിന്നീടു ജനതാ പാർട്ടിയിലും തുടർന്നു ജനതാദളിലുമെത്തി. 1980 ൽ ചിറ്റൂരിൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ സിപിഐയിലെ പി. ശങ്കറിനെ തോൽപിച്ചു. 1982 ൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. 1987 ൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എ. ചന്ദ്രനോടു തോറ്റങ്കിലും 1991 ൽ ചന്ദ്രനെ തോൽപിച്ചു. പക്ഷേ,1996 മുതൽ 2006 വരെയുള്ള 3 തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിലെ കെ. അച്യുതനോടു തോറ്റു.

2009 ൽ ജനതാദൾ പിളർന്നപ്പോൾ എംപി. വീരേന്ദ്രകുമാർ നേതൃത്വം നൽകിയ വിഭാഗത്തിനൊപ്പം നിന്നു. 2014 ൽ മാത്യു ടി. തോമസ് നേതൃത്വം നൽകിയ ജനതാദളിലെത്തി. 2016 ൽ ചിറ്റൂരിൽ അച്യുതനെ തോൽപിച്ചു. ഇടതു സർക്കാരിന്റെ അവസാന രണ്ടര വർഷം മന്ത്രിയായി. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം.

ഭാര്യ വിലാസിനിക്കും മകൻ നാരായണൻകുട്ടിക്കുമൊപ്പം ചിറ്റൂർ വിളയോടിയിൽ എഴുത്താണി വീട്ടിലാണു താമസം. മറ്റു മക്കൾ: ലത ബാലസായി, കെ.അജയൻ, ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു ഐഎഎസ്.