കൊളോൺ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജർമനിയിലെ പ്രത്യേകിച്ചു കൊളോണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിൽ നാടകമെന്ന അഭിനയകലയുടെ സത്തയുൾക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാർത്തായ കൊളോൺ 'ദർശന തീയേറ്റേഴ്‌സ്' വീണ്ടും അരങ്ങിലെത്തുന്നു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദർശന അണിയിച്ചൊരുക്കുന്ന 'സാഫല്യം' എന്ന നാടകം നവംബർ 4, 11 ശനിയാഴ്ചകളിൽ കൊളോൺ റാഡർത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളിൽ വൈകുന്നേരം 6.30 ന് അരങ്ങേറും.

സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേന്‌പൊടി ചേർത്ത സാമൂഹ്യ സംഗീത നാടകമാണ് സാഫല്യം. നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കേരളത്തിലെ നാടകകൃത്തുകളിൽ പ്രശസ്തനായ ഫ്രാൻസിസ് ടി. മാവേലിക്കരയാണ്. ദർശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നു.

സഹസംവിധാനം ജർമനിയിലെ രണ്ടാംം തലമുറക്കാരനായ ഗ്‌ളെൻസൻ മൂത്തേടൻ നിർവഹിക്കുമ്പോൾ അഭിനേതാക്കളായി ദർശന കുടുംബത്തിലെ അംഗങ്ങൾ വേഷമിടുന്നു.