കോട്ടയം: കെ എം മാണിക്ക് പിന്നാലെയാണ് ഇടതു മുന്നണി. ബാർ കോഴയിൽ കുറ്റവിമുക്തനായാൽ പിന്നെ സിപിഐയ്‌ക്കോ കാനം രാജേന്ദ്രനോ മാണിയെ ഒന്നും ചെയ്യാനാകില്ല. ബാർ കോഴയിൽ മാണി കുറ്റവിമുക്തനാണെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ അവിടെ തീരും കേരളാ കോൺഗ്രസ് നേതാവിന്റെ ദേഹത്ത് പതിച്ച അഴിമതിക്കറ.

അതോടെ മാണിയെ അഴിമതിക്കാരനെന്ന് വിളിക്കാൻ സിപിഐയ്ക്ക് കഴിയില്ല. ഇത്തരമൊരു പദ്ധതിയിലൂടെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനാണ് സിപിഎം നീക്കം. ബാർ കോഴയിൽ കുറ്റവിമുക്തനാക്കിയാൽ കേരളാ കോൺഗ്രസിലും മാണി സർവ്വശക്തനാകും. ഇതോടെ തന്റെ തീരുമാനം നടപ്പാക്കാനും കഴിയും. ഇത് തിരിച്ചറഞ്ഞ് മാണിയെ കൂട്ടാൻ യുഡിഎഫും കളം നിറച്ച് രംഗത്തുണ്ട്. ബിജെപിക്കും ന്യൂനപക്ഷത്തെ മോദിയോട് അടുപ്പിക്കാൻ മാണിയെ വേണമെന്നതാണ് അവസ്ഥ.

മാണിക്ക് കൊടുക്കാനുള്ള പാക്കേജെല്ലാം സിപിഎം തയ്യാറാക്കി കഴിഞ്ഞു. സിപിഐയുടെ എതിർപ്പാണ് പ്രശ്‌നം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് എല്ലാത്തിലും വ്യക്തത വരുത്താനാണ് സിപിഎം ശ്രമം. ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസിന്റെ പാരമ്പര്യ വോട്ട് കിട്ടിയാൽ സിപിഎമ്മിന് ജയിക്കാനാവും. ത്രിപുരയിലെ തോൽവിയോടെ ചെങ്ങന്നൂരിൽ ജയം സിപിഎമ്മിന് അനിവാര്യമാണ്. ഇതിന് വേണ്ടി മാണിയെ കൂടെക്കൂട്ടാനാണ് സിപിഎം നീക്കം.

കോൺഗ്രസിനും മധ്യ കേരളത്തിലെ മാണിയുടെ ശക്തി നന്നായി അറിയാം. ഈ സാഹചര്യത്തിൽ മാണിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസും സജീവമായുണ്ട്. ഉമ്മൻ ചാണ്ടി നേരിട്ടാണ് കരുക്കൾ നീക്കുന്നത്. മാണിയുടെ മകൻ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിസഭയിലെടുത്ത് മാണിയെ എൻഡിഎയിൽ എത്തിക്കാൻ ബിജെപിയും. അങ്ങനെ രണ്ട് സർക്കാരുകൾ കുറ്റവിമുക്തനാക്കിയതോടെ മാണിക്ക് മുന്നിൽ പലവിധ രാഷ്ട്രീയ സാധ്യതകൾ തുറക്കുകയാണ്.

മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മാണിക്കെതിരെ ശാസ്ത്രീയതെളിവോ സാഹചര്യത്തെളിവോ ഇല്ലാത്ത സാഹചര്യത്തിൽ കേസിലെ തുടർനടപടി അവസാനിപ്പിക്കാൻ അനുവദിക്കണമെന്നു വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ പറയുന്നു. ഇതു മൂന്നാം തവണയാണു മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകുന്നത്. അന്തിമ റിപ്പോർട്ട് സ്വീകരിക്കണോ തള്ളണോയെന്നു കോടതിയാണു തീരുമാനിക്കുക. മാണിയെ ഇടതു പാളയത്തിലേക്ക് അടുപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെ വിജിലൻസിന്റെ നടപടി ശ്രദ്ധേയമായി.

ഇതോടെ കഴിഞ്ഞ സർക്കാരിനെ പിടിച്ചുലച്ച ബാർ കോഴക്കേസ് ഇതോടെ നനഞ്ഞ പടക്കമായി. ബാർ ലൈസൻസ് പുതുക്കിക്കൊടുക്കുന്നതിനു ബാർ ഉടമകൾ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിനു തെളിവില്ലെന്നാണ് അന്തിമ റിപ്പോർട്ട്.