തൃശൂർ: സിപിഎം സമ്മേളന വേദിയിൽ ഒരു കസേരയുടെ അകലത്തിൽ കെ എം മാണിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. മാണിയെ മുന്നണിയിൽ എടുക്കുന്നതിനോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് ഇരുവരും വേദി പങ്കിട്ടത്. ഇരുവർക്കും നടുക്കായി കടന്നപ്പള്ളി രാമചന്ദ്രനാണ് നിലയുറപ്പിച്ചിരിക്കുന്നത്.

മാണിയെ മുന്നണിയിൽ എടുക്കുന്നതിന് എതിരായ നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിനിടെയാണ് ഇരുവരും വേദി പങ്കിട്ടത്. ഇടതു മുന്നണിയിലേക്കെന്ന നിലപാടാണ് ഇതുവരെ കെ എം മാണി സ്വീകരിച്ചു പോന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുന്നണി വിപുലീകരണത്തിന് പച്ചക്കൊടി ലഭച്ചിട്ടുണ്ട്. എന്നാൽ, ആദ്യം മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യം. കൂടാതെ മുന്നണിയിലെ ഘടക കക്ഷികളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെന്ന നിലപാട് സ്വീകരിച്ചത് സിപിഐയെ വരുതിയിലാക്കാൻ വേണ്ടിയായിരുന്നു.

കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നും എൽഡിഎഫിലേക്ക് വരുന്നത് അതിനു ശേഷം ചർച്ച ചെയ്യുമെന്നും സിപിഎം നേതാവും മുൻ എംപിയുമായ എ.വിജയരാഘവനാണ് അറിയിച്ചത്. യുഡിഎഫ് വിട്ടതിനു ശേഷമുള്ള തന്റെ രാഷ്ട്രീയ നിലപാട് കെ.എം. മാണി വ്യക്തമാക്കിയിട്ടില്ല. നിയമസഭയിൽ പ്രത്യേകം വിഭാഗമായിരിക്കും എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം മാണിയെ കൂടെ കൂട്ടുന്നത് മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാണി സ്വന്തം നിലപാട് വ്യക്തമാക്കുന്നത് വരെ കെ.എം. മാണി ഇടതുപക്ഷ മുന്നണിയിലേക്ക് ചേക്കേറുന്നു എന്നുള്ള വാർത്തകൾ തികച്ചും സാങ്കൽപ്പികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാണിയുടെ കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് അഭിപ്രായം പറയേണ്ടത്. അക്കാര്യത്തിൽ ഒരു ഘടകകക്ഷി മാത്രം അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, ഇത് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എളമരം കരീം പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണിയെ ദുർബലപെടുത്തിയാണ് മാണി പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മാണിയെ കൂടെ നിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുന്നത് എതിർക്കുന്നവരിൽ നിന്നാണ് ഇത്തരം ചർച്ചകൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എൽഡിഎഫ് തീരുമാനിക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.