കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാവ് കെ.എം മാണി.

സഭ ആരംഭിച്ചയുടൻ മാണി തന്റെ സംശയം പ്രകടിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചർച്ച ചെയ്യേണ്ടതുണ്ടോ, കൂടാതെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

താൻ പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമപ്രശ്നമുണ്ടെന്നും മാണി വിശദീകരിച്ചു. ഈ ആക്റ്റിലെ 1(3) അനുസരിച്ച് കേന്ദ്ര വിജ്ഞാപനം വഴി ആക്റ്റിലെ വ്യവസ്ഥകൾ വിവിധ രീതികളിൽ, വിവിധ സംസ്ഥാനങ്ങളിൽ ബാധകമാക്കാൻ വ്യവസ്ഥ ചെയ്യുന്നു. പ്രശ്നം ഈ ആക്റ്റിൽ ആറ് അധ്യായങ്ങളിലായി 41 വകുപ്പുകളാണുള്ളതെന്നും കെ.എം മാണി സഭയിൽ പറഞ്ഞു.

എന്നാൽ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചർച്ച ചെയ്യാമെന്നും സ്പീക്കർ മറുപടി നൽകി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിന്മേൽ സഭയിൽ ചർച്ച നടക്കുകയാണ്. രണ്ടു മണിക്കൂറാണ് ചർച്ച. ചർച്ചയക്കൊടുവിൽ പ്രമേയം പാസാക്കും.