കൊച്ചി: സംസ്ഥാന ഭരണത്തെ വിവാദത്തിലാക്കിയ ബാർകോഴ കേസിന് പിന്നിലെ പിന്നാമ്പുറം തുറന്നു പറഞ്ഞ് വ്യവസായി ബിജു രമേശ്. കെ എം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറി വരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നു തരാമെന്ന് സിപിഎം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ സിപിഎം തന്നെ വഞ്ചിച്ചുവെന്നും വെളിപ്പെടുത്തിയാണ് ബിജു രമേശ് രംഗത്തെത്തിയത്. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നുനൽകാമെന്ന് വാഗ്ദാനം നൽകിയതെന്നാണ് ബിജു രമേശ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടാണ് ഉറപ്പുനൽകിയത്. വി എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറന്നാൽ മതിയെന്ന സർക്കാർ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ, തുറക്കാവുന്ന ബാറുകളും തുറക്കാതെ പൂട്ടിയിരിക്കയാണ് അദ്ദേഹം.

ബാർകോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാൻ തയാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ് പറഞ്ഞു. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താൻ തന്നെ പ്രോൽസാഹിപ്പിച്ചവർ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.

തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാർകോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രീയ പിന്തുണ കൊടുത്താൽ മാണിക്കെതിരെ തെളിവു നൽകാൻ ബാറുടമകൾ തയാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കൾ തന്നെ സമീപിച്ചതു പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാൻ സിപിഎം തയാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു.

ബിജു രമേശിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബാർകോഴ കേസിൻെ പശ്ചാത്തലത്തിൽ സിപിഎം ശരിക്കും വെട്ടിലായിരിക്കയാണ്. തിരഞ്ഞെടുപ്പ് കാലത്തടക്കം യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ കൂടിയാണ് കോഴക്കേസിൽ നെടുംതൂണായി പ്രവർത്തിച്ച ബിജു രമേശ് ഇപ്പോൾ ശരിവയ്ക്കുന്നത്. വെളിപ്പെടുത്തൽ കോടിയേരിയെ അടക്കം നേരിട്ട് സംശയത്തിന്റെ നിഴലിൽ ആക്കുന്നതാണ്. കെ എം മാണിയുടെ കേസ് ഇല്ലാതാക്കി എൽഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ തന്നെയാണ് ബിജു രമേശ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.