തിരുവനന്തപുരം: ബാർ കോഴക്കേസിൽ നിന്നും കെ എം മാണി കുറ്റവിമുക്തനാകുന്നത് വീണ്ടും നീളുന്നു. മാണിക്കെതിരെ തെളിവില്ലെനന് കാണിച്ച് വിജിലൻസ് എസ്‌പി സുകേശൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ വാദം കേൾക്കുന്നത് അടുത്തമാസം അഞ്ചാം തീയ്യതിയിലേക്ക് മാറ്റിവച്ചു. പരാതിക്കാരനായ ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റേയും കേസിലെ കക്ഷികളുടേയും ആക്ഷേപം കേട്ടശേഷമായിരിക്കും വിജിലൻസിന്റെ റിപ്പോർട്ട് സ്വീകരിക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

ഇന്ന് കേസ് പരിഗണിച്ച റിപ്പോർട്ട് പരിഗണിക്കുന്നത് മാറ്റുന്നതായി കോടതി അറിയിക്കുകയായിരുന്നു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്നതിനാൽ അദ്ദേഹത്തിന് എതിരേയുള്ള തുടർനടപടികൾ റദ്ദാക്കണമെന്നുമാണ് വിജിലൻസ് എസ്‌പി: സുകേശൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരുടെ വാദം കേൾക്കരുതെന്നാണ് ആവശ്യം. അതിനിടെ, വിജിലൻസ് ഭയപ്പെടുന്നത് ആരെയാണെന്ന് വി എസ്സിന്റെ അഭിഭാഷകൻ കോടതിയിൽ ആരാഞ്ഞു. എതിർസത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷം മാർച്ച് അഞ്ചിന് വീണ്ടും വിഷയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ആക്ഷേപങ്ങളെല്ലാം പരിഗണിച്ചശേഷം തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.