കോട്ടയം: വിമർശിച്ചവർ തന്നെ ഇപ്പോൾ ഞങ്ങൾ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നുവെന്നും സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചർച്ചയെന്നും കെ.എം മാണി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാഹചര്യങ്ങൾ കണക്കിലെടുത്ത് മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാടുകൾ സ്വീകരിക്കുമെന്നും കേരള കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എം. മാണി മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് വിട്ടതോടെ ഞങ്ങളുടെ കഥ അവസാനിച്ചുവെന്നല്ലേ പലരും കരുതിയത്. എന്നാൽ വിമർശിച്ചവർ തന്നെ ഇപ്പോൾ ഞങ്ങൾ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നു. സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചർച്ച. കേരള കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ചായിരിക്കുമെന്നും മാണി സൂചിപ്പിച്ചു.

ഒരു മുന്നണിയുമില്ലാതെ സ്വതന്ത്രമായി നിലനിൽകാനാകുമെന്ന് ഞങ്ങൾ തെളിയിച്ചില്ലേ. വേണമെങ്കിൽ ഇങ്ങനെ തന്നെ ലോകാവസാനം വരെ തുടർന്ന് പോവുമെന്നും മാണി പറഞ്ഞു. 50 വർഷമായി പൊതുരംഗത്തുള്ള തന്നെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും കേരള കോൺഗ്രസിന്റെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.

മുമ്പേ മുന്നണി പ്രവേശനത്തിൽ സമ്മർദത്തിനു വഴങ്ങി തീരുമാനമെടുക്കില്ലെന്ന് കെ.എം.മാണി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു മാണിയുടെ പരാമർശം.