കോട്ടയം: സിപിഎമ്മിനും ബിജെപിക്കും കെ എം മാണിയെ വേണമെന്ന അവസ്ഥയിലേക്ക് മാറുകയാണ് കേരള രാഷ്ട്രീയം. മാണിയുടെ ഇടതു പ്രവേശന സാധ്യത തള്ളാതെ സിപിഎമ്മും ഉപദേശവുമായി ബിജെപിയും രംഗത്ത് വന്നു. ഇടതുമുന്നണിയിലേക്കു പോയാൽ കെ.എം.മാണിക്ക് എടുക്കാത്ത ഓട്ടക്കാലണയുടെ വിലയേ ഉണ്ടാകൂ എന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറയുന്നു. അതിനിടെ യു.ഡി.എഫ് വിട്ട് സമദൂര നിലപാടുമായി നിൽക്കുന്ന കേരള കോൺഗ്രസ് എമ്മിനെ വശത്താക്കാൻ ഇടതു പക്ഷത്തിന്റെയും എൻ.ഡി.എയുടെയും ഇടനിലക്കാരിറങ്ങി. ഇടതുമുന്നണിയിലേക്കു പോയ ഫ്രാൻസിസ് ജോർജിനും ബാലകൃഷ്ണപിള്ളയ്ക്കും ഓട്ടക്കാലണയുടെ വിലപോലും ഇപ്പോഴില്ല. ഇതുപോലെതന്നെയാകും മാണിയുടെയും അവസ്ഥ. വോട്ടിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണു കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ടാണു കോടിയേരി ഇപ്പോൾ മാണിയോടു മൃദുസമീപനം കാണിക്കുന്നതെന്നും ബിജെപി പറയുന്നു.

എന്നാൽ യുഡിഎഫ് വിട്ട കെ.എം.മാണിക്കു പ്രതീക്ഷ നൽകി സമാധാനിപ്പിച്ചു നിർത്താൻ സിപിഐ(എം) തീരുമാനം. അവരെ സ്വാഭാവിക മരണത്തിനു വിട്ടാൽ മതിയെന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണമാണു പാർട്ടി നയം ഇന്നലെത്തന്നെ വ്യക്തമാക്കുന്നതിനു പ്രേരണയായത്. ഇടതുപക്ഷത്തിനായി സ്‌കറിയാ തോമസാണ് മാണിയുമായി ചർച്ച നടത്തുന്നത്. ഇടതു മുന്നണിയോടൊപ്പമുള്ള കേരള കോൺഗ്രസിന്റെ ചെയർമാൻ സ്‌കറിയാ തോമസ് ഒരു വശത്തും എൻ.ഡി.എയിലുള്ള കേരള കോൺഗ്രസ് വിഭാഗം ചെയർമാൻ പി.സി. തോമസ് മറുവശത്തുമായാണ് കരുനീക്കം തുടങ്ങിയത്. 'മാണി ഗ്രൂപ്പിന് ഇനി യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും. അണികളെ വിശ്വസിപ്പിക്കാനാവില്ല. എൻ.ഡി.എയിലേക്കു പോയാൽ പാർട്ടി പിളരും. ഈ സാഹചര്യത്തിൽ ഇടതുമുന്നണിയാണ് ശരണം. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയിൽ ഇതിന് മുൻകൈയെടുക്കുമെന്നും പ്രാരംഭ ചർച്ച നടത്തിയതായും' സ്‌കറിയാ തോമസ് പറഞ്ഞു. യു.ഡി.എഫ് വിടാനുള്ള തീരുമാനം ചരൽക്കുന്ന് ക്യാമ്പിൽ എടുക്കും മുമ്പേ മാണി ഗ്രൂപ്പിലെ ഒരുന്നത നേതാവ് താനുമായി ആശയവിനിമയം നടത്തിയിരുന്നതായി സ്‌കറിയാ തോമസ് വ്യക്തമാക്കി.

ബിജെപിക്ക് വേണ്ടി കരുക്കൾ നീക്കുന്നത് പിസി തോമസാണ്. 'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു തന്നെ എൻ.ഡി.എ നേതാക്കളുമായി മാണി ഗ്രൂപ്പ് നേതാക്കൾ ചർച്ച നടത്തിയതായി അറിയാം. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാണി ഗ്രൂപ്പിനെ എൻ.ഡി.എയിലെത്തിക്കാൻ ആവശ്യമെങ്കിൽ തന്നാൽ കഴിയുന്നത് ചെയ്യു'മെന്ന് പി.സി. തോമസ് അറിയിച്ചു. 'ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി മാണി ഗ്രൂപ്പ് നേതാവ് ചർച്ച നടത്തിയത് ആരും നിഷേധിച്ചിട്ടില്ല. കേന്ദ്ര സർക്കാരിൽ അർഹമായ പ്രാതിനിദ്ധ്യം മാണി ഗ്രൂപ്പിനു കിട്ടുമെന്നതിനാൽ എൻ.ഡി.എ പ്രവേശനം അടഞ്ഞ അദ്ധ്യായമായി കാണുന്നില്ല. കത്തോലിക്കാ ബിഷപ്പുമാർക്ക് ബിജെപിയോട് ഇപ്പോൾ അങ്ങനെ അയിത്തമൊന്നുമില്ല. മാണി ഗ്രൂപ്പിനോടും ബിഷപ്പുമാർക്ക് വലിയ പ്രതിപത്തിയില്ല. ഈ സാഹചര്യത്തിൽ മാണി ഗ്രൂപ്പിന്റെ എൻ.ഡി.എ പ്രവേശനത്തിന് ഏറെ സാദ്ധ്യതയാണ് കാണുന്നതെ'ന്നും പി.സി. തോമസ് കൂട്ടിച്ചേർത്തു.

അതിനിടെ കേരളാ കോൺഗ്രസി (എം) നും കെ.എം. മാണിക്കും പ്രതീക്ഷനൽകി സിപിഎമ്മിന്റെ പുതിയ സമീപനവും ചർച്ചയാവുകയാണ്.. യു.ഡി.എഫ്. വിട്ട മാണി ബിജെപി പാളയത്തിലേക്ക് നീങ്ങുന്നത് തടയുകയെന്നതാണ് ഈ മൃദുസമീപനത്തിന് പിന്നിൽ.കെ.എം. മാണിയുമായി പൊതുപ്രശ്‌നങ്ങളിൽ സഹകരിക്കാമെന്ന സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം ഈ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് സൂചന. എന്നാൽ മാണിയെ ഇടതുമുന്നണിയിലേക്ക് തുറന്ന് സ്വാഗതം ചെയ്യാൻ കോടിയേരി തയ്യാറായിട്ടില്ല. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് കേരളാ കോൺഗ്രസ് (എം) കർഷകരുടെ പ്രശ്‌നമുയർത്തി സമരത്തിനിറങ്ങുമെന്നും അതുവഴി സഹകരണം വളർത്താമെന്നും സിപിഐ(എം). കണക്കുകൂട്ടുന്നുണ്ട്. ഇതിന് കെ.എം. മാണി തയ്യാറായില്ലെങ്കിൽ കർഷകപ്രശ്‌നമുയർത്തി കേന്ദ്രവിരുദ്ധസമരവുമായി ഇടതുമുന്നണി തന്നെ രംഗത്ത് വരാനുമിടയുണ്ട്. ഇതിലേക്ക് കേരളാ കോൺഗ്രസിന്റെ അണികളെ ആകർഷിക്കാമെന്നും സിപിഐ(എം). കണക്കു കൂട്ടുന്നുണ്ട്.

എന്നാൽ മാണിയുമായുള്ള സഹകരണം ഇടത് നേതൃത്വത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ടാണ് കോടിയേരി അവരുമായി സഹകരണ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. പക്ഷേ, ആ പാർട്ടിക്ക് ഇനി പ്രസക്തിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി 'മാതൃഭൂമി' യിലെഴുതിയ ലേഖനത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.ഇതുസംബന്ധിച്ച സിപിഐ. നിലപാടും പ്രധാനമാണ്. മാണിയുമായുള്ള സഹകരണത്തെ സിപിഐ. അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. എന്നാൽ പൊതുവായ പ്രശ്‌നങ്ങളിലും കേന്ദ്രവിരുദ്ധ സമരങ്ങളിലും കെ.എം.മാണിയുടെ പാർട്ടിക്കു വേണമെങ്കിൽ എൽഡിഎഫിനോടു സഹകരിക്കാമെന്നു കോടിയേരി ബാലകൃഷ്ണൻ പറയുന്നു. സെപ്റ്റംബർ രണ്ടിനു ട്രേഡ് യൂണിയനുകളുടെ കേന്ദ്രവിരുദ്ധ സമരത്തിൽ അവർക്കു വേണമെങ്കിൽ അണിചേരാം. എന്നാൽ മാണിയെ എൽഡിഎഫിലെടുക്കുക എന്ന അജൻഡ മുന്നിൽ ഇല്ല. ഇപ്പോൾ ഞങ്ങൾക്കു 91 എംഎൽഎമാരുണ്ട്. മാണിയുടെ ആറുപേരെ ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു മാണിയെ എൽഡിഎഫിലെടുക്കാൻ ആലോചിക്കുന്നുവെന്ന് എഴുതേണ്ടതില്ല. അക്കാര്യം ആലോചിക്കുന്നതേയില്ലെന്നും പറയുന്നു.

ഉപ്പ് തിന്നവർ വെള്ളം കുടിക്കും. കേസ് വിജിലൻസ് സ്വതന്ത്രമായി അന്വേഷിക്കും. യുഡിഎഫ് വിട്ടത് ആ അന്വേഷണത്തെ ബാധിക്കില്ല. മാണിയും പി.ജെ. ജോസഫും നേരത്തെ എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ചവരും വിട്ടുപോയവരുമാണ്. യുഡിഎഫിൽ അവർക്കു കയ്പാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ജീർണതയുടെ ഭാഗമായിരുന്നവരാണ് അവർ. ആ ജീർണതയിൽ നിന്നു മോചനം നേടാൻ കൂടിയാണു പുറത്തുവന്നിരിക്കുന്നത്. ഇനി അവരുടെ നിലപാടുകളാണു പ്രധാനം. എൻഡിഎയിലേക്കു പോകാനാണു പരിപാടിയെങ്കിൽ മാണിയും മകനും മാത്രമേ കാണൂ-കോടിയേരി പറയുന്നു. യുഡിഎഫിന്റെ തകർച്ച മുതലെടുക്കാൻ ബിജെപി ശ്രമിക്കും. അതിന് അവസരം നൽകാതെ ജാഗ്രതയോടെ പ്രവർത്തിക്കും. മാണിയെ മുഖ്യമന്ത്രിയാക്കാൻ ഒരു ഘട്ടത്തിലും എൽഡിഎഫ് ആലോചിച്ചിട്ടില്ല. ഉപജാപത്തിലൂടെ യുഡിഎഫിനെ താഴെയിറക്കി അധികാരത്തിലേറാനില്ലെന്നാണു കഴിഞ്ഞ സർക്കാരിന്റെ തുടക്കം മുതൽ സ്വീകരിച്ച സമീപനമെന്നു കോടിയേരി പറഞ്ഞു.

ആധുനിക കേരളത്തിന്റെ രാഷ്ട്രീയത്തിൽ തീരെ പ്രസക്തിയില്ലാത്ത കേരള കോൺഗ്രസിനെ സ്വാഭാവിക മരണത്തിനു വിടുകയാണു വേണ്ടതെന്നാണ് ഇന്നലെ ഒരു ലേഖനത്തിൽ ബേബി അഭിപ്രായപ്പെട്ടത്. മാണി എൻഡിഎയിലേക്കോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സിപിഎമ്മിനോ, എൽഡിഎഫിനോ ഒരു താൽപര്യവും ഇല്ലാത്ത പോലെ, കേരള രാഷ്ട്രീയത്തിൽ തന്നെ പ്രസക്തി നഷ്ടപ്പെട്ട വിഭാഗമായി കേരള കോൺഗ്രസിനെ എഴുതിത്ത്തള്ളുകയാണു ബേബി ചെയ്തത്. അതിന് പിന്നാലെയായിരുന്നു കാര്യങ്ങൾ വിശദീകരിച്ച് കോടിയേരി എത്തിയത്.