തിരുവനന്തപുരം: ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിക്കാൻ മടിച്ചു നിൽക്കുന്ന കെ എം മാണിയുടെ മനസ് എൽഡിഎഫിന് ഒപ്പമെന്ന് തന്നെ സൂചന. നോക്കുകൂലി നിരോധനത്തിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തിയാണ് മാണിയുടെ ലേഖനം. കേരള കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിൽ എഴുതിയ ലേഖനത്തിലാണ് മാണി മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്.

പിണറായി സർക്കാരിന്റെ നോക്കുകൂലി നിരോധന ഉത്തരവ് സംസ്ഥാനത്ത് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയത്തിന് കാരണമാകുമെന്നാണ് കെ.എം മാണി ലേഖനത്തിൽ പറയുന്നത്. നോക്കുകൂലിക്കെതിരെ സമൂഹത്തിൽ രൂപപ്പെട്ടുവരുന്ന കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിയെ നോക്കുകൂലി നിരോധനത്തിലേക്ക് എത്തിച്ചത്. പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതും കെ എം മാണി ലേഖനത്തിൽ എടുത്തു പറയുന്നു.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫ് നേതാക്കൾ ഒന്നടങ്കം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പിണറായി വിജയനെയും സർക്കാരിനെയും പുകഴ്‌ത്തി അദ്ദേഹം ലേഖനം എഴുതിയത്. ഇതോടെ, ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്ന് വ്യക്തമായി.

നാളെ ചേരുന്ന പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ ഇടത് മുന്നണിക്ക് പിന്തുണ നൽകുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. മാണിയുടെ ഇടതുപക്ഷ പ്രവേശനം സജീവമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സിപിഐ ഈ നീക്കത്തെ എതിർക്കുന്നുണ്ട്. അഴിമതിയുടെ കറയുള്ള ഒരാളെ മുന്നണിയിൽ അണിചേർക്കേണ്ടെന്ന നിലപാടാണ് ഇക്കാര്യത്തിൽ സിപിഐക്കുള്ളത്. ചെങ്ങന്നൂരിൽ നടക്കുന്ന ഉപതരെഞ്ഞെടുപ്പിന് ശേഷം മാണിയുടെ മുന്നണി വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.