- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാലായിൽ കെ എം മാണി എപ്പോഴും ജയിക്കുന്നത് എന്തുകൊണ്ട്...?
കേരളം മുഴുവൻ മാറിച്ചിന്തിച്ചിട്ടും പാലാക്കാർക്കു മാത്രം എന്തു പറ്റി എന്നാണ് പലരും ചോദിക്കുന്നത്. പാലായുടെ ഒരു പൊതുസ്വഭാവം പിടികിട്ടാത്തതുകൊണ്ടാണ് അത്. പാലായെ മാണി പ്രണയിച്ചു വശംകെടുത്തുന്നതുകൊണ്ടാണ് പാലാക്കാർ അരനൂറ്റാണ്ടായി മാണിയെ മാത്രം പിന്തുണയ്ക്കുന്നത് എന്നാരും കരുതരുത്. പ്രണയത്തിന്റെ കണിക പോലുമില്ലാതെ നടന്ന ശൈശവ വിവ
കേരളം മുഴുവൻ മാറിച്ചിന്തിച്ചിട്ടും പാലാക്കാർക്കു മാത്രം എന്തു പറ്റി എന്നാണ് പലരും ചോദിക്കുന്നത്. പാലായുടെ ഒരു പൊതുസ്വഭാവം പിടികിട്ടാത്തതുകൊണ്ടാണ് അത്. പാലായെ മാണി പ്രണയിച്ചു വശംകെടുത്തുന്നതുകൊണ്ടാണ് പാലാക്കാർ അരനൂറ്റാണ്ടായി മാണിയെ മാത്രം പിന്തുണയ്ക്കുന്നത് എന്നാരും കരുതരുത്. പ്രണയത്തിന്റെ കണിക പോലുമില്ലാതെ നടന്ന ശൈശവ വിവാഹം വാർധക്യത്തിലും നിലനിൽക്കുന്നപോലൊരു അവസ്ഥയാണത്. അതിനു കാരണം പാലാക്കാരുടെ സവിശേഷതകളാണ്.
- പാലായ്ക്കു പുറത്തൊരു ലോകമുണ്ട് എന്നു ഞങ്ങൾ മനസ്സിലാക്കുന്നത് ബന്ധുക്കളെ കൂട്ടാനും വിടാനുമായി നെടുമ്പാശേരി എയർപോർട്ടിലും ബിസിനസ് ആവശ്യങ്ങൾക്കായി മറ്റു സ്ഥലങ്ങളിലും പോകുമ്പോഴാണ്. അപ്പോഴും രാഷ്ട്രീയപരമായോ, സാംസ്‌കാരികപരമായോ പാലാ അല്ലാതെ മറ്റു ദേശങ്ങൾ നിലനിൽക്കുന്നതായി ഞങ്ങൾക്കു തോന്നാറില്ല. പാലാക്കാർ ഒഴികെയുള്ള എല്ലാവരും ഞങ്ങൾക്കു കീഴ്ജാതിക്കാരാണ്.
- കർത്താമീശോമിശിഹായും മാർപ്പാപ്പയും (ഇപ്പോഴത്തെ മാർപ്പാപ്പ അല്ല) കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്കു മാണിസാർ ആണ് ഇംപോർട്ടന്റ്. സ്‌കൂളിൽ 10 വർഷം പഠിപ്പിച്ച സാറുമ്മാരുമായി പോലും എടാ-പോടാ ബന്ധം ആണു ഞങ്ങൾക്കിഷ്ടം. പക്ഷെ, ഒരക്ഷരം പോലും പഠിപ്പിക്കാത്ത മാണിസാർ എന്നും എപ്പോഴും മാണിസാറാണ്. മാണി സാറിന്റെ കൂട്ടുകാരനെന്ന പരിഗണന മാത്രമേ ഉമ്മൻ ചാണ്ടിയോടു പോലുമുള്ളൂ.
- പള്ളീൽപ്പോയി കുർബാന സ്വീകരിക്കുന്നതുപോലെ തന്നെ ഒരു വിശുദ്ധകർമം ആണ് തിരഞ്ഞെടുപ്പുകാലത്ത് പോളിങ് ബൂത്തിൽപ്പോയി രണ്ടില ചിഹ്നത്തിൽ വോട്ടു ചെയ്യുന്നത്. മറ്റു ചിഹ്നങ്ങൾക്കിടയിൽ നിന്നു രണ്ടില കണ്ടെത്തി കുത്താൻ കഴിയുന്നതാണ് പാലായിൽ പ്രായപൂർത്തിയുടെയും പക്വതയുടെയും ലക്ഷണം. അങ്ങനെ ചെയ്യുമ്പോൾ ഇപ്പോഴല്ലെങ്കിൽ മരിച്ചു കഴിയുമ്പോഴെങ്കിലും സ്വർഗരാജ്യം ലഭിക്കും എന്നു ഞങ്ങൾ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലുള്ള പാലാക്കാരെ സ്വാധീനിക്കാമെന്ന മോഹം കൊണ്ടാണ് ജയലളിത രണ്ടില ചിഹ്നത്തിൽ മൽസരിക്കുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
- സ്വർഗവും നരകവും പോലെയാണ് ഞങ്ങൾ പാലായും പൂഞ്ഞാറും കാണുന്നത്. കോട്ടയം വിട്ടാൽ പൂഞ്ഞാറുകാരും 'പാലാക്കാരാ' എന്നു പറയുമെങ്കിലും കോട്ടയത്തിനകത്ത് പാലായും പൂഞ്ഞാറും രണ്ടും രണ്ടാണ്. മാണി സാർ ജോർജ് ബുഷും പി.സി.ജോർജ് സദ്ദാം ഹുസൈനുമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
- റബർ അല്ലാതെ മറ്റൊരു കൃഷിയും ഞങ്ങൾ കൃഷിയായി അംഗീകരിക്കാറില്ല. പശുവിൻ പാലിനെക്കാൾ പരിശുദ്ധമായത് റബർ പാലാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അല്ലെങ്കിലും പാലായിലെ ആണുങ്ങൾ രാവിലെ കട്ടൻ കാപ്പിയും വൈകിട്ടു വിസ്‌കിയുമാണ് കഴിക്കാറുള്ളത്. റബറിന്റെ ഇറക്കുമതി തീരുവ കൂട്ടുന്നതും കുറയ്ക്കുന്നതും മാത്രമാണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടാറുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ.
- വീട്ടിൽ ഒരു സാഹിത്യകാരനോ പാട്ടുകാരനോ ഉണ്ടെങ്കിൽ കാരണവന്മാർ 'അവനൊരു വട്ടനാ' എന്നാണ് പറയാറ്. കാരണം, കൃത്യമായ വരുമാനമുണ്ടാക്കാത്ത എല്ലാ പ്രവർത്തനങ്ങളും ഞങ്ങളെ സംബന്ധിച്ചു വട്ടാണ്.
- വീട്ടിലൊരു കമ്യൂണിസ്റ്റുണ്ടെങ്കിൽ അവനെ മറ്റു കുടുംബാംഗങ്ങൾ ഭീതിയോടെയേ നോക്കാറുള്ളൂ. മറ്റു ബന്ധുവീടുകളിൽ പോകുമ്പോഴും കല്യാണത്തിനും മറ്റും പോകുമ്പോഴും വീട്ടിലൊരു കൊലക്കേസ് പ്രതി ഉണ്ടെന്ന തരത്തിലുള്ള കുറ്റബോധത്തോടെയും ലജ്ജയോടും കൂടിയേ ഞങ്ങൾ നിൽക്കാറുള്ളൂ.
- സാമൂഹികപ്രവർത്തനം, സന്നദ്ധസേവനം തുടങ്ങിയവയൊന്നും ഞങ്ങളുടെ നിഘണ്ടുവിലില്ല. എല്ലാം ഞങ്ങൾക്കു രാഷ്ട്രീയപ്രവർത്തനമാണ്.
- മാണിസാറിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാത്രമേ ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനമായി കാണാറുള്ളൂ. കോൺഗ്രസുകാരനാണെങ്കിൽ പോലും ഞങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന ആളുകളെന്ന നിലയ്ക്കുള്ള പരിഗണനയേ ഉള്ളൂ.
- പാലാക്കാർക്ക് മറ്റുള്ളവരോട് പുച്ഛമാണ്. അതുകൊണ്ട് കേരളം മുഴുവൻ പുച്ഛിച്ചാലും ഞങ്ങൾക്കു പുച്ഛമേയുള്ളൂ.
Next Story