തിരുവനന്തപുരം: ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ ധനമന്ത്രി കെ എം മാണി രാജി വച്ചാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ വെറുതേ വിടുന്ന ലക്ഷണമില്ല. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പെട്ടന്ന് രാജിവെക്കാത്ത മാണിയെ വിമർശിച്ച് വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും ട്രോളുകൾ പ്രവഹിക്കുകയാണ്. ഇതിനിടെ മാണിക്കെതിരായ പരാമർശം ദേശീയ മാദ്ധ്യമങ്ങളിലും വരെ ചർച്ചയായിരുന്നു.

ഫെയ്‌സബുക്ക്, വാട്ട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലും മാണിക്കെതിരായ പരിഹാസത്തിന്റെ പ്രളയമാണ് ഇന്നുണ്ടായത്. എന്തുവന്നാലും രാജിവെക്കരുതെന്ന് പറയുന്ന ട്രോളുകൾക്കൊപ്പം രാജിവെക്കാതെ കടിച്ചു തൂങ്ങുന്ന മാണിയുടെ ട്രോളുകളുമാണ് പ്രവഹിക്കുന്നത്.

കോടതി പറഞ്ഞത് കുറഞ്ഞു പോയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. എന്തിനും തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രിയെയും വെറുതെവിട്ടില്ല. സീസറെയും ഭാര്യയെയും കുറിച്ച് കോടതി പറഞ്ഞതിന് മാണി എന്തിന് രാജിവക്കണമെന്ന് പരിഹാസരൂപത്തിലുള്ള ചോദ്യം. അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു കെഎം മാണി.