കോട്ടയം: അനിശ്ചിതത്ത്വങ്ങൾക്ക് വിരാമമിട്ട് കേരളാ കോൺഗ്രസ് എം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് പ്രഖ്യാപിച്ചു. യുഡിഎഫ് സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് പിന്തുണയുടെ കാര്യത്തിൽ കെ എം മാണി തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിനെ പിന്തുണക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കേരളാ കോൺഗ്രസ് ഉന്നത വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മാണി പിന്തുണച്ചിരുന്നത് യുഡിഎഫിനെ ആയിരുന്നു. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിലും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

പാർട്ടിയിലെ ഭൂരിപക്ഷ വികാരവും യുഡിഎഫിനെ പിന്തുണക്കണം എന്നതാണ്. കോൺഗ്രസ് നേതാക്കളും ഇക്കാര്യം നിരന്തരം അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒരു മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയും യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളാം എന്ന തീരുമാനത്തോട് യോജിച്ചു. അദ്ദേഹം മുൻകൈയെടുത്ത് ഇക്കാര്യം മുതിർന്ന നേതാക്കളോടു സംസാരിക്കുകയും ചെയ്തു. ജോസഫ് വിഭാഗം നേതാക്കൾ തുടക്കം മുതൽ തന്നെ ഈ വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മാണിയാണ് മനസു തുറക്കാതിരുന്നത്. ജോസ് കെ മാണി ഇടപെട്ടതോടെ യുഡിഎഫിനെ പിന്തുണക്കാമെന്ന നിലപാടിലേക്ക് മാണിയും മനസു മാറ്റുകയായിരുന്നു. പാർട്ടി യോഗം കഴിഞ്ഞ് അൽപ്പ സമയത്തിന് ശേഷം നിലപാട് കെ എം മാണി മാധ്യമപ്രവർത്തകരെ അറിയിക്കും.

എൽഡിഎഫിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടത്. ഇതോടെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കളെത്തി. കോടിയേരി ബാലകൃഷ്ണനായിരുന്നു ഇക്കൂട്ടരിൽ മുന്നിൽ. എന്നാൽ, മാണിയെ പരിഹസിച്ചു കൊണ്ടും മാണി അധികപ്പറ്റാണെന്നും പരസ്യമായി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു. ചെങ്ങന്നൂരിൽ പോലും മാണിയുടെ വോട്ട് വേണ്ടെന്ന് കാനം പറഞ്ഞു. എന്നാൽ, ഈ നിലപാടിനെയും തള്ളിപ്പറഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്തെത്തിയത്. തന്നെ കണ്ട് പിന്തുണ തേടിയ കോടിയേരിക്ക് മാണി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ പാർട്ടി തീരുമാനം യുഡിഎഫിന് അനുകൂലമാകുമ്പോൾ മാണി എന്തു പറയും ന്നാണ് അറിയേണ്ടത്.

ചെങ്ങന്നൂരിൽ പ്രചരണത്തിന് എത്തിയ വി എസ് അച്യുതാനന്ദൻ മാണിയെ തള്ളിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയിരുന്നു. അതുകൊണ്ട് ചെങ്ങന്നൂരിൽ തങ്ങൾ നിലപാടു മാറ്റുന്നു എന്നു പറഞ്ഞ് മണി യുഡിഎഫിനെ പിന്തുണക്കാനാണ് ഒരുങ്ങുന്നത്. ഈ വിഷത്തിൽ തന്നെ പിന്തുണച്ചു കൊണ്ട് അധികമാരും എത്തിയില്ലെന്ന പരാതിയും മാണിക്കുണ്ട്. വിഎസിന്റെ വിമർശനം ചൂണ്ടിക്കാട്ടി കോടിയേരിയോടു ഒഴിവുകഴിവുകൾ പറയുകയുമാകാം എന്നാണ് മാണി മനസിൽ കാണുന്നത്. വിഎസിന്റെ വിമർശനം കൂടാതെ സിപിഐയുടെ എതിർപ്പും കൂടി കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഫലിച്ചു. ഇനിയും എൽഡിഎഫ് പ്രവേശനത്തിന്റെ പേരിൽ നാണം കെടാൻ ഇല്ലെന്നാണ് കെ എം മാണി തീരുമാനിച്ചിരിക്കുന്നത്.

ബാർകോഴ കേസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതോടെ ഇനി മുന്നണി രാഷ്ട്രീയം ആകാമെന്നാണ് പാർട്ടി നിലപാടിൽ എത്തിയിരിക്കുന്നത്. എന്തായാലും യുഡിഎഫിലേക്ക് മാണി തിരികെ എത്തുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണക്കും. പതിയെ മാണി മുന്നണിയിലേക്ക് തിരികെ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് വിജയിക്കാമെന്നുമാണ് പൊതുവിലയിരുത്തൽ. ഇന്നലെ യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ എത്തി മാണിയെ കണ്ടതാണ് ഗുണകരമായി മാറിയത്.

ഡി.വിജയകുമാർ മാണിയെ സന്ദർശിച്ചതൊഴിച്ചാൽ കോൺഗ്രസ് നേതൃത്വം ഔപചാരികമായി അദ്ദേഹത്തെ കണ്ടു പിന്തുണ തേടിയിട്ടില്ല. ഇന്നലെ അതുകൂടിയാണു പാലായിൽ സംഭവിച്ചത്. 2016 ഓഗസ്റ്റിലാണു യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ ബന്ധം തീർത്തും വഷളായി. സിപിഐ എതിർക്കുന്നുവെങ്കിലും എൽഡിഎഫ് ബന്ധത്തിനു മാണി തയാറാകുന്നുവെന്ന സൂചന ശക്തമാകുമ്പോഴാണു ലീഗിന്റെ ഇടപെടലും വഴിത്തിരിവും.

അതേസമയം എൽഡിഎഫിലേക്ക് പോയാൽ മുന്നണിയിൽ വീണ്ടും പിളർപ്പുണ്ടാകുമെന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാമെന്ന തീരുമാനത്തിലേക്ക് മാണി എത്തുക. ഇത് അന്തിമ പിന്തുണയല്ലെന്ന് പറഞ്ഞ് സിപിഎമ്മിനെ പിണക്കാതിരിക്കാനും മാണി ശ്രമിച്ചേക്കും. എൽ.ഡി.എഫിനോടുള്ള നിലപാട് സംബന്ധിച്ച് കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിൽ പി.ജെ. ജോസഫ് വിഭാഗം ഇടതുവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും അടക്കമുള്ളവർ പാർട്ടി വിട്ടുപോകുമെന്ന സൂചനയും നൽകി. ഇതാണ് യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളാൻ മാണിയെ പ്രേരിപ്പിച്ചത്.

എൽ.ഡി.എഫിലേക്ക് എത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര സീറ്റ് ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ഇവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അന്ന് മാണി വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ മാണിയെ വീട്ടിൽ പോയി കണ്ടത്. അതേസമയം ഇപ്പോൾ പ്രഖ്യാപിക്കുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച നിലപാടു മാത്രമാണെന്നാണ് കേരളാ കോൺഗ്രസും വ്യക്തമാക്കുന്നത്.

മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങൾ നയപരമായതിനാൽ അതു പിന്നീടേ ഉണ്ടാവുകയുള്ളൂവെന്നും കെ.എം.മാണി പറഞ്ഞു. ഒത്തു തീർപ്പു ഫോർമുലകളൊന്നും ചർച്ചയിലുണ്ടായിട്ടില്ലെന്നും അതിനു സമയമായിട്ടില്ലെന്നും യുഡിഎഫ് നേതാക്കളും മാണിയും ജോസ് കെ. മാണിയും ചർച്ചയ്ക്കുശേഷം അറിയിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയിൽ ഉയർന്നു. ചെങ്ങന്നൂരിലെ നിലവിലെ തിരഞ്ഞെടുപ്പു സ്ഥിതിഗതികളും ചർച്ചയായി. ഇടതുമുന്നണിയിൽ നിന്നുള്ള എതിർപ്പിന്റെ കാര്യങ്ങളും യുഡിഎഫ് നേതാക്കൾ കെ.എം.മാണിയോടു ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ഇതെല്ലാം അദ്ദേഹത്തിന്റെ മനസു മാറ്റി. മാണിയും യുഡിഎഫിലേക്ക് വരുന്നതോടെ ചെങ്ങന്നൂരിൽ യുഡിഎഫ് പ്രചരണം വരും ദിവസങ്ങളിൽ ചൂടുപിടിക്കുമെന്നാണ് വിലയിരുത്തൽ.