കോട്ടയം: യുഡിഎഫ് വിട്ട കെ എം മാണി വീണ്ടും യുഡിഎഫിലേക്ക് തന്നെയെന്ന സൂചനകൾ ശക്തം. കേരളാ കോൺഗ്രസ് എമ്മിനെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിപ്പിക്കാനും അതിന് ശേഷം മുന്നണിയിലേക്ക് ക്ഷണിക്കാനുമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തീവ്ര ശ്രമം നടത്തുന്നത്. യുഡിഎഫിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്രമായി നിൽക്കുന്ന മാണി കോൺഗ്രസിനോട് കടുത്ത വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരായ നിലപാടാണ് ഡിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിപ്രവേശന വിഷയത്തിൽ കടുത്ത എതിർപ്പുമായി വീണ്ടും കോട്ടയത്തെ ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച മാണി വിഭാഗത്തിനെതിരേ കെപിസിസി. പാസാക്കിയ പ്രമേയത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു.

കെ.എം.മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വം തുടരുന്നതിനിടെയാണ് കോട്ടയം ഡി.സി.സി. മാണിയെ വേണ്ടെന്ന നിലപാട് ആവർത്തിച്ചു വ്യക്തമാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരാറുകൾ കോൺഗ്രസ് പാലിക്കുമ്പോൾ കേരള കോൺഗ്രസ് ലംഘിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. എന്നാൽ, മാണിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാലായിൽ രമേശ് ചെന്നിത്തല പങ്കെടുത്ത പൊതുപരിപാടിയിൽനിന്ന് കെ.എം.മാണി വിട്ടുനിന്നിരുന്നു.

അതേസമയം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ കെ എം മാണിയെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ഇരുകകക്ഷികളും ശക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുന്നവർ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ അദ്ദേഹം മൗനം പുലർത്തുകയാണ് ഉണ്ടായത്.

കെ.എം. മാണിയുമായി സഹകരിക്കാനുള്ള നീക്കം ഊർജിതമാക്കി സിപിഎം രംഗത്തുണ്ട്. ഇതിനായി സിപിഐയെ അനുനയിപ്പിക്കാൻ ഇരുപാർട്ടികളുടെയും കേന്ദ്രനേതാക്കൾ ഡൽഹിയിൽ ചർച്ച നടത്തുകയുമുണ്ടായി. എന്നാൽ, മാണി വേണ്ടെന്ന സിപിഐയുടെ ഉറച്ച നിലപാടിൽ ഉടക്കി നിൽക്കുകയാണ്. ചെങ്ങന്നൂരിൽ മത്സരിക്കുന്നത് സി പി എം സ്ഥാനാർത്ഥിയാണ്. മാണിയില്ലാത്തതിന്റെ പേരിൽ ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർത്ഥി തോറ്റാൽ തന്നെ സിപിഐക്കു ഒരു ചുക്കുമില്ലെന്നൊന്നും കാനം പറഞ്ഞിട്ടില്ലെങ്കിലും മാണിയെ വീണ്ടും പ്രകോപിപ്പിച്ച കാനത്തിന്റെ പ്രസ്താവനയെ സി പി എം വായിച്ചെടുക്കുന്നതു ആ അർഥത്തിൽ തന്നെയാണ്. എന്നുവച്ചാൽ നിർണായകമായ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനത്തിന്റെ നടപടി ഉപതിരഞ്ഞെടുപ്പിന് ശേഷം സി പി എം സിപിഐ ബന്ധം കൂടുതൽ വഷളാകും എന്ന സൂചന തന്നെയാണ് നൽകുന്നത്.

ചെങ്ങന്നൂരിൽ മാണിപ്പാർട്ടിക്ക് ഏതാണ്ട് അയ്യായിരത്തോളം വോട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ ത്രിശങ്കുവിൽ നിൽക്കുന്ന കേരള കോൺഗ്രസ് എം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നു ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവിൽ മനസാക്ഷി വോട്ടെന്ന നിലപാടിലാണ് മാണിയെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് കൃത്യമായ ഒരു നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പാർട്ടിയിലെ തന്നെ പി ജെ ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. യു ഡി എഫിലേക്കില്ലെന്ന ഉറച്ച നിലപാട് മാണി സ്വീകരിക്കുമ്പോഴും യു ഡി എഫിനൊപ്പം നിൽക്കണമെന്ന ആവശ്യമാണ് പി ജെയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. എൽ ഡി എഫിലേക്കാണ് നോട്ടമെങ്കിലും മാണിക്ക് മുൻപിൽ ഒരു മഹാമേരുപോലെ സിപിഐ നിൽക്കുന്നുണ്ട്. ഈ പർവതം താണ്ടി എൽ ഡി എഫിലേക്കെത്തിയാൽ തന്നെ ഒരു പിളർപ്പ് ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.