കവിതാ മോഷണ വിവാദത്തിൽ തൃശ്ശൂർ കേരള വർമ്മ കോളേജിലെ അദ്ധ്യാപികയായ ദീപാ നിഷാന്ത് പെട്ടതിന് പിന്നാലെയാണ് വനിതാ മാഗസിൻ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതിന് യുവാവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ സമൂഹ മാധ്യമത്തിലും ഇരുവരേയും കുറിച്ചാണ് പ്രധാന ചർച്ച. ഈ അവസരത്തിലാണ് കെ.എം ഷാജഹാൻ ഫേസ്‌ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ് വൈറലാകുന്നത്.

അദ്ധ്യാപിക കവിത മോഷ്ടിച്ചുവെന്ന് പരസ്യമായി പറഞ്ഞിട്ടും പിണറായിയുടെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പാവപ്പെട്ട ഒരു മനുഷ്യൻ വനിതാ മാഗസീൻ വാട്‌സാപ്പിൽ ഇട്ടതിന് പൊലീസ് അഴിക്കുള്ളിലാക്കുന്നുവെന്നുമാണ് ഷാജഹാന്റെ കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിക്കുന്ന തരത്തിലുള്ള കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

കെ.എം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'മലയാള മനോരമ'യുടെ 'വനിത' മാഗസിന്റെ പി ഡി എഫ് പകർപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്, പത്തനംതിട്ടക്കാരനായ കെ എം സാം എന്ന ഒരു പാവപ്പെട്ടെ യുവാവിനെ കോട്ടയത്ത് പിണറായി വിജയന്റെ പൊലീസ് അറസ്റ്റ് ചെയ്തു.

'വനിത'യുടെ പി ഡി എഫ് പകർപ്പുകൾ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് ഇയാൾ ഫോർവേഡ് ചെയ്തു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം.ഇയാളുടെ കോളേജ് സുഹൃത്തുക്കൾ ചേർന്നുള്ള ബികോം എന്ന ഗ്രൂപ്പിൽ 'വനിത'യുടെ നവമ്പറിൽ പുറത്താക്കിയ രണ്ട് ലക്കങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഐ ടി ആക്ട്, പകർപ്പവകാശനിയമം എന്നിവ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

മറുഭാഗത്ത്, ഒരു കോളേജ് അദ്ധ്യാപിക, താൻ മറ്റൊരാളുടെ പേരിൽ ഉള്ള ഒരു കവിത മോഷ്ടിച്ച് തന്റെ പേരിൽ പ്രസിദ്ധീകരിച്ചു എന്ന് പരസ്യമായി പറഞ്ഞിട്ടും, പിണറായിയുടെ പൊലീസ് ഇവർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല! ആന്ധ്രയിൽ ഇതേ തരത്തിലുള്ള മോഷണം നടത്തിയതിന് ഒരു സർവ്വകലാശാലാ വൈസ് ചാൻസലർ ജയിലിൽ കിടന്നതാണ് എന്നോർക്കണം.

തന്റെ കവിതയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കവിത, പിണറായിയുടെ സ്തുതി പാoകനും, ഭരണഘടന സംരക്ഷിക്കാനായി നാട് നീളെ പ്രസംഗിച്ച് നടക്കുന്ന ആളുമായ യുവാവായ ബുദ്ധിജീവി നൽകിയത് എന്ന്, കോളേജ് അദ്ധ്യാപിക പരസ്യമായി വ്യക്തമാക്കിയിട്ടും അയാൾക്കെതിരെയും ഒരു നടപടിയുമില്ല!

മറ്റൊരു ഇടതുപക്ഷ ബുദ്ധിജീവിയുടെ നിലവാരം കുറഞ്ഞ, തെല്ലും മൗലികമല്ലാത്ത ഒരു ഗവേഷണ സൃഷ്ടിക്കെതിരെ മോഷണമെന്ന ആരോപണം ഉയർന്നപ്പോൾ, അയാളെ പിന്തുണച്ച് കൊണ്ട് ഉന്നതരായ ബുദ്ധിജീവികളുടെ ഒരു പട തന്നെ രംഗത്ത് വരുന്നു!

മറുഭാഗത്ത് ഒരു പാവപ്പെട്ട മനുഷ്യൻ ഒരു വനിതാ മാഗസിന്റെ പി ഡി എഫ് പകർപ്പുകൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തതിന് പിണറായിയുടെ പൊലീസ് ആ യുവാവിനെ തൂക്കിയെടുത്ത് ജയിലഴിക്കുള്ളിലാക്കുന്നു!

എന്തൊരു അസംബന്ധമാണിത്?
എന്തൊരു തോന്ന്യാസമാണിത്?

ഇരട്ടച്ചങ്കനാണത്രെ, ഇരട്ടച്ചങ്കൻ!