- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം ലീഗ് വിട്ടുപോകുന്നവർ ദീനിൽ നിന്നും മതത്തിൽ നിന്നുമാണ് പോകുന്നത്; തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ കാണാം; വഖഫ് സ്വത്തുക്കളുടെ മാലിക് ടി.കെ. ഹംസയല്ല അള്ളാഹുവാണ്; ലീഗിന്റെ വഖഫ് റാലിയിൽ മതം പറഞ്ഞ് കെ എം ഷാജിയുടെ പ്രസംഗം
കോഴിക്കോട്: മുസ്ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ മതം പറഞ്ഞ് കെ എം ഷാജിയുടെ പ്രസംഗം. മുസ്ലിം ലീഗ് വിട്ട് സിപി.ഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നും കെ എം ഷാജി പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥൻ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും ഷാജി പറഞ്ഞു വെച്ചു.
'വഖഫ് സ്വത്തുക്കളുടെ മാലിക് അള്ളാഹുവാണ്. വഖഫിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ. ഹംസ സംഭാവന നൽകിയിട്ടുണ്ട്. അങ്ങനെ നൽകാൻ ടി.കെ. ഹംസക്ക് എന്താണ് അധികാരം. സംഭാവന നൽകുന്നതിൽ തെറ്റില്ല. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അരിയും പഞ്ചസാരയും മറിച്ചുവിറ്റവർക്ക് അത് നൽകിയതാണ് പ്രശ്‌നം. വഖഫിന്റെ സ്വത്ത് വിനിയോഗിക്കുന്നതിൽ നിബന്ധനകളുണ്ട്. അതനുസരിച്ച് മാത്രമെ അവ വിനിയോഗിക്കാവൂ', കെ.എം. ഷാജി പറഞ്ഞു.
ഏതെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഐ.എമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്ലിം കുടുംബങ്ങളിൽ നിന്നും സിപിഐ.എമ്മിലേക്ക് പോയിട്ടുള്ള കുട്ടികൾ മതത്തിൽ നിന്നും കൂടിയാണ് പോയിട്ടുള്ളത്.
ഈ സാഹചര്യം അനുവദിക്കാൻ പാടില്ല. സിപിഐ.എമ്മുമായി ചേർന്ന് പ്രവർത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. മലബാറിലെയും തെക്കൻ ജില്ലകളിലെയും ഈഴവ സമുദായത്തെ നിരീക്ഷിച്ചാൽ അത് മനസ്സിലാകും. തെക്കൻ ജില്ലകളിൽ ഈഴവ സമുദായം വിദ്യാഭ്യാസപരമായി മുന്നേറിയപ്പോൾ മലബാറിലെ ഈഴവർ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നും കെ.എം. ഷാജി പറഞ്ഞു.
അധികാരത്തിൽ വരുമ്പോഴൊക്കെ ഇടതുപക്ഷത്തിന് മുസ്ലിം സുദായത്തോട് എന്താണിത്ര ചൊറിച്ചിലെന്നും കെ.എം. ഷാജി ചോദിച്ചു. സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സർവ്വകലാശാലയിൽ ജോലി ലഭിച്ചത് മുസ്ലിം ലീഗ് പോരാട്ടം നടത്തി നേടിത്തന്ന സാമുദായിക സംവരണത്തിന്റെ ഫലമാണ്. അതിന് നിങ്ങൾക്ക് നന്ദിയില്ലെങ്കിലും ഞങ്ങൾക്ക് അതിൽ പരിഭവമില്ല. വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് അഴിമതി ഇല്ലാതാക്കാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.
എന്നാൽ ഈ നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് ഇന്ന് പി.എസ്.സി. വഖഫ് വിഷയം മുസ്ലിം ലീഗിന്റെ മാത്രം പ്രശ്‌നമല്ല. മുസ്ലിം സമുദായത്തിന്റെ മുഴുവൻ പ്രശ്‌നമാണ്. അതിൽ സുന്നിയും മുജാഹിദുമെല്ലാമുണ്ട്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഐ.എം. ശ്രമിക്കുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ പതാകക്ക് കീഴിൽ നിന്നും സുന്നികളെയും മുജാഹിദുകളെയും വേർതിരിക്കാൻ കഴിയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു.
ഈ വിവാദങ്ങളെല്ലാം ഒരു തരത്തിൽ ഇപ്പോൾ സമുദായത്തിന് ഗുണം ചെയ്തിരിക്കുകയാണ്. എന്താണ് വഖഫ് എന്നും വഖഫ് സ്വത്തിന്റെ വിനിയോഗം എങ്ങനെയാണെന്നും പഠിക്കാൻ ഈ വിവാദങ്ങളെല്ലാം കാരണമായിട്ടുണ്ട്. മാത്രവുമല്ല മാർക്‌സിസവും കമ്മ്യൂണിസവുമെല്ലാം മത വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്നും മനസ്സിലാക്കാനും ഇതുകൊണ്ടായി. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് സിപിഐ.എമ്മും സർക്കാറും ശ്രമിക്കുന്നത്. ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കല്ല ഞങ്ങൾക്കാവശ്യം. നിയമസഭയിൽ നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കെ.എം. ഷാജി കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ