കോഴിക്കോട്:മഹാപ്രളയ കയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കേരളത്തിന്റെ അതി ജീവനത്തെ പുകഴ്‌ത്തുമ്പോഴും പ്രതിപക്ഷ നിലപാടിനെതിരെ വിമർശനവുമായി ലീഗ് എംഎ‍ൽഎ.രംഗത്ത്.അഴീക്കോട് എംഎൽഎ കെ.എം.ഷാജിയാണ് പ്രതിപക്ഷ ദൗത്യം കൂടുതൽ ശക്തമാക്കണമെന്ന് ആവിശ്യമുവായി രംഗത്തെത്തിയത്.തന്റെ ഫേസ് ബുക്ക് പേജിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചതിനോടൊപ്പം പ്രതിപക്ഷ ദൗത്യത്തിന്റെ നിലപാട് കൂടതൽ കർശനമാക്കണമെന്ന് ആവിശ്യമുയർത്തിയത്.

പ്രളയ ദുരന്തത്തിന്റെ ആദ്യഘട്ടം മുതൽ മുഖ്യമന്ത്രിയുടെ കൂടെ പ്രളയ സ്ഥലങ്ങൾ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായത് മുതൽ ഇന്ന് വരെ പ്രതിപക്ഷം കാണിക്കുന്ന അപാരമായ മാന്യതയും മര്യാദയുമുണ്ട്.അത് പ്രതിപക്ഷത്തിന്റെ ദുർബലതയായി ഭരണപക്ഷം കണക്കാക്കുന്നുവെന്നതിന്റെ പ്രഖ്യാപനമാണ് പ്രളയ ദുരന്തത്തിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകില്ലെന്ന ഗവർമെന്റിന്റെ ജനങ്ങളോടുള്ള പച്ചയായ വെല്ലുവിളി. നാട്ടുകാരും പ്രവാസികളും സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും നൽകുന്ന പണം ഒഴുകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്.അതിന്റെ ലക്ഷ്യം പ്രളയക്കെടുതി മാത്രമല്ലെന്ന് തെളിയിക്കപ്പെട്ടതുമാണെന്ന് കെ.എം.ഷാജി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കുത്തേറ്റു തീരുന്ന സിപിഎമ്മുകാരന്റെ കുടുംബത്തിന്റെയും തമ്പ്രാൻ സ്തുതി വാഴ്‌ത്തുന്നവന്റെ കുടുംബത്തിന്റെയുമൊക്കെ ദുരിതാശ്വാസം പോലുള്ള പലതും അതിന്റെ ലക്ഷ്യവും പരിധിയുമാണ്.പ്രളയത്തിൽ ജാതി മത വർഗീയ വികാരങ്ങൾ ഒരു പരിധി വരെ ഒഴുകി കളഞ്ഞിട്ടുണ്ട്.പക്ഷേ ആയിരം പ്രളയം വന്നാലും കഴുകാനാകാത്ത അഴുക്കു പുരണ്ട ലാവ്‌ലിൻ കുഭകോണമടക്കമുള്ള സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ട ഒരു മുഖ്യമന്ത്രിയിൽ നിന്നും സഹ സംഘത്തിൽ നിന്നും നിയമപരമായ സുതാര്യതയില്ലാത്ത സത്യസന്ധമായ ഒരു സാമ്പത്തിക വിനിയോഗം ഉറപ്പ് വരുത്താനാകുമോയെന്നും കുറിപ്പിൽ ചോദിക്കുന്നു.

പ്രതിപക്ഷത്തിന്റെ കണ്ണടച്ച് എന്തം ചെയ്യാമെന്ന ഒരു ധാരണ നിലവിലുണ്ടെങ്കിൽ ഞാനടക്കമുള്ളവർ അത് തിരുത്തേണ്ടതുണ്ട്.കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിൽകുമ്പോഴും അതിന്റെ മറവിൽ തീവെട്ടി കൊള്ള നടത്താൻ സാധ്യതകൾ അവശേഷിച്ചാൽ മൂർച്ചയുള്ള വാക്കുകളിൽ അത് ജനങ്ങളോട് വിളിച്ച് പറയുക തന്നെ ചെയ്യും.അതും പ്രതിപക്ഷത്തിന്റെ ദൗത്യമാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.