- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജനറൽ സെക്രട്ടറിക്ക് പിന്തുണയുമായി കോൺഗ്രസും മുസ്ലിം ലീഗും; ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കമെന്ന് കെ എം ഷാജി; നേതാക്കളെ പ്രതിച്ചേർത്തിട്ടില്ലെന്ന് വിശദീകരിച്ച് ഡൽഹി പൊലീസും
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പിന്തുണയുമായി മുസ്ലിം ലീഗ് നേതാക്കൾ. സീതാറാം യെച്ചൂരിയെ പ്രതിയാക്കി ഡൽഹി കലാപക്കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് കെ.എം ഷാജിയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പരസ്യപിന്തുണ പ്രഖ്യാപിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അതേസമയം, യച്ചൂരിക്ക് പിന്തുണയുമായി കോൺഗ്രസും രംഗത്തെത്തി.
‘പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കം. ഈ ഭരണകൂട ഭീകരതയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ദുരന്തങ്ങളും മഹാമാരികളും സ്വേഛാധിപതികളായ ഭരണാധികാരികൾക്ക് അവരുടെ അടിച്ചമർത്തൽ അജണ്ട നടപ്പിലാക്കാനുള്ള അവസരമാണെന്ന് നിയമസഭയിൽ പ്രസംഗിച്ചത് ഒരിക്കൽ കൂടി ഓർക്കുന്നു.' കെ.എം ഷാജി കുറിച്ചു. ഡൽഹി കലാപവുമായി സീതാറാം യെച്ചൂരിയെ ബന്ധിപ്പിച്ച പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങളും കുറിച്ചു.
സിപിഎം ജനറൽസെക്രട്ടറി സീതാറാം യച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യേഗേന്ദ്രയാദവ്, സാമ്പത്തികവിദഗ്ധ ജയതി ഘോഷ്, പ്രൊഫ അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽറോയ് എന്നിവരുടെ പേരുകളാണ് ഡൽഹി കലാപക്കേസിന്റെ അനുബന്ധ കുറ്റപത്രത്തിലുള്ളത്. നടപടി വിവാദമായതോടെ വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. നേതാക്കളെ പ്രതിച്ചേർത്തിട്ടില്ലെന്നും പ്രതികളുടെ മൊഴിയിലാണ് പേരുകളുള്ളതെന്നും പൊലീസ് വിശദീകരിച്ചു.
ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങണമെന്ന് പൗരത്വ പ്രതിഷേധങ്ങൾക്കിടെ യച്ചൂരിയും യോഗേന്ദ്ര യാദവും ആഹ്വാനം ചെയ്തെന്ന് കേസിൽ പ്രതിസ്ഥാനത്തുള്ള ജാമിയ സർവകലാശാല വിദ്യാർത്ഥിനി ഗുലിഷ ഫാത്തിമയുടെ മൊഴിയാണ് കുറ്റപത്രത്തിലുള്ളത്. മറ്റ് മൂന്നു പ്രമുഖരുടെയും പേരുകൾ കേസിൽ അറസ്റ്റിലായ പിൻജ്രതോഡ് ആക്ടിവിസ്റ്റുകളായ ദേവാങ്കണ കലിത, നട്ടാഷ നർവാൽ എന്നിവരുടെ മൊഴികളിലാണുള്ളത്. അതേസമയം, ഈ മൊഴികളൊന്നും സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനൽകാൻ പ്രതികൾ തയാറായില്ലെന്നും കുറ്റപത്രത്തിലുണ്ട്.
പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽ ഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട്...
Posted by KM Shaji on Saturday, September 12, 2020
മറുനാടന് ഡെസ്ക്