- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം വട്ടം അഴീക്കോട് നിന്ന് മത്സരത്തിനില്ല; കാസർകോഡിനായി സമ്മർദ്ദം ചെലുത്തി കെ.എം.ഷാജി; അഴീക്കോട് കണ്ണൂർ സീറ്റുകൾ കോൺഗ്രസുമായി വച്ചുമാറണമെന്നും ലീഗ് നേതൃത്വത്തോട്; എം വി.നികേഷ് കുമാറിനെ തോൽപിച്ച് മണ്ഡലം നിലനിർത്തിയ ഷാജിക്ക് വിജിലൻസ് കേസ് തലവേദന
കണ്ണൂർ: സിറ്റിങ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ എം ഷാജി. അഴീക്കോടിന് പകരം കാസർകോട് സീറ്റിൽ മത്സരിക്കാനാണ് ഷാജിക്ക് താത്പര്യം. മുസ്ലിം ലീഗ് നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.അഴീക്കോട്, കണ്ണൂർ സീറ്റുകൾ കോൺഗ്രസുമായി വച്ച് മാറുക എന്ന നിർദ്ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുമ്പിൽ വച്ചിട്ടുണ്ട്. കാസർകോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കിൽ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നുമാണ് ഷാജിയുടെ തീരുമാനം.
കാസർഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാൻ താൽപര്യമില്ലെന്ന് ഷാജി വ്യക്തമാക്കി. അല്ലെങ്കിൽ കണ്ണൂരും അഴീക്കോടും വെച്ചുമാറണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു കെഎം ഷാജി നേരത്തെ അറിയിച്ചത്. എന്നാൽ ഇപ്പോൾ കാസർഗോഡ് സീറ്റ് നൽകണമെന്നാണ് ഷാജിയുടെ ആവശ്യം.
അതേസമയം, കണ്ണൂർ സീറ്റ് വീട്ടുനൽകാൻ കോൺഗ്രസ് തയ്യാറായേക്കില്ല..വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു. കേസന്വേഷണം തുടരുന്നതിനിടെയാണ് മണ്ഡലം മാറ്റം എന്ന ആവശ്യവുമായി ഷാജി രംഗത്തെത്തിയിരിക്കുന്നത്. കാസർഗോഡ് ഇത്തവണയും എൻഎ നെല്ലിക്കുന്നിന് തന്നെയാണ് മുൻതൂക്കം. യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനവും നെല്ലിക്കുന്നിനെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്.
ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയിൽ നിന്നും കെഎം ഷാജി പിടിച്ചെടുത്തത്. സിപിഎമ്മിന്റെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്. കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി 2016ൽ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി മണ്ഡലം നിലനിർത്തി. വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പ്ലസ് ടു അഴിമതിക്കേസിൽ അറസ്റ്റിലായേക്കുമെന്ന വാർത്തകൾ വന്നതോടെ മണ്ഡലത്തിലെ ജയസാധ്യതയിൽ ആശങ്കയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ