കോഴിക്കോട്: ഒരു വ്യക്തിയുടെ നിലപാട് ഒരു പാർട്ടിയുടെ നിലപാടായി മാറുമോ? അണികൾക്ക് താൽപര്യമുള്ള കാര്യത്തിന് നേർവിപരീതമായ നിലപാട് സ്വീകരിച്ച് കൊണ്ടാകുമ്പോൾ? അതും പാണക്കാട് കുടുംബത്തിൽ പൂർണ ആധിപത്യമുള്ള ലീഗ് രാഷ്ട്രീയത്തിൽ. അതിനുള്ള വ്യക്തമായ മറുപടിയാണ് കെ.എം.ഷാജി എന്ന ലീഗ് നേതാവിന്റെ രാഷ്ട്രീയ വിജയഗാഥ. ഇന്ന് വർഗീയ പ്രചാരണം നടത്തി വോട്ടു പിടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ എംഎൽഎ സ്ഥാനം തുലാസിലായ കെ.എം.ഷാജിയുടെ രാഷ്ട്രീയ ജീവിതം സ്വന്തം പാർട്ടിയെ തന്നെ തിരുത്തിക്കൊണ്ടാണ്.

പന്ത്രണ്ട് വർഷം മുമ്പാണ് കേരള രാഷ്ട്രീയത്തിൽ യൂത്ത് ലീഗിന്റെ സ്വരം മാധ്യമ ലോകം കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്. പാണക്കാട് സാദിഖലി ശിഹാബ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും കെ.എം.ഷാജി ജനറൽ സെക്രട്ടറിയുമായി തുടങ്ങിയ സമയം. കേരളത്തിൽ എൻ.ഡി.എഫ് എന്ന മാറാരോഗത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയതേയുള്ളൂ. അതിനും വർഷങ്ങൾക്ക് മുമ്പ് നാദാപുരം അക്രമ സംഭവങ്ങളിൽ സിപിഎമ്മിന്റെ അക്രമത്തെ അതേ രീതിയിൽ തിരിച്ചടിക്കാനുള്ള കരുത്ത് നേടിയായിരുന്നു നാദാപുരം ഡിഫൻസീവ് ഫോഴ്‌സ് എന്ന സംഘടന അണിയറയിൽ രൂപപ്പെട്ട് വന്നിരുന്നത്.

കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന രീതിയിൽ തിരിച്ചടിച്ച് വളർന്ന് കൊണ്ടിരുന്ന സംഘടന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിറഞ്ഞ സാന്നിധ്യമായി നാദാപുരം മേഖലയിൽ വളർന്ന് പന്തലിച്ചിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഇതിന് നല്ല പിന്തുണയും ലഭിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ എൻഡിഎഫ് എന്ന പേരിൽ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന രൂപീകരിക്കുന്നത്.

പകൽ ലീഗും രാത്രി എൻഡിഎഫുമായി സംഘടന ചലിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭീകരത നേരിൽ ബോധ്യപ്പെട്ട യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എം.ഷാജി തീവ്രവാദ ശക്തികൾക്കതിരെ ശക്തമായി രംഗത്തെത്തി. എൻ.ഡി.എഫിനെതിരെയുള്ള പോരാട്ടം ഒരു നിമിഷം വൈകുന്നത് സമുദായത്തിന്റെ അടിത്തറ തകർക്കുമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു ഷാജി. തീവ്രവാദി ശക്തികൾക്കതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് പറഞ്ഞ് തീവ്രവാദ ശക്തികൾക്കെതിരെ അശ്വമേധം ആരംഭിച്ച ഷാജിയുടെ നിലപാട് ലീഗിലെ നേതാക്കൾക്ക് അത്രകണ്ട് ദഹിച്ചില്ല.

പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നത ലീഗ് നേതാക്കൾ എൻ.ഡി.എഫിനോട് മ്യദു സമീപനം പുലർത്തുന്നുവെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിലാണ് ശക്തമായ അക്രമവുമായി ഷാജി നേരിട്ട് തന്നെ രംഗത്തെത്തിയത്. ലീഗിലെ അഭിപ്രായങ്ങളുടെ അവസാന വാക്ക് പി.കെ.കുഞ്ഞാലിക്കുട്ടി മുടി ചൂടാ മന്നനായി വിലസുന്ന ഘട്ടത്തിലാണ് വ്യത്യസ്ത അഭിപ്രായവുമായി ഷാജി രംഗത്തെത്തുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിലെ പണ്ഡിതന്മാരെ വെച്ച് സംവാദം നടത്താൻ പലപ്പോഴും ഷാജിയുടെ നേത്യത്വത്തിൽ സാധിച്ചിരുന്നു. ലീഗ് പ്രവർത്തക സമിതി യോഗങ്ങളിൽ ഖുർആൻ വചനങ്ങളുമായി തീവ്രവാദത്തിനെതിരെ ശക്തമായ പട നയിക്കാനും മ്യദു സമീപനം സ്വീകരിച്ചവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും ഷാജിക്ക് ആയി എന്നതാണ് വാസ്തവം. പരേതനായ ശിഹാബ് തങ്ങളടക്കമുള്ള പാണക്കാട് കുടംബത്തിലെ നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി എന്നതാണ് സത്യം.

അതിന്റെ പരിണത ഫലമായിരുന്നു ഏറെ അൽഭുതം. ജനപ്രതിനിധി പോലുമല്ലാതിരുന്ന കെ.എം.ഷാജിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നുവെന്ന് റിപ്പോർട്ട് നൽകിയത് കോടിയേരി ബാലക്യഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന ഘട്ടത്തിലാണ്. കോടിയേരിക്കെതിരെ എല്ലാ വേദികളും തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ പ്രസംഗിച്ച കോടിയേരിക്കും പൊലീസ് റിപ്പോർട്ട് അവഗണിക്കാനായില്ല. കാരണം തീവ്രവാദ ശക്തികൾക്കെതിരെയുള്ള നിലപാട് അത്രമേൽ കഠിനമായിരുന്നുവെന്ന റിപ്പോർട്ടായിരുന്നു സംസ്ഥാന വിജിലൻസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നത്. മൂന്ന് പ്രാവശ്യമാണ് കെ.എം.ഷാജിക്ക് നേരെ വധശ്രമവുമുണ്ടായത്.

എൻ.ഡി.എഫ്, ജമാഅത്ത് ഇസ്ലാമി എന്നീ സംഘടനകൾക്കിരെ പേരാട്ടം നയിച്ച ഷാജിയുടെ ധൈര്യം പൊതു സമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു. മാധ്യമം പത്രത്തിന്റെ പിന്തുണ ലഭിക്കാതെ മുസ്ലിം രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലെന്ന് കൂടെയുള്ള സുഹ്യത്തുക്കൾ ഉപദേശിച്ചെങ്കിലും തുമ്മിയാൽ തെറിക്കുന്ന മുക്കാണെങ്കിൽ തെറിച്ച് പോകട്ടെ എന്ന നിലപാടായിരുന്നു ഷാജിക്ക്. ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ വീഴ്ച പഠന കാലത്ത് ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതാണെന്ന നിലപാടായിരുന്നു പ്രസംഗ വേദിയിൽ ഷാജി പരസ്യമാക്കിയത്. സംഘപരിവാറിന്റെ തീവ്രവാദത്തിനെതിരെയുള്ള വിമർശനത്തിന് ശക്തി പോരെന്ന് എതിരാളികൾ വിളിച്ച് പറയുമ്പോഴും മുസ്ലിം സമുദായത്തിലെ തീവ്രവാദത്തിനതെിരെ ആദ്യം ഉറച്ചു പറയേണ്ടത് ഉറച്ച മുസ്ലിം വിശ്വാസികളാണെന്നും ഹിന്ദു തീവ്രവാദത്തിനെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഉറച്ച ഹൈന്ദവ വിശ്വാസികളാണെന്ന നിലപാടുമാണ് ഷാജി സ്വീകരിച്ചത്. ഖുർആനും നബിവചനങ്ങളുമായി രാഷ്ട്രീയ പാർട്ടി യോഗത്തിൽ കസറുമ്പോഴും തീവ്രവാദികളുടെ കണ്ണിലെ കരടാകുന്നതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല.

കഴിഞ്ഞ നിയമസഭയിൽ കെ.എം.ഷാജി നടത്തിയ പ്രസംഗം ലീഗണികൾ കേരിത്തരിപ്പോടെയാണ് വരവേറ്റത്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ടി.പി.ചന്ദ്രശേഖരന്റെയും, ഫസലിന്റെയും ഷുക്കൂറിന്റെയും ആത്മാക്കളാൽ ഭയവിഹ്വലരാണെന്ന് തുടങ്ങിയ പ്രസംഗം നിയമ സഭയിലെ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രസംഗങ്ങളിലൊന്നാണ്. സി.എച്ചിന് ശേഷം മറ്റൊരു സി.എച്ച്.എന്ന വിളിപ്പേര് പോലും ലീഗണികൾ ഷാജിക്ക് നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിന് മറുപടി പറയേണ്ടിവന്നിരുന്നു.

അഴീക്കോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കൊട്ടി കലാശത്തിന്റെ അവസാന മണിക്കൂറിൽ എൻ.ഡി.എഫിൻെയും ജമാഅത്തിന്റെയും വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ ഷാജി വർഗീയത ഉയർത്തി വോട്ട് പിടിക്കില്ലെന്നാണ് ലീഗണികളുടെ വിശ്വാസം. കോടതി വിധിയിൽ ഏറ്റവും സന്തോഷം പകരുന്നത് മുസ്ലിം തീവ്രവാദ ശക്തികൾക്ക് തന്നെയാണ്. അവർക്ക് നശിപ്പിക്കാൻ ശ്രമിച്ച നേതാവിനെതിരെ ലഭിച്ച കോടതി വിധിയിൽ അവർ അത്രകണ്ട് സന്തോഷമാണ് പ്രകടിപ്പിക്കുന്നത്.