- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചെറുപ്പക്കാർ വരട്ടെ; ഗ്രൂപ്പ് വീതംവെപ്പ് ഇനി ഉണ്ടാവില്ല; പാർട്ടി വലിയ വെല്ലുവിളി നേരിടുമ്പോൾ പരീക്ഷണത്തിന് സമയമില്ലെന്നും കെ.മുരളീധരൻ; എ ഗ്രൂപ്പിന്റെ കൈവശമുള്ള ജില്ലയിൽ സമവായത്തിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശ്രമം
കോഴിക്കോട്: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മിടുക്കരായ ചെറുപ്പക്കാർ വരട്ടെയെന്ന് വടകര എംപി കെ മുരളീധരൻ. ഇത് പരീക്ഷണത്തിനുള്ള സമയമല്ലെന്നും ഗ്രൂപ്പ് വീതം വെപ്പ് ഇനി ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു.'ഇനി ഒരു പരീക്ഷണത്തിന് സമയമില്ല. പാർട്ടി വലിയൊരു വെല്ലുവിളി നേരിടുമ്പോൾ അതിനെ നേരിടാൻ കരുത്തുള്ള നേതൃത്വം ഉണ്ടാവണം. അല്ലാതെ ഗ്രൂപ്പിന്റെ പേരിലുള്ള വീതംവെപ്പ് ഇനി ഉണ്ടാവില്ല. ചെറുപ്പം ആയിരിക്കണം.' കെ മുരളീധരൻ പറഞ്ഞു.
എംപി എന്ന കപ്പാസിറ്റി വെച്ച് ആരെയെങ്കിലും തള്ളാനോ കൊള്ളാനോ താൻ തയ്യാറല്ലെന്നും തെരഞ്ഞെടുക്കുന്ന വ്യക്തി എല്ലാവർക്കും സ്വീകാര്യനായിരിക്കണമെന്നും എംപി കൂട്ടിചേർത്തു. ഓരോ ജില്ലയിലെയും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി സാധ്യതാ പട്ടിക തയാറാക്കിയതിനു പിന്നാലെയാണ് കോഴിക്കോട്ടെ നിലപാട് മുരളീധരൻ വ്യക്തമാക്കിയത്. സമവായത്തിലൂടെ പ്രസിഡന്റിനെ തീരുമാനിക്കാൻ ശ്രമിക്കുമെന്നും ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ജില്ലയിൽ എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനമെങ്കിലും ഇത്തവണ എ ഗ്രൂപ്പിനു മുന്നോട്ടുവയ്ക്കാൻ കാര്യമായ പേരുകളൊന്നുമില്ല. ഐ ഗ്രൂപ്പിലാകട്ടെ എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ, കെ. ജയന്ത് തുടങ്ങി നിരവധി പേരുണ്ട്.
സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടനയെ കുറച്ച് ചർച്ച നടത്തുന്നതിന് വേണ്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡൽഹിയിൽ എത്തിയിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, താരിഖ് അൻവർ, കെ സി വേണുഗോപാൽ, എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സുധാകരൻ കൂടിക്കാഴ്ച നടത്തും.
പുനഃസംഘടനയിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് രാഷ്ട്രീയകാര്യ സമിതി എടുത്ത തീരുമാനങ്ങൾ സുധാകരൻ നേതാക്കളെ ധരിപ്പിക്കും. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തന മികവ് പരിഗണിച്ച് പാർട്ടി പുനഃസംഘടന നടത്താനാണ് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെ കെപിസിസി, ഡിസിസി പുനഃസംഘടന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ