വടകര: നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര വിട്ട് പ്രചരണത്തിനില്ലെന്ന് എംപി കെ മുരളീധരൻ. പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്നത് മണ്ഡലത്തിൽ നേരത്തെ ഏറ്റ പരിപാടികൾ ഉള്ളതിനാലാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. 'നിയമസഭാ തെരഞ്ഞെടുപ്പ് സമയം പാർലമെന്റ് സമ്മേളനം ചേരുന്നുണ്ട്. അതിനാൽ വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടത്.' കെ മുരളീധരൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫിൽ കൂടുതൽ വന്ന സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് നൽകണം എന്നാണ് താൻ പറഞ്ഞതെന്ന് മുരളീധരൻ വ്യക്തമാക്കി.

യുഡിഎഫിൽ നിന്നു വിട്ടുപോയ പാർട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോൾ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണം. കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോൾ ലീഗിനെയും പരിഗണിക്കണം.' എന്നായിരുന്നു മുരളീധരന്റെ ആവശ്യം. സിറ്റിങ് എംഎൽഎമാർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നും നാലുതവണയിൽ കൂടുതൽ മത്സരിച്ച് വിജയിച്ചവർക്ക് സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.