കോഴിക്കോട്: കെ.കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്പ്രദായം കോൺഗ്രസ് പാർട്ടിയിൽ ഉണ്ടെന്ന് കെ.മുരളീധരൻ എംപി. നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു. ചാനലുകളെ കാണുമ്പോൾ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവർക്ക് മാത്രമാണ് സീറ്റുള്ളത്. പണിയെടുക്കുന്നവർക്ക് ഒരു വിലയുമില്ലെന്നും കെ.മുരളീധരൻ ആരോപിച്ചു.

പഴയ സാഹചര്യമല്ല നിലവിലുള്ളത്. മസിൽ പവറും, മണി പവറും കൊണ്ട് അധികാരം പിടിക്കാൻ ശ്രമിക്കുന്നവരാണ് മറുപക്ഷത്തുള്ളത്. അധികാരം ലഭിക്കാൻ വേണമെങ്കിൽ പിണറായി വിജയൻ ശബരിമലയിൽ പോയി ശരണം വിളിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോൺഗ്രസിന് നേടാൻ കഴിയും. സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോൾ യോഗ്യത പരിഗണിച്ച് വേണം സ്ഥാനാർത്ഥികളാക്കാൻ. അല്ലാതെ നേതാക്കളെ ചുറ്റുന്നവർക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാൽ എല്ലാം പഴയപടി പോലെ തന്നെയാവും.

നേതാക്കൾ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പരിപാടികൾക്ക് പോവുമ്പോൾ പലയിടങ്ങളിലും സ്റ്റേജിൽ റിസർവ് ചെയ്ത സീറ്റിൽ പോലും മറ്റുള്ളവർ കയറിയിരിക്കുന്ന അവസ്ഥയാണുള്ളത്. എംപിയായിട്ടും പാർട്ടി സ്ഥാനത്തിരിക്കുമ്പോഴും പോലും ഇതാണ് അവസ്ഥ. ഇനി ഇതൊക്കെ ഇല്ലതായാൽ എന്തായിരിക്കും സ്ഥിതിയെന്നും മുരളീധരൻ ചോദിച്ചു.

ഗണപതിയോടും സുബ്രഹ്‌മണ്യനോടും ലോകം ചുറ്റി വന്നാൽ മാമ്പഴം തരാമെന്ന് പറഞ്ഞ് പന്തയം വെച്ച കഥയുണ്ട് പുരാണത്തിൽ. സുബ്രഹ്‌മണ്യൻ ലോകമെല്ലാം ചുറ്റിവന്നു. പക്ഷെ തന്റെ മാതാപിതാക്കളാണ് ഈ ലോകമെന്നും അവരെ മൂന്ന് തവണ വലം വച്ചാൽ ലോകം ചുറ്റിയ പോലെ ആയെന്നും പറഞ്ഞ് സുബ്രഹ്‌മണ്യൻ എത്തുന്നതിന് മുന്നെ മാമ്പഴമെല്ലാം ഗണപതി കരസ്ഥമാക്കി. അതുപോലെയാണ് നമ്മുടെ പാർട്ടിയുടെ അവസ്ഥ. പണിയെടുക്കുന്നവർക്ക് അംഗീകാരമില്ല. ഇത് മാറണമെന്നും മുരളീധരൻ പറഞ്ഞു.