- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടും; ബ്രണ്ണൻ കോളേജ് വിവാദത്തിന്റെ തുടർച്ചയാണ് അന്വേഷണം; ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് കെ മുരളീധരനും; പ്രശാന്ത് ബാബുവിന്റെ ആരോപണത്തിൽ കെപിസിസി അധ്യക്ഷന് പിന്തുണയുമായി നേതാക്കൾ
തിരുവനന്തപുരം: പ്രശാന്ത് ബാബു ഉന്നയിച്ച ആരോപണത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജ് വിവാദത്തിന്റെ തുടർച്ചയാണ് അന്വേഷണമെന്നും സതീശൻ വിമർശിച്ചു.
കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മോൻസൺ തട്ടിപ്പിൽ ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. ആർക്കെതിരെയും എന്തും പറയാം എന്ന സ്ഥിതിയാണ്. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുൻ ഡ്രൈവറുടെ പരാതിയിൽ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയും രംഗത്തുവന്നു. ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. സുധാകരനെതിരെ അന്വേഷണം നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് ശിപാർശ ചെയ്തിട്ടുള്ളത്.
കണ്ണൂർ ഡി.സി.സി ഓഫിസ് നിർമ്മാണം, കെ. കരുണാകരൻ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 2010ൽ കെ. കരുണാകരന്റെ മരണത്തിനു ശേഷമാണ് കെ. സുധാകരൻ ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചത്.
ചിറക്കൽ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയർസെക്കൻഡറി, യു.പി സ്കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപക്ക് വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിരുന്നു. എന്നാൽ കോടികൾ സമാഹരിച്ചശേഷം സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എജ്യുപാർക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചു.
ഈ കമ്പനിയുടെ പേരിൽ സ്കൂൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇടപാടിൽ നിന്ന് കോവിലകം മാനേജ്മെന്റ് പിന്മാറി. സ്കൂൾ പിന്നീട് ചിറക്കൽ സർവിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചു കൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതി.
മറുനാടന് മലയാളി ബ്യൂറോ