തിരുവനന്തപുരം: പ്രതിപക്ഷ നേതൃനിരയിലേക്ക് വരാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവർത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉൾക്കൊള്ളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.

ആർഎസ്‌പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉൾക്കൊള്ളുന്നുവെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനവും.

ഉമ്മൻ ചാണ്ടിയെ പിന്തുണക്ക വഴി മുരളീധരൻ ലക്ഷ്യമിട്ടിരിക്കുന്നത് ചെന്നിത്തലയെയാണെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മൻ ചാണ്ടി ഏറ്റെടുക്കണെന്നാണ് മുസ്ലിംലീഗ് അടക്കമുള്ള യുഡിഎഫ് ചില ഘടകകക്ഷികൾക്കും താത്പര്യം. മുരളീധരന്റെ പ്രസ്തവാനയോട് കൂടി ഈ ചർച്ചകൾ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും.

അതുകൊണ്ട് തന്നെ മുരളീധരന്റെ പ്രസ്താവന കോൺഗ്രസിൽ സജീവ ചർച്ചക്ക് ഇടയാക്കിയേക്കും. കോൺഗ്രസിൽ പാർട്ടി തലത്തിൽ എ ഗ്രൂപ്പ് പിടിമുറുക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവും ഉയർത്താൻ എ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. എംഎൽഎമാരിൽ ഗ്രൂപ്പടിസ്ഥാനത്തിൽ കാര്യങ്ങൾ നോക്കിയാൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കം. എങ്കിൽ കൂടി ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുന്നതിനെ എംഎൽഎമാർക്ക് എതിർപ്പില്ല താനും.