കോഴിക്കോട്:  കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എംഎൽഎ രംഗത്ത്. എൽഡിഎഫ് സർക്കാറിന്റെ വീഴ്‌ച്ചകൾ തുറന്നുകാട്ടുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഐ(എം) എന്ന അവസ്ഥ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കേരളത്തിൽ പ്രതിപക്ഷമില്ലെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കോഴിക്കോട്ട് കെ കരുമാകരൻ അനുസ്മരണ യോഗത്തിൽ വ്യക്തമാക്കി.

ഒരു സമരം പോലും നടത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്നവർ കോൺഗ്രസിനുള്ളിലുണ്ട്. ചാനലുകളിൽ മുഖം കാണിക്കാൻ കോൺഗ്രസ് നേതാക്കൾ തല്ലുകൂടുകയാണെന്നും മുരളീധരൻ വിമർശിച്ചു. സുപ്രധാന വിഷയങ്ങളിൽ ഉചിതമായി പാർട്ടി പ്രതികരിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജോലി കൂടി അവർ ഏറ്റെടുക്കുന്നു. ഏറ്റവും അവസാനം മന്ത്രി മണിയുടെ വിഷയവുമായി ബന്ധപ്പെട്ട് പത്രങ്ങൾ കാണിച്ച ഉത്സാഹംപോലും കോൺഗ്രസ് നേതാക്കന്മാർ കാണിക്കുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫ് മന്ത്രിമാരെ ചെയ്യാത്ത കുറ്റത്തിന് വരെ വിമർശിച്ചിരുന്നു.

എന്നാൽ എൽഡിഎഫ് മന്ത്രിമാർ ചെയ്ത കുറ്റത്തിനെതിരെ സമരം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കാര്യം പോലും പലരും അറിഞ്ഞിട്ടില്ല. യുഎപിഎക്കെതിരെ സമരം നടത്താൻ പോലും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം തല്ലിക്കൂട്ടി പ്രതിഷേധം സംഘടിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ് മുരളീധരന്റെ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മറുപടി. പ്രതിഷേധം ജനങ്ങളിൽ നിന്നും സ്വാഭാവികമായി ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.