- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പള്ളിയോട് ഇടഞ്ഞ കെ മുരളീധരൻ കട്ടക്കലിപ്പിൽ തന്നെ; മത്സരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിച്ച് രംഗത്ത്; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും സജീവമായില്ല; മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വടകര എംപി; സമവായത്തിനില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം
കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറെ മോഹിച്ച നേതാവാണ് കെ മുരളീധരൻ. വടകരയിൽ പാർട്ടി പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച മുരളിയുെ ആ മോഹം കോൺഗ്രസ് നേതൃത്വം വകവെച്ചു കൊടുത്തില്ല. അന്ന് മുതൽ കട്ടക്കലിപ്പിലാണ് മുരളീധരൻ. നേതൃത്വവുമായുള്ള അസ്വാരസ്യം കാരണം തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് അദ്ദേഹം. വടകര മാത്രം കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഈ നിലപാട് ആവർത്തിക്ക് മുരളി വീണ്ടും രംഗത്തുവന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ. മുരളീധരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നിൽ. അർഹിക്കുന്ന പരിഗണന പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാൻ സമ്മർദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു.
കെപിസിസി നേതൃത്വവുമായി അകൽച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരൻ. കോൺഗ്രസ് വേദികളിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ലീഗ് പരിപാടികളിൽ മുരളീധരൻ പങ്കെടുക്കാറുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനോടാണ് ലീഗ് നേരത്തെ മണ്ഡലത്തിൽ സജീവമാകേണ്ട കാര്യം വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലുള്ള മുരളീധരൻ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഒരു വേദിയിലും പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു.
വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരൻ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു, തന്റെ മണ്ഡലത്തെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായായിരിക്കും മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുരളീധരനെ പോലെയുള്ള നേതാവ് പ്രചരണ രംഗത്ത് നിന്ന് മാറിനിന്നാൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗിന്റെ ഇടപെടൽ. ഡൽഹിയിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്ന ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിലും മുരളീധരൻ പങ്കെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റ തിരിച്ചടിക്ക് പിന്നാലെ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും വന്നിരുന്നു. യു.ഡി.എഫിനെ നയിക്കാൻ മുരളീധരനേ സാധിക്കൂ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് കേരളത്തിന്റെ വിവിധ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കെപിസിസി അധ്യക്ഷ പദവിയിലേക്കുള്ള മത്സരിത്തിൽ മുരളീധരനേക്കാൾ മുന്നിൽ കെ സുധാകരനാണ്.
അതേസമയം മുരളിയെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം കാര്യമായ ഇടപെടൽ ഇപ്പോൾ നടത്തിയിട്ടില്ല. മുരളീധരന് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങൾ നീക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇടപെടുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണ നൽകിയതോടെയാണ് വടകരയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയത്. കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തതും മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് കെ മുരളീധരൻ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത്. അദ്ദേഹം വട്ടിയൂർക്കാവിൽ പ്രചാരണത്തിന് പോകുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ