ലയാളിയുടെ ജീവിതം ഇങ്ങനെയാണ്. മാദ്ധ്യമങ്ങളും പൊലീസും ഒരുവശത്ത് ചേർന്ന് ആക്രമിക്കാൻ തീരുമാനിച്ചാൽ ഏത് പുണ്യാളനും നിമിഷ നേരം കൊണ്ട് വില്ലൻ വേഷം കെട്ടും. കോടാനുകോടി കക്കുകയും കണ്ണിൽ ചോരയില്ലാതെ പെരുമാറുകയും ചെയ്യുന്ന പലരും പൊലീസിന്റെയും മാദ്ധ്യമ കുത്തകകളുടെയും നല്ലപിള്ളകളായതുകൊണ്ട് പുണ്യാളന്മാരായി തുടരുമ്പോഴായിരിക്കും നിരപരാധികൾ അത് തെളിയിക്കാനായി പീഡനം അനുഭവിക്കേണ്ടി വരുന്നത്. പണവും സ്വാധീനവും ഉള്ളവർ അതിൽ നിന്ന് രക്ഷപ്പെടുകയാണ് ഇവിടെ പതിവ്. പണവും അധികാരവും ഒക്കെ ഒത്തു വന്നാലും ചിലപ്പോൾ വിധി എതിരെങ്കിൽ അത്തരക്കാരിൽ ചിലർക്കും അത് അനുഭവിക്കേണ്ടി വരും.

ഇങ്ങനെ നിരപരാധിയായി പീഡിപ്പിക്കപ്പെടുന്നവരുടെ ലിസ്റ്റ് ആരെങ്കിലും ചരിത്രമായി രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അതിൽ ഏറ്റവും പ്രമുഖൻ കെ കരുണാകരൻ എന്ന കേരള രാഷ്ട്രീയം കണ്ട ഏറ്റവും പ്രമുഖനായ നേതാവ് തന്നെ ആയിരിക്കുമെന്നു തീർച്ച. അര നൂറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ച കരുണാകരൻ രാജ്യദ്രോഹിയും വിദേശചാരനുമായി മുദ്രകുത്തപ്പെട്ടാണ് രാഷ്ട്രീയ ജീവിതം വെടിഞ്ഞത്. അതിന്റെ അലയൊളികളും ദുരൂഹതയും ഒക്കെ അവശേഷിപ്പിച്ചു തന്നെ കരുണാകരൻ ഇഹലോകവാസം വെടിഞ്ഞു. ആ കരുണാകരന്റെ മകൻ കെ മുരളീധരൻ അന്നത്തെ കാര്യങ്ങൾ അയവിറക്കുകയാണ് ഇവിടെ.


ചാരക്കേസിലാണ് സംഭാഷണം ആരംഭിച്ചതെങ്കിലും മുരളീധൻ മറ്റനേകം കാര്യങ്ങളും പറഞ്ഞു. കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയം, മുസ്ലിം ലീഗന്റെ രാഷ്ട്രീയ അപചയം, എൻഎസ്എസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടൽ, ജനപ്രിയ ചാനലിന്റെ ഭാവി തുടങ്ങിയ അനേകം വിഷയങ്ങളിലേക്ക് നീണ്ടു ആ അഭിമുഖ സംഭാഷണം. എംഎൽഎ ക്വാർട്ടേഴ്‌സിലെ മുരളീധരന്റെ ഓഫീസിൽവച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക.

  • താങ്കൾ നടത്തിയ അഭിപ്രായ പ്രകടനം മൂലം ചാരക്കേസ് വീണ്ടും സജീവമായിരിക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഇടപെടൽ?

ചാരക്കേസിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് അതിൽ ഉൾപ്പെട്ട രണ്ട് ശാസ്ത്രജ്ഞന്മാർക്കും അച്ഛനുമാണ്. ചാരക്കേസ് വ്യാജം ആയിരുന്നെ്നും നിരപരാധികളാണ് ബലിയാടായതെന്നും ഇപ്പോൾ സിബിഐ കണ്ടെത്തിയിരിക്കുന്നു. ശാസ്ത്രജ്ഞർക്ക് നഷ്ടപരിഹാരവും കിട്ടും. മരിച്ചുപോയ എന്റെ അച്ഛന് ആര് നഷ്ടപരിഹാരം നൽകും. ചാരക്കേസ് വരെയുള്ള കെ കരുണാകരനും അതിനു ശേഷമുള്ള കെ കരുണാകരനും രണ്ട് ചരിത്രമായി തന്നെ വിലയിരുത്തേണ്ടവയാണ്. രാഷ്ട്രീയ നേതാവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും ഈ കേസിന്റെ സംഘർഷം ഞാനും ഏറെ അനുഭവിച്ചതാണ്. സിബിഐ ഇത് വ്യാജ കേസാണ് എന്നു പറയുമ്പോൾ എന്റെ അച്ഛന് നീതി നേടിക്കൊടുക്കാൻ ഞാൻ അല്ലേ രംഗത്ത് ഇറങ്ങേണ്ടത്?

  • ചാരക്കേസ് കെ കരുണാകരനെ എങ്ങനെ ബാധിച്ചിരുന്നു?

വിവാദങ്ങളിലൂടെ മാത്രം ജീവിച്ചിരുന്ന അച്ഛൻ ആദ്യകാലത്ത് ഇതിനുവലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. പിന്നീട് ആർക്കും വിശ്വസിക്കാനാകാത്ത വിധത്തിൽ അച്ഛനിലേക്ക് കേസ് തിരിഞ്ഞു. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന രീതിയോടും വിയോജിപ്പുള്ളവർ പോലും അദ്ദേഹം ഒരു രാജ്യ ദ്രോഹിയാണെന്ന് പറയുമെന്നു കരുതിയിരുന്നില്ല. ആ ആരോപണം അച്ഛനെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി പോരാടിയ നേതാവാണ്. വെറും ഒൻപത് എംഎൽഎ മാർ ഉണ്ടായിരുന്ന കോൺഗ്രസ്സിനെ കൈ പിടിച്ചുയർത്തിയ നേതാവ്. എതിരാളികൾ പറഞ്ഞാലും താൻ തന്നെ നേതാവായി തെരഞ്ഞെടുത്ത നരസിംഹറാവു വിശ്വസിക്കും എന്നും കരുതിയിരുന്നില്ല. ചാരമുഖ്യൻ രാജിവയ്ക്കുക തുടങ്ങിയ ചുവരെഴുത്തുകൾ അന്ന് വ്യാപകം ആയിരുന്നു എന്നോർക്കണം. ഒരുപക്ഷേ, ജീവിതത്തിൽ അച്ഛൻ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ആയിരിക്കാം ഇത്.

  • ചാരക്കേസിൽ ആരോപണ വിധേയനായ രമൺ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നടത്തിയ നീക്കമാണല്ലോ കരുണാകരനെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്? എന്തുകൊണ്ട് ശ്രീവാസ്തവയെ തള്ളിപ്പറയാൻ അച്ഛൻ ശ്രമിച്ചില്ല?

കേരളത്തിൽ ഏറ്റവും അധികം വികസനം നടത്തിയ മുഖ്യമന്ത്രി ആരെന്നു ചോദിച്ചാൽ ഇപ്പോഴും കെ കരുണാകരൻ എന്നല്ലാതെ ഒരു പേര് ആരെങ്കിലും പറയുമോ? അതിന്റെ പ്രധാന കാരണം എന്തായിരുന്നു. ഉദ്യോഗസ്ഥന്മാർക്ക് മുഖ്യമന്ത്രിയിൽ ഉള്ള പരിപൂർണ്ണ വിശ്വാസം. സംസഥാനത്തിന്റെ വികസനത്തിനു വേണ്ടി എടുക്കുന്ന നിലപാടിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും കരുണാകരൻ ബലിയാടാക്കുകയില്ലെന്ന് അവർക്കറിയാം. യാതൊരു തെളിവും ഇല്ലാതെ ചിലർ ഉണ്ടാക്കിയ ഒരു കള്ളക്കഥയുടെ പേരിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കുന്നതിനോട് കരുണാകരന് യോജിപ്പുണ്ടായിരുന്നില്ല. ശ്രീവാസ്തവ കുറ്റക്കാരനാണെന്നതിന് എന്തെങ്കിലും തെളിവു വേണ്ടേ?

രാജൻ കേസിൽ സംഭവിച്ചതും അതു തന്നെ ആയിരുന്നില്ലേ? ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്ങനൊരു വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ ഇല്ല എന്നാണ് കരുണാകരൻ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശരിയല്ലെന്നു കോടതി പറയുമ്പോൾ കരുണാകരന് ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തം വച്ച് ഒഴിയാമായിരുന്നു. അതല്ല കെ കരുണാകരൻ. ഒരു പക്ഷേ രാജൻ കേസ് മുതലായിരിക്കും അച്ഛന്റെ മേൽ ഉദ്യോഗസ്ഥർക്ക് വിശ്വാസം ഉണ്ടായത്.

  • ചാരക്കേസിൽ ഇനി ഏത് തരത്തിലുള്ള ഇടപെടലാണ് താങ്കൾ ഉദ്ദേശിക്കുന്നത്?

അച്ഛന് നീതി നേടിക്കൊടുക്കാൻ ഞാൻ ഏത് അറ്റം വരെയും പോരാടും. ഇപ്പോഴത്തെ എന്റെ ഇടപെടൽ വലിയ തോതിലുള്ള ഒരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിരപരാധിയായ കെ കരുണാകരൻ എന്നാണ് എല്ലാവരും ഇപ്പോൾ പറയുന്നത്. അതുതന്നെ ആശ്വാസകരമാണ്. എന്നാൽ അച്ഛന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഈ സംഭവത്തിന് ഉത്തരവാദി ആയവർ എല്ലാവരും മാന്യന്മാരായി കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേസ് അനേ്വഷിച്ച സിബി മാത്യൂസ് വലിയ ജനപ്രിയനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഇപ്പോൾ മുഖ്യ വിവരാവകാശ കമ്മീഷണറായി ജോലി ചെയ്യുന്നു. അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയായിരുന്നു ആ സംഭവം.

ഒരുപക്ഷേ, ചാരക്കേസിന് മുമ്പും പിമ്പും എന്നപേരിൽ തന്നെ കോൺഗ്രസ്സിന്റെ ആധുനിക ചരിത്രം കുറിക്കേണ്ടി വരും. ഗ്രൂപ്പ് സമവാക്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും അധികരാ കൈമാറ്റത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒക്കെ ചാരക്കേസിന് അതിനിർണ്ണായകമായ പങ്കുണ്ട്. രാജ്യദ്രോഹി എന്ന ലേബലിൽ ആണ് കെ കുണാകരൻ മരിക്കുന്നത് എന്നു മറക്കരുത്. അച്ഛൻ മാനസികമായി പീഡിപ്പിക്കപ്പെട്ടെങ്കിൽ നമ്പി നാരായണനെപ്പോലുള്ളവർ ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. രാജ്യത്തിന് ഇത്രയേറെ യശസ്സ് ഉണ്ടാക്കിത്തന്ന ഒരാൾക്ക് ഇങ്ങനെയൊരു ട്രീറ്റ്‌മെന്റ് കൊടുത്ത ആളുകൾ ഞെളിഞ്ഞു നടക്കുന്നത് എന്തു തരം നീതിയാണ്.

  • ഇതിന്റെ പിറകിൽ ഗൂഢാലോചന നടത്തിയത് ആരാണെന്നാണ് അങ്ങ് കരുതുന്നത്?

ഞാൻ ഒരു അനേ്വഷണ ഉദ്യോഗസ്ഥനല്ല. ആരെക്കുറിച്ചും ഊഹാപോഹം വച്ചു പറയാൻ ഞാൻ ആളല്ല. കേസ് വ്യാജം ആണെന്ന് ഇപ്പോൾ തെളിഞ്ഞു. ഇനി തെളിയേണ്ടത് ഇതിന്റെ പിറകിൽ ഉള്ള ഗൂഢാലോചനയാണ്. അത് കണ്ടെത്തണം എന്നാണ് എന്റെ ആവശ്യം. അതിന് ഒരേയൊരു വഴിയേ ഉള്ളൂ. മൂന്ന് അനേ്വഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുക. സിബി മാത്യുവും ഡിവൈഎസ്പി ജോഷ്വായും സിഐ വിജയനും കുറ്റക്കാരാണെന്ന് ഞാനല്ല പറഞ്ഞത്. അവർക്കെതിരെ അനേ്വഷണം വേണമെന്ന് സിബിഐ ആണ് പറഞ്ഞത്. അതുകൊണ്ട് അവരെ ചോദ്യം ചെയ്യട്ടെ. അപ്പോൾ കാര്യങ്ങൾ വ്യക്തമാകും.

  • അവരുടെ പേരിൽ കേസ് എടുക്കാതെ ചോദ്യം ചെയ്യാൻ കഴിയില്ലല്ലോ? അതെങ്ങനെ സാധ്യമാകും?

എന്തുകൊണ്ട് കേസ് എടുത്തു കൂടാ? സിബിഐ പറഞ്ഞല്ലോ ഉദ്യോഗസ്ഥർക്കെതരെ നടപടി എടുക്കാൻ. അതുകൊണ്ട് ഈ മൂന്നു പേരുടേയും പേരിൽ കേസ് എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഞാൻ മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നടപടി കാത്തിരിക്കുകയാണ് ഞാൻ. എന്തായാലും ഈ വിഷയത്തിൽ അങ്ങനെ പിന്നോട്ട് പോകാൻ ഞാനില്ല. എന്റെ കത്തിനു മേൽ എന്തു നടപടിയാണ് സർക്കാർ എടുക്കുന്നതെന്നു നോക്കട്ടെ. എന്നിട്ടാവാം അടുത്ത നടപടി.

ഗൂഢാലോചനയുമായി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടോ? ചെറിയാൻ ഫിലിപ്പും ചാരക്കേസും തമ്മിൽ എന്തു ബന്ധം? കരുണാകരൻ ചാരക്കേസിനെ എങ്ങനെ നേരിട്ടു?

ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കുക.