- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയുമായി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടോ? ചെറിയാൻ ഫിലിപ്പും ചാരക്കേസും തമ്മിൽ എന്തു ബന്ധം? കരുണാകരൻ ചാരക്കേസിനെ എങ്ങനെ നേരിട്ടു?
ചാരക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ കെ മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. താങ്കൾ ആവശ്യപ്പെട്ടതുപോലെ ഒരു അന്വേഷണം ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? ഞാൻ മനസ്സിലാക്കിയിടത്തോളം ഉമ്മൻ ചാണ്ടി എന്റെ പര
ചാരക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ കെ മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
താങ്കൾ ആവശ്യപ്പെട്ടതുപോലെ ഒരു അന്വേഷണം ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
ഞാൻ മനസ്സിലാക്കിയിടത്തോളം ഉമ്മൻ ചാണ്ടി എന്റെ പരാതി തിരുവഞ്ചൂരിന് കൈമാറിയിരിക്കുകയാണ്. വാസ്തവത്തിൽ ആഭ്യന്തര വകുപ്പ് തന്നെ ഇതു കൈകാര്യം ചെയ്യണമെന്നില്ല. ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് അതിൽ ഇടപെടാമായിരുന്നു. എന്തായാലും മറുപടി എന്താണെന്നു നോക്കട്ടെ. എന്നിട്ടാവാം അടുത്ത പടിയെക്കുറിച്ചുള്ള ആലോചന. ഒരു സർക്കിൾ ഇൻസ്‌പെക്ടർ വിചാരിച്ചാൽ ഇത്രയും വലിയ ഒരു ചാരക്കേസ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പിറകിൽ ഒരു ഗൂഢാലോചനയുണ്ട്. അതു മനസ്സിലാക്കാൻ കേസ് രജിസറ്റർ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ മതിയാകൂ.
- കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധമാണ് കരുണാകരന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിന്റെ കാരണമെന്ന് എല്ലാവർക്കും അറിയാം. അന്ന് ഒരു ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ചിരുന്ന ആൾ എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഒരു അന്വേന്വേഷണത്തിന് തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ?
അച്ഛനെ ഒരു രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ മുൻകൈ എടുക്കാൻ മാത്രം മോശക്കാരനാണ് ഉമ്മൻ ചാണ്ടി എന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ അത്രയ്ക്കും സ്‌ഫോടനാത്മകമായിരുന്നു. ആന്റണിയുമായി ധാരണയിൽ എത്തിയ പല കാര്യങ്ങളിലും ഉമ്മൻ ചാണ്ടിയിക്ക് എതിർപ്പുണ്ടായിരുന്നു എന്നു വ്യക്തം. അന്നു മന്ത്രിസഭാംഗങ്ങൾ രാജിവച്ചതിലും ഘടകകക്ഷികൾ കൂറുമാറിയതിലും ഒക്കെ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു. കോൺഗ്രസ്സിൽ നിന്നും ഞങ്ങൾ പുറത്തു പോകേണ്ട നിർഭാഗ്യകരമായ സാഹചര്യം വരെ ഉണ്ടായതിലും ഉമ്മൻ ചാണ്ടിയുടെ പങ്കു വലുതാണ്. ഡിഐസി കോൺഗ്രസ്സുമായി സഹകരിച്ച് മത്സരിക്കാൻ തീരുമാനിച്ചപ്പോഴും ഉമ്മൻ ചാണ്ടി എതിരായിരുന്നു. എക്കാലവും ഉമ്മൻ ചാണ്ടിയുടെ നിലപാട് കരുണാകരന് എതിരായിരുന്നു. ഇതു മറച്ചു വച്ചിട്ട് കാര്യമില്ല. എങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നീതി നൽകും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
- ചാരക്കേസ് ഉണ്ടായ സമയത്ത് വ്യക്തിപരമായ വേദനയും വിഷമവും നിരാശയും ഒക്കെ കരുണാകരൻ പങ്കു വെയ്ക്കുമായിരുന്നോ?
വലിയൊരു ഗൂഢാലോചനയാണെന്ന് അച്ഛൻ പറഞ്ഞിരുന്നു. അച്ഛന് വലിയ നിരാശ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയോ മറ്റു ഗ്രൂപ്പ് നേതാക്കളോ എടുത്ത നടപടിയെക്കാൾ അച്ഛനെ വേദനിപ്പിച്ചത് നരസിംഹറാവുവിന്റെ ചതിയായിരുന്നു. അച്ഛൻ അത് ഒരിക്കലും മറന്നിട്ടില്ല. ചാരക്കേസിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഗാന്ധിപാർക്കിൽ യോഗം വിളിച്ചത് പിന്തുണ കാണിക്കാൻ മാത്രമായിരുന്നു. യാദൃശ്ചികമായി അന്നുതന്നെ രാജി ആവശ്യം ഉണ്ടായി. രാജി വെക്കുകയും ചെയ്തു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ രാജി വെയ്ക്കാൻ അച്ഛൻ ഉറപ്പിച്ചിരുന്നു. എക്കാലവും അച്ചടക്കം ഉള്ള കോൺഗ്രസ്സുകാരനായിരിക്കാനായിരുന്നു അച്ഛനിഷ്ടം.
- രാജിക്കു ശേഷമുള്ള കെ കരുണാകരനെക്കുറിച്ച് പറയാമോ?
നിർഭാഗ്യത്തിന്റെ ദിനങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അത്രയും. കേന്ദ്രത്തിൽ മന്ത്രി ആയാണ് പോയതെങ്കിലും കേന്ദ്രത്തിലെ കോൺഗ്രസ്സ് ഭരണം അധികകാലം നിലനിന്നില്ല. രണ്ടു തവണ കൂടി എംപി ആയെങ്കിലും പിന്നീട് മന്ത്രി ആകാനോ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനോ അവസരം ഉണ്ടായില്ല.
- ഈ നിരാശയിൽ നിന്ന് സ്വയം സൃഷ്ടിച്ചതല്ലേ പിളർപ്പ്? അതായിരുന്നില്ലേ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം?
ഞങ്ങൾ പിളർന്നു മാറിയതല്ല. ഞങ്ങളെ പിളർത്താൻ നിർബന്ധിതരാക്കിയതാണ്. മൂന്ന് കൺവെൻഷനുകൾ നടത്തി ശക്തി തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യ കൺവെൻഷൻ കഴിഞ്ഞപ്പോഴേക്കും എന്നെ സസ്‌പെൻഡ് ചെയ്തു. മൂന്നാമത്തെ കൺവെൻഷൻ കഴിഞ്ഞപ്പോഴേക്കും പുറത്താക്കി. അതുകൊണ്ട് ഞങ്ങൾ കോൺഗ്രസ്സിന് വെളിയിൽ പോയതല്ല. ഞങ്ങളെ പുറത്താക്കിയതാണ്.
- കരുണാകരന് എതിരെയുള്ള ഗൂഢാലോചനയിൽ ചെറിയാൻ ഫിലിപ്പിന് വല്ല പങ്കുമുണ്ടോ?
ഒരു വ്യക്തിയേയും പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കാൻ ഞാനില്ല. ഒരുപക്ഷേ, ചാരക്കേസിൽ എന്തു സംഭവിച്ചു എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ചെറിയാൻ ഫിലിപ്പായിരിക്കും. അന്ന് ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം ചെറിയാനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ രാജിയും മറ്റും രൂപപ്പെട്ടതിൽ ഫിലിപ്പിന് കാര്യമായ പങ്കുണ്ട്. എന്നാൽ ഒരു കാര്യം പറയാം. അച്ഛന് കഷ്ടകാലം വന്നപ്പോൾ അച്ഛനോടൊപ്പം നിൽക്കാൻ ഒരു മടിയും ചെറിയാൻ കാണിച്ചിരുന്നില്ല. 98-ലെ തെരഞ്ഞെടുപ്പിലാണ് ചെറിയാൻ അച്ഛനോടൊപ്പം നിൽക്കുന്നത്. പിന്നെ മരിക്കുന്നതു വരെ അച്ഛനെ ചെറിയാൻ തള്ളിപ്പറഞ്ഞിട്ടില്ല. കരുണാകരനുമായി അടുത്ത് ഇടപഴയകിയപ്പോഴാണ് യഥാർത്ഥത്തിൽ ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിഞ്ഞതെന്ന് പിന്നീട് ചെറിയാൻ ഫിലിപ്പു തന്നെ പറഞ്ഞിട്ടുണ്ട്.
- ചാരക്കേസ് തന്നെ ആയിരിക്കാം ഒരുപക്ഷേ മുരളീധരന്റെ രാഷ്ട്രീയഭാവിയിൽ ഇരുൾ വീഴ്‌ത്തിയതും. കേരളത്തിന്റെ മുഖ്യമന്ത്രി ആകും എന്നു കരുതപ്പെട്ട താങ്കൾ ഇപ്പോൾ വെറും എംഎൽഎ മാത്രമാണ്. ഈ അവസ്ഥയിൽ ദു:ഖമുണ്ടോ?
രാഷ്ട്രീയത്തിൽ ഒന്നും പ്രവചനങ്ങൾക്ക് അനുസരിച്ചല്ല സംഭവിക്കുക. ഇറക്കവും കയറ്റവും ഉണ്ടാകും. അതൊക്കെ ഒരുപാട് സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇങ്ങനെയൊക്കെ നടന്നിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നു എന്നു ഫറയുന്നതിൽ എന്താണ് അർത്ഥമുള്ളത്. സാക്ഷാൽ എകെ ആന്റണി അവിടെയും ഇവിടെയും ഇല്ലാതെ നടന്ന കാലമില്ലേ? വയലാർ രവിയുടെ ഇടക്കാലത്തെ അവസ്ഥ എന്തായിരുന്നു. ഇന്നു സംഭവിക്കുന്നതായിരിക്കില്ല നാളെ നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു നിരാശയും എനിക്കില്ല. ജനങ്ങളുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. പ്രവർത്തിക്കാൻ ഒരു മണ്ഡലം ഉണ്ട്. എന്റെ ഇപ്പോഴത്തെ പോരാട്ടവും അധികാരവുമായി ഒരു ബന്ധവുമില്ല. ഇത് മരിച്ച് പോയ അച്ഛന് നീതി നേടി കൊടുക്കാൻ മാത്രമുള്ളതാണ്.
പ്രകാശമുള്ള സൂര്യനെ കാർമേഘം മറയ്ക്കുന്നതുപോലെയാണ് ഇപ്പോഴത്തെ ഭരണം; ലീഗിന് സംഭവിക്കുന്ന അധപതനം എന്നെ അത്ഭുതപ്പെടുത്തുന്നു; മുരളീധരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം നാളെ വായിക്കുക.