തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച ലാലിസം ബാൻഡിനെതിരെ കെ മുരളീധരൻ എംഎൽഎ രംഗത്തെത്തി. ലാലിസമാണ് ഗെയിംസ് ഉദ്ഘാടന ചടങ്ങിനെ കുളമാക്കിയതിന് കാരണം ലാലിസമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. നൃത്തം ചെയ്യേണ്ടവർ പാട്ടുപാടി, പാട്ടു പാടേണ്ടവർ നൃത്തം ചവിട്ടുകയുമാണ് ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു. ലാലിസം കാണാനുള്ള ഭാഗ്യമോ നിർഭാഗ്യമോ തനിക്കുണ്ടായില്ല. പറഞ്ഞതെല്ലാം കേമമായിരുന്നു. പക്ഷേ വേദിയിൽ കണ്ടില്ലെന്നും മുരളി പരിഹസിച്ചു.

ഗെയിംസ് നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് നേരത്തെ അക്രഡിറ്റേഷൻ ചെയർമാൻ സ്ഥാനം രാജി വെക്കുമെന്ന് മുരളി പറഞ്ഞിരുന്നു. അന്വേഷണം നടത്താമെന്നും ഉടൻ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. അതിനിടെ ഗെയിംസ് നടത്തിപ്പിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. മോഹൻലാലിനെ കൂട്ട് പിടിച്ച് അഴിമതിക്ക് ശ്രമം നടക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. മോഹൻലാൽ അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വി ശിവൻകുട്ടി എംഎൽഎയും പന്തളം സുധാകരനുമെല്ലാം ദേശീയ ഗെയിംസ് ഉൽഘാടന ചടങ്ങിൽ നടന്ന ധൂർത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഗെയിംസ് ഉത്ഘാടന ചടങ്ങിലെ കലാപരിപാടികൾ ആളുകളെ കബളിപ്പിക്കുന്നതായിരുന്നുവെന്ന് കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായിരുന്ന പന്തളം സുധാകരൻ വിമർശിച്ചു. സമാപന ചടങ്ങിലും കൊള്ള നടക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ലാലിസത്തിന് സർക്കാർ നൽകിയ പണം തിരികെ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചുണ്ടനക്കാൻ രണ്ട് കോടി രൂപ വാങ്ങിയ മോഹൻലാൽ മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി എംഎൽഎയും ആവശ്യപ്പെട്ടു. മീഡിയാ വൺ ചാനൽ ചർച്ചയിലാണ് ശിവൻകുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗെയിംസ് നടത്തിപ്പിലെ സർക്കാർ ധൂർത്ത് വ്യക്തമാക്കുന്ന കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ലാലിസത്തിന് 1.80 ലക്ഷവും വാർെ്രെകം പരിപാടിക്ക് 20 ലക്ഷവും എൽഇഡി വോളുകൾക്കും ലൈറ്റിംഗിനുമായി 4.91 കോടി രൂപയുമാണ് സർക്കാർ ചെലവിട്ടത്.