- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് ലീഡറുടെ മകന് കുമ്മനം ചലഞ്ച്; തൃശൂരിൽ മകൾക്ക് വെല്ലുവിളി സുരേഷ് ഗോപിയുടെ സൂപ്പർ ഡയലോഗുകളും! കേരളത്തിൽ ബിജെപിയെ പിടിച്ചു കെട്ടാനുള്ള ചരിത്ര ദൗത്യം തേടിയെത്തുന്നത് ലീഡറുടെ മക്കളെ; മുരളീധരനും പത്മജയും ഈ വെല്ലുവിളിയിൽ ജയിച്ചാൽ സഹോദരനും സഹോദരിയും ഒരുമിച്ച് സഭയിൽ എത്തും; കരുണാകരന്റെ രണ്ട് മക്കളും വീണ്ടും രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുമ്പോൾ
തിരുവനന്തപുരം: തൃശൂരിൽ പത്മജാ വേണുഗോപാൽ... നേമത്ത് കെ മുരളീധരനും.. അങ്ങനെ കരുണാകരന്റെ രണ്ട് മക്കളും ഇത്തവണ വീണ്ടും മത്സരത്തിന് എത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചു. എന്നാൽ തൃശൂരിൽ പത്മജ തോറ്റു. വട്ടിയൂർക്കാവിൽ കെ മുരളീധരൻ ജയിച്ചു. രണ്ടു പേരും അന്ന് കോൺഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് മത്സരിച്ചത്. എന്നിട്ടും പത്മജയ്ക്ക് അടിതെറ്റി. ഇത്തവണ കരുണാകരന്റെ മക്കൾക്ക് സീറ്റ് പിടിച്ചെടുക്കാനുള്ള ചരിത്ര നിയോഗമാണ്. നേമത്തെ ബിജെപി വെല്ലുവളി സ്വയം ഏറ്റെടുത്താണ് മുരളീധരൻ മത്സരത്തിനെത്തുന്നത്. പതിവിന് വിപരീതമായി പത്മജയ്ക്ക് ആരും സീറ്റ് കൊടുക്കുന്നതിൽ എതിരു പറഞ്ഞതുമില്ല. അങ്ങനെ കോൺഗ്രസിലെ എല്ലാവരുടേയും പിന്തുണയോടെ കരുണാകരന്റെ മക്കൾ ഇത്തവണ സ്ഥാനാർത്ഥികളായി.
മുരളിയും പത്മജയും രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നത് കരുണാകരന്റെ മോഹമായിരുന്നു. ഇതിന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എതിരു നിൽക്കുകയും ചെയ്തു. മുരളിയെ എംപിയാക്കിയതും കെപിസിസി അധ്യക്ഷനാക്കിയും കരുണാകരന്റെ തന്ത്രങ്ങളുടെ കരുത്തായിരുന്നു. ഒടുവിൽ ആന്റണി മന്ത്രിസഭയിൽ മുരളീധരൻ വൈദ്യുതി മന്ത്രിയായി. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. ഇതിനൊപ്പം ലോക്സഭയിലും വോട്ടെടുപ്പ് നടന്നു. അന്ന് എതിർപ്പുകൾ അവഗണിച്ച് മകൾ പത്മജയെ മുകുന്ദപുരത്ത് ലോക്സഭാ സ്ഥാനാർത്ഥിയാക്കി.
പക്ഷേ രണ്ടു പേരും തോറ്റു. പിന്നീട് വട്ടിയൂർക്കാവിലൂടെ മുരളീധരൻ വീണ്ടും കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞു. കഴിഞ്ഞ തവണ പത്മജയ്ക്കും മത്സരിക്കാൻ അവസരം കിട്ടി. ചെന്നിത്തലയാണ് മുൻകൈയെടുത്തത്. രണ്ടാം വട്ടം സഹോദരനും സഹോദരിയും ഒരുമിച്ച് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തേടി. അപ്പോൾ മുരളി ജയിച്ചു. പത്മജ തോറ്റു. ഇത് മൂന്നാം വട്ടമാണ് രണ്ടു പേരും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്നാം അങ്കത്തിൽ രണ്ടു പേരും ജയിക്കുമെന്ന് കോൺഗ്രസുകാർ പറയുന്നു. ഒന്നിൽ പിഴച്ചാൽ മൂന്ന് അതാണ് പ്രതീക്ഷ.
മുകുന്ദപുരത്ത് പത്മജ ലോക്സഭയിൽ മത്സരിച്ചത് കരുണാകരന്റെ സമ്മർദ്ദ ഫലമായാണ്. കോഴിക്കോട്ടെ കെ മുരളീധരന്റെ കന്നിയങ്കത്തിലും ഇത്തരം കഥകളുണ്ട്. എന്നാൽ 2021ൽ എല്ലാവരുടേയും സ്ഥാനാർത്ഥിയായി ഇവർ മാറുന്നു. നേമത്ത് കെ മരുളീധരന് വേണ്ടി മാനദണ്ഡം പോലും കോൺഗ്രസ് മാറ്റി. വടകര എംപി കോൺഗ്രസിന്റെ സ്റ്റാർ കാമ്പൈനറാകുന്നു. ഇതിന്റെ ഗുണം തൃശൂരിൽ പത്മജാ വേണുഗോപാലിന് കിട്ടുമോ എന്നതാണ് അറിയേണ്ടത്. പല എംപിമാർക്കും മത്സരിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാൽ അതൊന്നും നേമത്തെ മുരളിയുടെ നീക്കത്തിന് വിലങ്ങു തടിയായില്ല.
ബിജെപിയുടെ സിറ്റിങ് സീറ്റിൽ കുമ്മനം രാജശേഖരന്റെ വെല്ലുവിളിയെയാണ് നേമത്ത് മുരളി നേരിടുന്നത്. തൃശൂരിൽ പത്മജയുടെ മുഖ്യ എതിരാളി സിപിഐ സ്ഥാനാർത്ഥിയാകും. എന്നാൽ തൃശൂരിലാണ് കേരളത്തിലെ മറ്റൊരു ബിജെപി പ്രമുഖൻ മത്സരിക്കുന്നത്. സാക്ഷാൽ സുരേഷ് ഗോപി. നേമം പോലെ ബിജെപി ലക്ഷ്യമിടുന്നതാണ് വടക്കുനാഥന്റെ മണ്ണ്. അതായത് മുരളിക്കും പത്മജയ്ക്കും മുന്നിലെ പ്രധാന വെല്ലുവളിയായി ബിജെപി മാറുന്നു. ഇതിനെ അതിജീവിക്കാനുള്ള കരുത്ത് മുരളിക്കും പ്ത്മജയ്ക്കുമുണ്ടെന്ന് കോൺഗ്രസ് നേതൃത്വവും വിലയിരുത്തുന്നു.
തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കാൻ വിസമ്മതം കാട്ടി. എന്നാൽ എല്ലാവരും നിർബന്ധിച്ച് തൃശൂരിൽ സ്ഥാനാർത്ഥിയാക്കി. കരുണാകര കുടുംബവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള അഭിനേതാവായിരുന്നു സുരേഷ് ഗോപി. പത്മജയുമായി സഹോദര തുല്യമായ അടുപ്പം. അങ്ങനെ ഈ കുടുംബ സുഹൃത്തുക്കൾ തൃശൂരിൽ വോട്ട് അഭ്യർത്ഥിക്കുമ്പോൾ കൗതുകവും വാശിയും കൂടും. രണ്ട് പേർക്കും ജയത്തിൽ കുറഞ്ഞൊന്നും തൃശൂരിൽ ആഗ്രഹിക്കാനാകില്ല. തൃശൂരിൽ വി എസ് സുനിൽകുമാറാണ് സിറ്റിങ് എംഎൽഎ. മന്ത്രിയായ സുനിൽകുമാർ മത്സര രംഗത്ത് നിന്ന് മാറിയതോടെ പത്മജയ്ക്ക് തൃശൂരിൽ ജയസാധ്യത കൂടിയിരുന്നു. എന്നാൽ സുരേഷ് ഗോപി സിനിമാ ഡയലോഗുമായി എത്തുമ്പോൾ പ്രവചനം അസാധ്യമാകും.
ഇത് തന്നെയാണ് നേമത്തേയും അവസ്ഥ. ബിജെപിയുടെ കേരളത്തിലെ ഗുജറാത്താണ് നേമം എന്ന് കുമ്മനം പറയുന്നു. കുറേ തെരഞ്ഞെടുപ്പായി വ്യക്തമായ മുൻതൂക്കം ബിജെപിക്ക് ഇവിടെയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനത്തിനായിരുന്നു മുൻതൂക്കം. തദ്ദേശത്തിലും ബിജെപി മുൻതൂക്കം നേടി. ഈ ഉറച്ച പരിവാർ കോട്ട കുലുക്കാനാണ് മുരളീധരന്റെ വരവ്. കുറച്ചു കാലമായി ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. കൃത്യമായി പറഞ്ഞാൽ ശിവൻകുട്ടിയും ബിജെപിയും തമ്മിൽ. ഇത്തവണയും ശിവൻകുട്ടിയാണ് നേമത്തെ സ്ഥാനാർത്ഥി. എന്നാൽ മുരളീധരൻ എത്തുമ്പോൾ സമവാക്യങ്ങൾ മാറും. കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് ഉറപ്പാണ്.
തൃശൂരിലെ കോട്ട സിപിഐ പിടിച്ചടെുത്തത് കഴിഞ്ഞ തവണ പത്മജയ്ക്ക് ക്ഷീണമായിരുന്നു. ഇത്തവണ ഇത് തിരിച്ചു പിടിക്കുന്നതിനൊപ്പം ബിജെപിയേയും ചെറുക്കണം. മുരളീധരന് ഒട്ടും വേരോട്ടമില്ലാത്ത നേമത്ത് ജയിക്കുകയും വേണം. അസാധ്യമായത് നടത്തിയ അച്ഛന്റെ മക്കളാണ് ഇരുവരും. രണ്ടു പേർക്കും ഇത്തവണ അടിപതറില്ലെന്ന് കോൺഗ്രസ് കരുതുന്നു. അങ്ങനെ വന്നാൽ നേമത്തെ മുരളി ഇഫക്ട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയാകും. ലോക്സഭയിലെ വടകര ചലഞ്ച് ഏറ്റെടുത്ത മുരളിക്ക് നേമത്ത് അത്ഭുതം കാട്ടാനാകും എന്നു തന്നെ കോൺഗ്രസും കരുതുന്നു.
ഇതിനൊപ്പം പത്മജയും ജയിച്ചാൽ കേരളാ രാഷ്ട്രീയത്തിലെ ലീഡറുടെ രണ്ട് മക്കളും ഒരുമിച്ച് നിയമസഭയിൽ എത്തും. ഈ അപൂർവ്വതയ്ക്കുള്ള ഉത്തരം മെയ് രണ്ടിന് വോട്ടെണ്ണൽ ദിനത്തിൽ അറിയാം. നേമത്തെ കുമ്മനം ഇഫക്ടിനേയും തൃശൂരിലെ സുരേഷ് ഗോപിയുടെ സൂപ്പർ സ്റ്റാർ പിവേഷത്തേയും നേരിടാൻ കരുണാകന്റെ മക്കൾ എത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
മറുനാടന് മലയാളി ബ്യൂറോ