തിരുവനന്തപുരം: സംവിധായകൻ കമൽ ഇന്ത്യവിടുന്നതാണ് നല്ലതെന്ന വാദവുമായി ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത് കഴിഞ്ഞദിവസം വലിയ വാർത്തയായിരുന്നു.

ഇതോടെ ദേശീയതയെന്ന വിഷയത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്ന വാചകക്കസർത്തിൽ ബിജെപി നേതാക്കളെ മലർത്തിയടിച്ചു കോൺഗ്രസ് നേതാവെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സങ്കികളേ.. ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നുമുതലാണെന്നും കാവി കളസം ധരിക്കുമ്പോൾ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹമെന്നുമെല്ലാം തകർപ്പൻ ഡയലോഗുമായി നേതാവ് എത്തിയപ്പോൾ ആ പോസ്റ്റ് അണികൾക്ക് ആവേശവുമായി.

പക്ഷേ, മുരളീധരന്റെ പോസ്റ്റ് സ്വന്തം കൃതിയല്ലെന്നും അത് നസറുദ്ദീൻ മണ്ണാർക്കാട് എന്നയാളുടെ പോസ്റ്റിന്റെ ഈച്ചക്കോപ്പി മാത്രമാണെന്നും വ്യക്തമായതോടെ സോഷ്യൽ മീഡിയയിൽ മുരളിക്കെതിരെ ട്രോളിന്റെ പെരുമഴയാണിപ്പോൾ. അക്ഷരാർത്ഥത്തിൽ കളസം കീറിപ്പോയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെയെന്നും മുമ്പും മുരളീധരൻ കോപ്പിയടിച്ച പോസ്റ്റുകൾ സ്വന്തംപേരിൽ ഫേസ്‌ബുക്കിൽ അവതരിപ്പിച്ചുവെന്നുമെല്ലാം വ്യക്തമാക്കി ട്രോളുകൾ പെരുകുകയാണിപ്പോൾ.

നസിറുദ്ദീൻ മണ്ണാർക്കാട് 2015 നവംബർ മൂന്നിന് റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റ് കടപ്പാടുപോലും നൽകാതെ മുരളി അതേപടി കോപ്പിയടിക്കുകയായിരുന്നു.

ആരൊക്കെയാണ് പാക്കിസ്ഥാനിലേക്ക് പോകേണ്ടത്? ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ... റിസർവ് ബാങ്കിൽ നിന്ന് രഘുറാം രാജൻ.. എന്നു തുടങ്ങി ബീഫ് തിന്നവരും രണ്ടുപെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂബവിലാണെന്നും ഒന്നു ചോദിക്കട്ടെ സങ്കികളെ ഇന്ത്യ നിങ്ങളുടെ തറവാട്ടു സ്വത്ത് ആയത് എന്നുമുതലാണെന്നും മറ്റും ചോദിച്ച് സംഘപരിവാറിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച പോസ്റ്റാണ് നസറുദ്ദീൻ നൽകിയിരുന്നത്.

ഇതിന്റെ തുടക്കത്തിൽ ആരൊക്കെയാണ് പാക്കിസ്ഥാനിൽ പോവേണ്ടതെന്ന ചോദ്യത്തിന് താഴെ കേരളത്തിൽ നിന്ന് കമൽ എന്ന ഒരു വരികൂടി കൂട്ടിച്ചേർത്തായിരുന്നു മുരളീധരന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് മറ്റു മാറ്റങ്ങളില്ലാതെ ഈച്ചപ്പകർപ്പായി രംഗത്തെത്തിയത്.

ഇക്കൊല്ലം പുതുവത്സര ദിനത്തിലും ഇതേ നസറുദ്ദീന്റെ പേരിൽ മുമ്പ് പുറത്തിറങ്ങിയ പോസ്റ്റ് മുരളീധരൻ കോപ്പിയടിച്ചിരുന്നുവെന്നും ഇതിനിടെ സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഒമ്പതുമാസത്തെ ഗർഭകാലത്തിന് ശേഷം ലേബർ റൂമിനു പുറത്ത് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ കാത്തിരുന്ന ബന്ധുക്കളോട് പുറത്തുവന്ന ഡോക്ടർ മന്തുരോഗത്തിന് ഫ്രീയായി ഗുളിക ലഭിക്കുന്നതിനെ പറ്റി സംസാരിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ച് മോദി ഗർഭിണികൾക്ക് ആറായിരം രൂപ പ്രഖ്യാപിച്ചതിനെ പരാമർശിച്ചാണ് മുരളി പോസ്റ്റ് നൽകിയത്. ഇതുംണ നസറുദ്ദീൻ നൽകിയ പോസ്റ്റായിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകുകയാണെങ്കിലും മുരളിക്ക് ആശ്വാസമായി എത്തുകയാണ് യഥാർത്ഥ പോസ്റ്റിന്റെ ഉടമ നസറുദ്ദീൻ മണ്ണാർക്കാട്. ഇക്കാര്യം വ്യക്തമാക്കി നസറുദ്ദീൻ ഫേസ്‌ബുക്കിൽ പ്രതികരിക്കുകയും ചെയ്തു. ' ഏതായാലും ഒരു കോൺഗ്രസുകാരൻ ഒരു സംഘ് പരിവാറുകാരനോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ ആയതിനാലാവും കെ.മുരളീധരൻ അത് പോസ്റ്റ് ചെയ്തത്. അതിൽ അഭിമാനിക്കുന്നു. ഞാനെന്ന വ്യക്തിയുടെ പേരിൽ ഈ പ്രസ്താവന അറിയപ്പെടുന്നതിനേക്കാൾ നല്ലത് ഒരു കോൺഗ്രസ്സ് നേതാവിന്റെ പേരിൽ അതറിയപ്പെടുന്നതാണ്. അതിന്റെ പ്രഹര ശേഷി കൂടുന്നത് അപ്പോഴാണ്.

കടപ്പാട് ഇല്ലെങ്കിലും വേണ്ട. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാതിരുന്നാൽ മതി... -നസറുദ്ദീൻ പ്രതികരിക്കുന്നു. ദുബായിൽ ജോലിചെയ്യുന്ന പ്രവാസിയാണ് നസറുദ്ദീൻ. ആനുകാലിക വിഷയങ്ങളിൽ ഓൺലൈനിൽ ശക്തമായി പ്രതികരിക്കാറുമുണ്ട് ഇദ്ദേഹം. എതായാലും മുരളീധരൻ ശക്തമായി വിഷയത്തിൽ ഇടപെട്ട് പ്രതികരിച്ചുവെന്ന് വിലയിരുത്തി ഇന്നലെ മുരളിയുടെ പോസ്റ്റ് വന്നതിന്റെ അടിസ്ഥാനത്തിൽ മിക്ക മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ അതിന് വലിയ പ്രചാരണം ലഭിക്കുകയും ചെയ്തു.