കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പത്തംഗ മേൽനോട്ട സമിതി മാത്രമാണ് ഉണ്ടായതെന്നും മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും കെ.മുരളീധരൻ എംപി. കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയേക്കുമെന്നും മുല്ലപ്പള്ളിൽ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാകുമെന്നുമുള്ള വാർത്തകൾ തള്ളിക്കൊണ്ടാണ് മുരളീധരൻ രംഗത്തുവന്നിരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിലോ കെപിസിസി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. നിങ്ങൾക്ക് ആരെ വേണമെങ്കിലും സ്ഥാനാർത്ഥിയാക്കാം എവിടേയും മത്സരിപ്പിക്കാം. എന്നാൽ അതൊന്നും പാർട്ടി തലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സ്വാഗതം സംഘം ഓഫീസ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നാണ് എഴുതുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ ഉജ്ജ്വല വിജയം കൈവരിക്കുകയും ഭരണത്തിലേറുകയും ചെയ്യും. എന്ത് കുത്തിത്തിരിപ്പ് നടത്തിയാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിക്കുമെന്നും കെ.സുധാകരൻ കെപിസിസി അധ്യക്ഷനാവുമെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളി.

പ്രതിപക്ഷ നേതാവിന്റെ ജാഥ കോഴിക്കോട് എത്തുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലെന്നും പാർലമെന്റ് സമ്മേളനമാണെന്നും ഇതിന്റെ പേരിൽ പുതിയ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കേണ്ടെന്നും മുരളി പറഞ്ഞു. ബിജെപിയെക്കാൾ വർഗീയ പ്രചാരണമാണ് സിപിഎം നടത്തുന്നതെന്നും മുരളീധരൻ ആരോപിച്ചു. ഭരണത്തുടർച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാർദം തകർക്കരുത്. സർക്കാരിന്റെ തെറ്റുകുറ്റങ്ങൾ നിയമസഭാ തെരഞ്ഞെടപ്പിൽ വിലയിരുത്തുപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.

കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ കെ മുരളീധരനുൾപ്പടെ പത്തംഗങ്ങളാണ് ഉള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ചെയർമാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെസി വേണുഗോപാൽ, താരിഖ് അൻവർ,വി എം സുധീരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശിതരൂർ എന്നിവരാണുള്ളത്

മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ മുരളീധരൻ രംഗത്തെത്തിയിരുന്നു കെപിസിസി പ്രസിഡന്റാണെന്ന കാരണം പറഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നതിൽ ഇരട്ടത്താപ്പുണ്ട്.മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പും കോൺഗ്രസിന്റെ തോൽവിയും ഒഴിവാക്കാമായിരുന്നെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.