തിരുവനന്തപുരം: മദ്യനയത്തിൽ യുഡിഫിൽ നിന്നും വ്യത്യസ്ത സ്വരമുയർത്തി കെ.മുരളീധരനും. യു.ഡി.എഫിന്റെ മദ്യനയം വിജയമോ അല്ലയോ എന്ന കാര്യത്തിൽ ചർച്ച വേണ്ട. ഈ നയം മൂലമാണ് ക്ലിഫ്ഹൗസിൽ നിന്നും കന്റോൺമെന്റ ഹൗസിലേക്ക് മാറേണ്ടിവന്നത്. ഷിബു ബേബി ജോണിന്റെ നിലപാടിനോട് താൻ യോജിക്കുകയാണെന്നും കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ മുരളീധരൻ ചൂണ്ടിക്കാട്ടി.

മുൻ യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച ആർ.എസ്‌പി മുൻ എംഎ‍ൽഎ ഷിബു ബേബി ജോണിന്റെ നടപടി ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മുരളിയും എത്തുന്നത്. ക്ലിഫ് ഹൗസിൽ ഇരുന്നാണ് യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്. അതിനു ശേഷം കന്റോൺമെന്റ് ഹൗസിലേക്ക് മാറേണ്ടിവന്നു. പഴയതിനെപറ്റി ഇനി ചർച്ച ചെയ്യേണ്ടതില്ല. എൽ.ഡി.എഫ് മദ്യനയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

പുതിയ മദ്യനയത്തിൽ കാര്യമായ സമരം നടത്തണം. എന്നാൽ അത് മറ്റ് സമരങ്ങൾ പോലെ രാമേശ്വരത്തെ ക്ഷൗരം പോലെ ആകരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല. അതുപോലെയാവരുത് മദ്യനയത്തിനെതിരായ സമരമെന്നും മുരളീധരൻ വ്യക്തമാക്കി. യു.ഡി.എഫിന്റെ മദ്യനയം അപക്വമായിരുന്നുവെന്നും ഭരണതുടർച്ചയ്ക്ക് ഇത് തടസ്സമായെന്നും ഷിബു ബേബിജോൺ ഇന്നലെ ഫേസ്‌ബുക്കിലൂടെ പരാമർശിച്ചിരുന്നു.

ഇതിനെ യു.ഡി.എഫും ആർ.എസ്‌പി നേതൃത്വവും തള്ളിക്കളഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഷിബുവിന്റെ നിലപാടിനെ പിന്തുണച്ച് മുരളീധരൻ രംഗത്തെത്തുന്നത്.