തിരുവനന്തപുരം: കോൺഗ്രസ് നേതാവു രാജ്‌മോഹൻ ഉണ്ണിത്താനെ കടന്നാക്രമിച്ചു വീണ്ടും കെ മുരളീധരൻ എംഎൽഎ. അനാശാസ്യക്കേസിൽ പ്രതിയായി പാർട്ടിക്കു ഞാൻ നാണക്കേട് ഉണ്ടാക്കിയിട്ടില്ലെന്നും പാർട്ടി പ്രസിഡന്റിനു പകരം ആരും കുരയ്ക്കണ്ടെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ പ്രതിപക്ഷം ഇല്ലെന്ന് വ്യക്തമാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നു. വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ടതില്ലെന്നും രാജ്‌മോഹനെ പരിഹസിച്ചു മുരളീധരൻ പറഞ്ഞു.

പാർട്ടി പ്രസിഡന്റിന് പകരം ആരെങ്കിലും കുരച്ചാൽ പരമപുച്ഛത്തോടെ അത് തള്ളിക്കളയും. പാർട്ടി അഭിപ്രായം പറയേണ്ടത് പാർട്ടി അധ്യക്ഷനാണെന്നും മുരളീധരൻ പറഞ്ഞു.

മാദ്ധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് മുരളീധരൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നായിരുന്നു ഇന്നലെ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. മുരളീധരൻ ഡിസിസി പരിപാടികൾക്ക് പോലും പങ്കെടുക്കാറില്ല. മാത്രമല്ല നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കെ. മുരളീധരന്റെ പാർട്ടി വിമർശനത്തിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതിൽ എ ഗ്രൂപ്പും അനിഷ്ടം പ്രകടമാക്കി.

പാർട്ടിവക്താവ് മുരളീധരനെ അപമാനിച്ചു എന്ന ആരോപിച്ച് എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന് കത്ത് അയക്കുകയും ചെയ്തു. പാർട്ടി കാര്യങ്ങളിൽ പരസ്യ പ്രസ്താവന നടത്തുന്ന ആദ്യത്തെ വ്യക്തിയല്ല മുരളീധരൻ. ഉണ്ണിത്താന്റെ പ്രസ്താവന പാർട്ടി അഭിപ്രായമാണോ എന്ന് സുധീരൻ പറയണം. മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യണം.

വക്താക്കൾ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തരുതെന്നും കെ.സി ജോസഫ് കെപിസിസി പ്രസിഡന്റ് വി എം സുധീരന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. മുരളീധരന് പിന്നാലെ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജേക്കബ്, ആർഎസ്‌പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളും പ്രതിപക്ഷം പരാജയമെന്ന വിലയിരുത്തലുമായി എത്തിയിരുന്നു.