തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കെ പി എ സി ലളിത. നാടകത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ആദ്യം സിനിമയിലും പിന്നീട് മനിസ്‌ക്രീനിലും തിളങ്ങുകയായിരുന്നു.1969 ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത വെള്ളിത്തിരയിൽ എത്തിയത്. നിരവധി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.

നിലപാടുകളിൽ മലയാള സിനിമയിലെ മാതൃകകൂടിയായിരുന്നു കെ പി എസി ലളിത.ഭരതൻ സിനിമകളിലൂടെയാണ് കെപിഎസി ലളിത അധികം ശ്രദ്ധിക്കപ്പെട്ടത്. ഭരതന്റെ സിനിമകളാണ് ഒരു നടിയെന്ന നിലയിൽ തനിക്ക് കൂടുതൽ കരുത്ത് പകർന്നതെന്നും നടി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സത്യൻ അന്തിക്കാട് ചിത്രങ്ങളും തന്റെ അഭിനയ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്നും കെ പി എ സി ലളിത പറയുന്നു.

ഭർത്താവായ ഭരതന്റെ അവസാന ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ സംഭവം കെ പി എ സി ലളിത തന്റെ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചുരം എന്ന സെറ്റില സംഭവമാണ് നടി വെളിപ്പെടുത്തിയത്. അദ്ദേഹം അവസാനം ചെയ്ത സിനിമയായിരുന്നു 'ചുരം'. അതിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു ദിവസം എത്ര സമയം കഴിഞ്ഞിട്ടും സിനിമയ്ക്ക് ബ്രേക്ക് പറയുന്നില്ല. എനിക്ക് ഇൻസുലിനൊക്കെ എടുക്കണമെന്നുള്ളതുകൊണ്ട് ആഹാരം കൃത്യ സമയത്ത് കഴിക്കുകയും വേണം. എത്ര സമയം കഴിഞ്ഞിട്ടും ബ്രേക്ക് പറയാതിരുന്നപ്പോൾ ഞാൻ കയറി ബ്രേക്ക് പറഞ്ഞതോടെ എല്ലാവരും ഒരു ഞെട്ടലൊടെ എന്നെ നോക്കി. ആ സിനിമയിൽ വേണുവായിരുന്നു (നെടുമുടി വേണു ) എന്റെ ഭർത്തവായി അഭിനയിച്ചത്.

ആ സിനിമ കഴിഞ്ഞാണ് ചേട്ടൻ മരിക്കുന്നത്. പിന്നീട് ഞാൻ സത്യന്റെ നിർബന്ധത്തോടെയാണ് സിനിമയിലേക്ക് വീണ്ടും വന്നത് . 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിൽ വേണു അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു പോയി. കെ പി എ സി ലളിത പറയുന്നു.1978 ൽ ഭരതനുമായുള്ള വിവാഹ ശേഷം ഒരു ചെറിയ ഇടവേള എടുത്ത നടി പിന്നീട് മലയാളത്തിൽ മടങ്ങി എത്തുകയായിരുന്നു. രണ്ടാം വരവിൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു താരം.

കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമാണ് സത്യൻ അന്തിക്കാടിനുള്ളത്. നടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. 'എന്റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് 'അടുത്തടുത്ത്' എന്ന എന്റെ സിനിമയിലാണ്. ഭരതേട്ടന്റെ സമ്മതത്തോടെയാണ് ചേച്ചി അതിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാൾ കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്, 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയാണ്.

'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കും പക്ഷേ തിലകന്റെയും കെ പി എ സി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു'.സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.