മലപ്പുറം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണമായത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ 'ആറാട്ടുമുണ്ടൻ' പ്രയോഗമാണെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

കൊല്ലത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിച്ചത് പിണറായി വിജയന്റെ പരനാറി പ്രയോഗമാണ്. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്.

അസ്ഥാനത്തുള്ള വി എസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗമാണ് ഇടതുപക്ഷത്തിനു വിനയായതെന്നാണ് കെ പി എ മജീദ് പറഞ്ഞത്. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് എ കെ ആന്റണിക്കെതിരെ വി എസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗമുണ്ടായത്. അഴിമതിക്ക് വിളക്കുപിടിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയെന്നായിരുന്നു വി എസിന്റെ പരിഹാസം.

വികസനവും കരുതലുമെന്ന യുഡിഎഫ് മുദ്രാവാക്യം ജനങ്ങൾ അംഗീകരിച്ചുവെന്നതിന് തെളിവാണ് അരുവിക്കരയിലെ വിജയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് സർക്കാരിനെതിരെ എൽഡിഎഫ് ആവനാഴിയിലെ അവസാന അസ്ത്രം വരെ പ്രയോഗിച്ചിട്ടും ജനങ്ങൾ സർക്കാരിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.