കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നാൽ ഹിന്ദുഐക്യവേദി പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചർ. വ്യക്തികളിൽ നിന്നല്ല, വിശ്വാസി സമൂഹത്തിൽ നിന്നാണ് ഇത്തരം ആവശ്യങ്ങൾ ഉയരേണ്ടതെന്നും അവർ വാർപറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കോഴിക്കോടെത്തിയതായിരുന്നു അവർ.

ഭക്തജനസമൂഹത്തിൽ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയർന്നാൽ ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തിൽ ആവശ്യമായ മാറ്റം വരുത്താനും ഹിന്ദുഐക്യവേദി നേതൃത്വം നൽകും. ഒന്നോ രണ്ടോ പേർ ആവശ്യപ്പെട്ടാൽ ഒരു ക്ഷേത്രത്തിലെ ആചാരം മാറ്റാനാകില്ല. ആവശ്യം ഭക്തിപരമാണോയെന്ന് നോക്കേണ്ടതുണ്ട്. കേരളത്തിലെ ആയിരകണക്കിന് ക്ഷേത്രങ്ങളിൽ മാതൃസമിതികളുണ്ട്. മാതൃസമിതികളൊന്നും ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടില്ല. ഹിന്ദുസമൂഹം എന്നും മാറ്റങ്ങളെ ഉൾക്കൊണ്ടവരാണ്. ഹിന്ദുഐക്യവേദിക്ക് ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിൽ മുൻവിധികളൊന്നുമില്ലെന്നും ശശികല അവകാശപ്പെട്ടു.

കേരളത്തിന് പുറത്ത് നടക്കുന്ന ദലിത് പീഡനങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ല. കേരളത്തിലെ പ്രത്യേകിച്ച് മലയോര മേഖലകളിൽ മതചിഹ്നങ്ങളുപയോഗിച്ച് കൈവശപ്പെടുത്തിയ മുഴുവൻ ഭൂമിയും സർക്കാർ തിരിച്ചുപിടിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം. ഏത് മതചിഹ്നങ്ങളാണെങ്കിലും അത് ഭൂമി കയ്യേറുന്നതിന് ഉപയോഗിക്കാനുള്ളതല്ല. ആരാധനാ കേന്ദ്രങ്ങളിൽ നിൽക്കുമ്പോഴാണ് അതിന് അതിന്റേതായ പ്രാധാന്യമുള്ളതെന്നും ശശികല പറഞ്ഞു.

കേരളത്തിലെ ഒരു വിഭാഗം ജനസമൂഹം പാർപ്പിട ഭൂമിക്കും കൃഷി ഭൂമിക്കും വേണ്ടിയുള്ള സമരത്തിലാണ്. മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികൾക്ക് ഭൂരഹിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ല. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മൂന്നാറിലടക്കം കുരിശ് ഉപയോഗിച്ച് നടത്തിയ കയ്യേറ്റങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനത്ത് അതിന്റെ ഗുണവശം ഇന്നും അപ്രാപ്യമായിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം.

സർക്കാർ കയ്യടക്കിവെച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങൾക്ക് തിരിച്ചു നൽകണം. അന്യാധീനപ്പെട്ടു കിടക്കുന്ന ക്ഷേത്ര ഭൂമി പിടിച്ചെടുക്കാൻ സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. സ്വകാര്യ വ്യക്തികൾ ക്ഷേത്ര ഭൂമി കയ്യേറി കൈവശം വെച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനുള്ള കർമ്മ പദ്ധതിക്ക് ഹിന്ദുഐക്യ വേദി രൂപം നൽകുമെന്നും അവർ അറിയിച്ചു. 14ന് കാസർകോട് നിന്നാരംഭിച്ച യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.