കൊച്ചി: ജനകീയ പ്രതികരണവേദിയുടെ മറവിൽ തന്നെ തടയാൻ വന്നത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. കുട്ടികളെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചതും ഇവരാണെന്നും അവർ പറഞ്ഞു.

സിനിമ സംവിധാനം പോലെ ആക്ഷൻ, കട്ട് നിർദ്ദേശങ്ങൾക്കനുസരിച്ചാണ് കുട്ടികൾ പ്രവർത്തിച്ചത്. കുറച്ച് നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം പുറത്ത് കാത്ത് നിൽക്കുന്ന എസ്.ഡി.പി.ഐ നേതാക്കളുടെ നിർദ്ദേശത്തിനായി കുട്ടികൾ പോയത് എന്റെ വാദത്തെ സാധൂകരിക്കുന്നതാണ്.

അഞ്ച് മുതൽ +2 വരെയുള്ള ക്ലാസുകളിലായി 4070 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 70 ഓളം കുട്ടികൾ മാത്രമാണ് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. പല വലിയ സമരങ്ങളും തന്റെ 36 വർഷത്തെ ഈ സ്‌കൂളിലെ സേവനത്തിനിടയിൽ കുട്ടികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആ സമരങ്ങളുടെ പത്തിലൊന്ന് ആവേശം പോലും കുട്ടികൾക്കില്ലായിരുന്നു എന്നത് വ്യക്തമാണ്. 36 ജനറൽ ബോഡി യോഗങ്ങളും നൂറിലധികം പിടിഎ മീറ്റിങ്ങുകളും താൻ ഇവിടെ ജോലി ചെയ്യുന്ന ഈ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. ഇവയിൽ ഒന്നിൽപ്പോലും, ഒരു മാതാപിതാക്കൾ പോലും തനിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ ജനകീയ പ്രതികരണവേദിക്കാരെ വെല്ലുവിളിക്കുകയാണ്. ടീച്ചറിന്റെ ക്ലാസ്സിൽ തന്നെ തന്റെ മക്കളെ പഠിപ്പിക്കണമെന്നു മുസ്ലിം സമുദായത്തിൽപ്പെട്ട പല മാതാപിതാക്കളും പറഞ്ഞിട്ടുണ്ടെന്നും ശശികല പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അതിനെ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരിക്കുകയാണ്. ജുമാ നിസ്‌ക്കാരം കഴിഞ്ഞ് വെള്ളിയാഴ്ച പള്ളികളിൽ നോട്ടീസ് വിതരണം ചെയ്തു. വൈകുന്നേരം ബോലോ തക്‌ബീർ മുഴക്കി തനിക്കെതിരെ പ്രകടനം നടത്തിയത് ജനകീയ പ്രതികരണവേദിക്കാരാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും കെ പി ശശികല മറുനാടൻ മലയാളിയോട് പറഞ്ഞു.

സിപിഐ(എം) സംഘടനകളാണ് വിഷയത്തിൽ ആദ്യം സമരം തുടങ്ങിയതെങ്കിലും നിലവിൽ ലീഗിന് ലഭിക്കുന്ന മുസ്ലിം വോട്ട് തങ്ങൾക്കനുകൂലമാക്കാൻ എസ്.ഡി.പിഐയാണ് ഇപ്പോൽ സമരം ചെയ്യുന്നത്. കേരളം പിടിച്ചെടുക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ(എം) ബീഫ് ഫെസ്റ്റാണ് നടത്തിയതെങ്കിൽ, വല്ലാപ്പുഴ പിടിച്ചെടുക്കാൻ എസ്.ഡി.പി.ഐ ശശികല ഫെസ്റ്റാണ് ഇപ്പോൾ നടത്തുന്നത്. തനിക്കെതിരെ കേസ് എടുത്തെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്. വിഷയത്തിൽ ചോദ്യം ചെയ്യാൻ ഇതുവരെ വിളിപ്പിച്ചിട്ടില്ല. ലോക്കൽ പൊലീസുപോലും തന്നോട് കേസിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാലക്കാട് ജില്ലയുടെ പാക്കിസ്ഥാനാണ് വല്ലാപ്പുഴ എന്ന പ്രസ്ഥാവനയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. യു.എസ്.എയിൽ വച്ച് നടന്ന ഒരു അഭിമുഖത്തിൽ ആങ്കർ ചോദിച്ച ഉത്തരമായിട്ടാണ് താൻ അത്തരമൊരു മറുപടി പറഞ്ഞതെന്നും കെ പി ശശികല പറഞ്ഞു.

അതേസമയം തിങ്കളാഴ്ച കെ പി ശശികലയെ തടഞ്ഞാൽ, അതേ രീതിയിൽതന്നെ മറുപടി നൽകാനാണ് സംഘപരിവാർ സംഘടകളുടെ തീരുമാനം. തിങ്കളാഴ്ച ആർഎസ്എസ് പ്രവർത്തകരോട് സ്ഥലത്ത് കേന്ദ്രീകരിക്കാൻ ജില്ലാ കാര്യകാരി സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ സംഘപരിവാർ സംഘടനകൾ സ്വീകരിക്കേണ്ട നിലപാട് ചർച്ചചെയ്യാൻ ഞായറാഴ്ച പട്ടാമ്പിയിൽ യോഗം ചേരും. ആർഎസ്എസ്, വി.എച്ച്.പി, ഹിന്ദു ഐക്യവേദി, ബിജെപി, യുവമോർച്ച, മഹിളാ മോർച്ച, അദ്ധ്യാപക പരിഷത്ത്, എ.ബിവിപി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഹിന്ദു ഐക്യവേദി നേതാവിനു പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.