കോഴിക്കോട്: കേരളത്തിൽ ദളിതർക്കും പൂജചെയ്യാൻ അവസരമൊരുക്കിയതിന് മുഖ്യമന്ത്രി പിണറായിയേയും സർക്കാരിനേയും അഭിനന്ദിച്ചുകൊണ്ടും ബിജെപി എംപി സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ടും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ്ഗോപിയുടെ ആഗ്രഹം വിവരക്കേടാണെന്നായിരുന്നു ശശികലയുടെ പ്രതികരണം.

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വിവരക്കേടാണ്. അധ്യാത്മിക കാര്യങ്ങളിൽ സുരേഷ് ഗോപിക്ക് വേണ്ടത്ര അറിവില്ലെന്ന് ഇതോടെ വ്യക്തമാകുന്നുവെന്നും ശശികല പറഞ്ഞു. ഭഗവത് സേവക്കായി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

പുനർജന്മത്തിൽ വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തിൽ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അർപ്പിക്കാനായി ബ്രാഹ്മണനായി ജനിക്കണമെന്നും ഈശ്വരനെ പ്രാർത്ഥിക്കാൻ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കൺകണ്ട ദൈവങ്ങളാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായം. മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ് പൂണൂൽ സമൂഹമെന്നും എംപി പ്രതികരിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ശശികല രംഗത്തെത്തിയത്.

കേരളത്തിൽ ദലിതർക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സർക്കാറിന്റെ തീരുമാനം നൂറു ശതമാനം ശരിയാണെന്ന് സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ശശികല വ്യക്തമാക്കി. ബ്രാഹ്മണ്യം കർമം കൊണ്ട് നേടേണ്ടതാണ്. ദളിതർ എന്നല്ല, പൂജാരിമാരായി വരുന്നവർ എല്ലാം ബ്രാഹ്മമണരാണെന്നും അതുകൊണ്ട് തന്നെ പിണറായി വിജയൻ സർക്കാരിന്റെ നടപടി അഭിനന്ദനാർഹമാണെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.

കേരളത്തിൽ ദളിതർക്ക് പൂജ ചെയ്യാൻ അവസരം നൽകിയ പിണറായി സർക്കാരിനെ അഭിനന്ദിച്ച് തമിഴ്‌നാട്ടിലെ നേതാക്കളായ സ്റ്റാലിൻ, വൈകോ, നടൻ കമൽഹാസൻ എന്നിവരും രാജ്യവ്യാപകമായി ദളിത് സംഘടനകളും രംഗത്തെത്തിയിരുന്നു. തെലങ്കാനയിൽ പിണറായിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തിയാണ് ഈ തീരുമാനത്തോട് ദളിത് സംഘടനകൾ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേരളത്തിലെ ഹിന്ദു ഐക്യവേദി നേതാവും രംഗത്തെത്തിയിട്ടുള്ളത്.