കണ്ണൂർ: പശ്ച്ചിമഘട്ടത്തിലും താഴ്‌വരയിലും കഴിയുന്ന ആദിവാസികളുടെ ജീവിതം വരച്ചു കാട്ടി ഉദ്യോഗസ്ഥനായ സാഹിത്യകാരനായിരുന്നു അന്തരിച്ച കെ.പാനൂർ. കേരള സർക്കാറിന്റെ കീഴിൽ ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ടിച്ചു വരവേ ഡപ്യൂട്ടേഷനിൽ ട്രൈബൽ പ്രോജക്ട് ഓഫീസറായി. അതോടെ ആദിവാസികളുടെ ലോകം കണ്ടെത്താനായി അദ്ദേഹം യാത്ര തുടർന്നു. പശ്ച്ചിമഘട്ടിലെ മലനിരകളുടെ സൗന്ദര്യമല്ല അതിന്റെ അകക്കാട്ടിൽ കഴിയുന്ന ആദിവാസികൾ എങ്ങിനെ ജീവിക്കുന്നവെന്നറിയാനുള്ള ദീർഘയാത്രയായിരുന്നു അദ്ദേഹം നടത്തിയത്. അതുവരെ കേരള ജനത അറിയപ്പെടാതിരുന്ന അജ്ഞരും അന്ധവിശ്വാസികളുമായ ആദിവാസികൾ കാട്ടിൽ കഴിയുന്നുവെന്ന വിവരം ബാഹ്യലോകത്തെ വസ്തു നിഷ്ഠമായി അറിയിച്ചത് കെ.പാനൂർ എന്ന കുഞ്ഞിരാമനാണ്.

ആദിവാസികളുടെ ഇടയിൽ ആറ് വർഷക്കാലം ഉദ്യോഗത്തിന്റെ ഭാഗമായി ജീവിച്ച കെ.പാനൂർ വിവിധ ആദിവാസി വിഭാഗങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതിയും അദ്ദേഹത്തിന്റെ രചനകളിലൂടെ പ്രതിപാദിച്ചിരുന്നു. ആദിവാസി ജീവിതത്തെക്കുറിച്ചുള്ള രചനകളിൽ കെ.പാനൂരിനെ പോലെ ആത്മാർത്ഥത കാണിച്ചവർ വേറെയില്ല. വൈവാഹിത ജീവിതം ആരംഭിക്കും മുമ്പ് ആരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കണക്കും നഷ്ടപരിഹാരവും വിധേയരായ വധുവും വരനും നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിച്ചു. കുറിച്യരെപ്പെറ്റിയുള്ള അദ്ദേഹത്തിന്റെ അനുഭവം സ്വന്തം മകനുമായി അയിത്തമാചരിക്കേണ്ടി വന്ന ഒരമ്മയുടെ ദുരവസ്തയും ഈ കൃതിയിൽ കാണാം. നിലമ്പൂരിലെ ഗുഹാ നിവാസികളും വയനാട്ടിലെ അവിവാഹിതരായ അമ്മമാരും അങ്ങിനെ എത്രയെത്ര ആദിവാസി അനുഭവങ്ങൾ കെ.പാനൂർ രചിച്ചു.

കേരളത്തിലെ അമേരിക്ക, മലകൾ താഴ് വരകൾ മനുഷ്യർ, എന്നീ ഗ്രന്ഥങ്ങളിലും ആദിവാസികളെക്കുറിച്ച് വിശദമായി അദ്ദേഹം പ്രതിപാദിച്ചു. കേരളത്തിന്റെ നേട്ടം ആദിവാസികളിൽ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച ഉദ്യോഗസ്ഥനായിരുന്നു കെ.പാനൂർ. തന്റെ നേട്ടം മുഴവൻ ആ അന്വേഷണത്തിലാണ് എന്ന വിശ്വസിക്കുകയും ചെയ്തിരുന്നു അദ്ദേഹം. കെ.പാനൂരിന് മുമ്പും ശേഷവും ആദിവാസി ജീവിതത്തെ ഇത്രയും സത്യസന്ധമായി എഴുതിയ സാഹിത്യകാരൻ മലയാളത്തിലുണ്ടായിട്ടില്ല.