തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി നൽകുന്ന പദ്ധതിയുടെ രൂപരേഖ തയാറായി.

1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മെയ്‌ 31നു ചേരുന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) യോഗത്തിൽ ഭരണാനുമതി നൽകും.

കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 18 മാസം കൊണ്ടു പദ്ധതി പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. വരുമാനപരിധി സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല.

കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. നിശ്ചിത സമയത്തേക്കായിരിക്കും ഇന്റർനെറ്റ് സൗജന്യമായി നൽകുക. ഇതിനായി കെഎസ്ഇബിയും ഐടി വകുപ്പും പാത കടന്നുപോകേണ്ട സ്ഥലങ്ങളിൽ പരിശോധന നടത്തി സ്ഥലങ്ങളുടെ പ്രാഥമിക രൂപരേഖ തയാറാക്കി. തുടക്കത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

ഈ വർഷം അവസാനത്തോടെ സർക്കാർ സേവനങ്ങൾ എല്ലാം ഐടി അധിഷ്ഠിതമായി മാറ്റാൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. സാധാരണക്കാർക്കു സർക്കാരിന്റെ സേവനങ്ങളും വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളും തടസമില്ലാതെ ലഭിക്കാൻ പദ്ധതി വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങൾ, സർക്കാർ ഓഫിസ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്.