ആലപ്പുഴ: ജെഎസ്എസിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നൽകാതെ വഞ്ചിച്ച സിപിഐ(എം) നടപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ച് ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മ. സിപിഐ(എം) വഞ്ചിച്ചുവെന്ന് ഗൗരിയമ്മ വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചു. ബിജെപിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയുന്നത് പോലെയാണിത്. എത്രവലിയ പാർട്ടിയായാലും വഞ്ചന തെറ്റ് തന്നെയാണ്. സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ തന്റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. പാർട്ടിയെ അവഗണിച്ചതിലുള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ എഴുതി അറിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

ബിജെപിയുടെ വർഗീയതയെയാണ് താൻ എതിർക്കുന്നത്. മുന്നണിയിൽ ചേരുന്നതു സംബന്ധിച്ച് അടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ബിജെപിയേക്കാൾ വലിയ വർഗീയ പാർട്ടികൾ കേരളത്തിലുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ ജെഎസ്എസ് സെന്ററിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യാൻ ഗൗരിയമ്മ ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ജെഎസ്എസ് സംസ്ഥാന സമിതി ഏപ്രിൽ ഒമ്പതിന് ചേരും.

എൽഡിഎഫ് തഴഞ്ഞതിനു പിന്നാലെ എൻഡിഎയിൽ ചേരാൻ ദൂതുമായി എൻഡിഎ സഖ്യകക്ഷിയായ ജെഎസ്എസ് വിഭാഗം നേതാവ് എ.എൻ. രാജൻ ബാബു ഗൗരിയമ്മയെ സമീപിച്ചിരുന്നു. ഗൗരിയമ്മ എൻഡിഎയിൽ ചേരാൻ തയാറാണെങ്കിൽ തന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് വിഭാഗം ഗൗരിയമ്മയുടെ ജെഎസ്എസിൽ ലയിക്കാൻ തയാറാണെന്നും രാജൻ ബാബു അറിയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. അരൂർ, ചേർത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകളാണ് അവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സിപിഐ(എം) ഇത് പാടെ തള്ളുകയായിരുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിട്ടും കെ.ആർ. ഗൗരിയമ്മ രണ്ടുവട്ടം എകെജി സെന്ററിൽ പോയത് വലിയ വാർത്തയായതാണ്.

സിപിഎമ്മിൽ നിന്ന് പുറത്തുപോയ ശേഷം 22 വർഷങ്ങൾക്കു ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററിൽ എത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പലവട്ടം ഗൗരിയമ്മയെ സന്ദർശിച്ചു. സീറ്റു കാര്യം പറയുമ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ ആലോചിക്കാമെന്ന ഉറപ്പാണ് നേതാക്കൾ നൽകിയിരുന്നത്. ഈ ഉറപ്പു വിശ്വസിച്ചാണ് ഗൗരിയമ്മ ഇത്രകാലം കഴിഞ്ഞത്.