- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മന്ത്രിമാരായിരിക്കെ ടിവിയുടെയും എന്റെയും വസതികൾക്കിടയിലെ വാതിൽ അടപ്പിച്ചത് സിപിഐയാണ്; അടച്ചിട്ട ആ വാതിലാണ് ഞങ്ങളെ അകറ്റിയത്'; പാർട്ടികൾ രണ്ടായതോടെ അകന്നു പോയെങ്കിലും എന്നും ഉള്ളിൽ പ്രണയം കാത്തിരുന്നു ഗൗരിയമ്മ; എകെജിയും ചങ്ങമ്പുഴയും വിവാഹാഭ്യർത്ഥന നടത്തിയതും ഒരേസമയത്ത്; ഗൗരിയമ്മയുടെ പ്രണയ ഓർമകളിൽ നിന്ന്
ആലപ്പുഴ: ഒരിക്കൽ ഒരു കാർ യാത്രയ്ക്കിടെ, ഗൗരിയമ്മയോട് സന്തതസഹചാരിയും വിശ്വസ്തനുമായ പാർട്ടി പ്രവർത്തകൻ ഒരുചോദ്യം ചോദിച്ചു. നേതാവിന്റെ പലതരത്തിലുള്ള പോസ്റ്ററുകൾ കണ്ടപ്പോൾ അദ്ദേഹം അറിയാതെ ചോദിച്ചുപോയി: എന്താണ് ..നേതാവ് ഒരുചിത്രത്തിൽ പോലും ചിരിക്കുന്നില്ലല്ലോ.. മറുപടിയും വളരെ പെട്ടെന്നായിരുന്നു. എന്തിനാടോ ഞാൻ ചിരിക്കുന്നത്? മൂന്നുവാക്കിലെ ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു. വ്യക്തി ജീവിതം ഒരുരത്നച്ചുരുക്കമായി. കാലം ഘനീഭവിച്ച പോലെ ഗൗരവത്തിന്റെ ഒരുപാളി എപ്പോഴും മുഖത്ത് ഉണ്ടായിരുന്നെങ്കിലും, പിറന്നാൾ പോലെയുള്ള അവസരങ്ങളിൽ ഓർമകളിൽ പച്ച പിടിച്ചുകിടക്കുന്ന അനുഭവകഥകൾ അവർ പങ്കുവച്ചിരുന്നു.
സിപിഎമ്മിന്റെ ആദ്യകാലങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിൽ വിവാഹം കഴിക്കുക പതിവായിരുന്നു. ഈ വിവാഹങ്ങൾ പാർട്ടി ചടങ്ങുകളിലാണ് ഏറെയും ആഘോഷിച്ചിരുന്നത്. സഹചാരിയായ സഖാവ് ടി വി തോമസ്സിനെ പാർട്ടി നിർദ്ദേശപ്രകാരം 1957ൽ തന്നെ ജീവിത പങ്കാളിയാക്കി. 1964ൽ പാർട്ടി സിപിഐ എം, സിപിഐ എന്നിങ്ങനെ രണ്ടായി പിളർന്നു. ടി വി തോമസ്സും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ടിവിയെ ആദ്യം കണ്ട കഥ തന്റെ ആത്മകഥയിൽ ഗൗരിയമ്മ വിവരിക്കുന്നുണ്ട്. 'എന്റെ വീട്ടിൽ നടന്ന തിരുവിതാകൂർ കമ്മിറ്റി യോഗത്തിൽ വച്ചാണ് ടിവിയെ ആദ്യം കാണുന്നത്. പുന്നപ്ര-വയലാർ കേസിൽ ടിവിയെയും മറ്റുനേതാക്കളെയും വെറുവിട്ട ശേഷമായിരുന്നു ആ കൂടിക്കാഴ്ച. എന്നാൽ, പുന്നപ്ര-വയലാർ സമരത്തിന് മുമ്പ് തന്നെ ടിവിയും ഞാനും തമ്മിൽ സ്നേഹത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിന് മുമ്പ് ഒരുതവണ എറണാകുളം മഹാരാജാസിൽ വച്ച് ടിവിയെ കണ്ടിരുന്നു. അത് ടിവി എന്ന നിലയിലല്ല, എന്റെ സുഹൃത്ത് ത്രേസ്യാമ്മയുടെ സുഹൃത്ത് എന്ന നിലയിലായിരുന്നു.
ദമ്പതികളെ അകറ്റി സിപിഎമ്മും സിപിഐയും
1964 ൽ പാർട്ടി രണ്ടായി പിളർന്ന ശേഷമുള്ള അന്തരീക്ഷം അവർ ഓർത്തെടുക്കുന്നു. ' ഞാൻ ആ സമയത്ത് പാർട്ടിയിൽ നിന്ന് ലീവെടുത്ത് ടിവിയോടൊപ്പം ചാത്തനാട് താമസിക്കുകയായിരുന്നു. രണ്ടുപാർട്ടികളുടെയും അംഗങ്ങളെ വീടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ടിവിയുടെ പാർട്ടി പ്രവർത്തനങ്ങൾ വീടിന് പുറത്തായിരുന്നു. വളരെ നാളുകൾക്ക് ശേഷം ജീവിതം സമാധാനപരമായത് പോലെ തോന്നി. അന്നാദ്യമായി ടിവി എനിക്ക് ഒരുസാരി സമ്മാനിച്ചു....ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവച്ച സാരി.'
1967 ലെ സർക്കാരിൽ സിപിഎമ്മും സിപിഐയും സഖ്യകക്ഷികളായിരുന്നു. 1967 ൽ ചാത്തനാട്ടെ വീട്ടിൽ നിന്ന് മാറി മന്ത്രിമാരായി ചുമതല ഏറ്റെടുക്കാൻ തിരുവനന്തപുരത്തേക്ക് നീങ്ങി. അടുത്തടുത്ത കോമ്പൗണ്ടുകളിലായി പ്രത്യേക ഔദ്യോഗിക വസതികളായിരുന്നു. എന്നാൽ, ഞങ്ങൾ ഇരുവീടുകൾക്കും ഇടയിലെ ഭിത്തി മാറ്റി രണ്ടിടത്തേക്കും കടക്കാൻ വാതിൽ പണിതു. എന്നാൽ, സിപിഐ ഇടപെട്ട് ആ വാതിൽ അടപ്പിച്ചു. ഇത് എനിക്ക് വലിയ ഷോക്കായിരുന്നു. ആ വാതിലാണ് ഞങ്ങളെ അകറ്റിയത്. എനിക്ക് ഹൃദയാഘാതമുണ്ടായി...ആശുപത്രിയിലായി..'ഗൗരിയമ്മ ആത്മകഥയിൽ പറഞ്ഞു.
വിവാഹത്തെ കുറിച്ചുള്ള ഓർമകൾ ഇങ്ങനെ: ''എന്റെ വസതിയായ സാനഡുവിലായിരുന്നു ഞങ്ങളുടെ വിവാഹം. പാർട്ടി തീരുമാനം അനുസരിച്ചുള്ള വിവാഹത്തിനു താലി എടുത്തു നൽകിയതു മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങൾക്കായി വൈകിട്ടു വിവാഹ സൽക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു. അമ്മയും സഹോദരങ്ങളും എന്റെ വീട്ടിൽ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടിൽ നിന്ന് ആരും പങ്കെടുത്തില്ല,''
രണ്ടു മന്ത്രിമാർക്കും സർക്കാർ കാറുണ്ട്. രാവിലെ രണ്ടു കാറിൽ പോയാലും ഉച്ചയ്ക്ക് ഒരു കാറിൽ ഊണു കഴിക്കാൻ വരും. അതിനു കാരണമുണ്ട്. മന്ത്രിസഭയിൽ സഹപ്രവർത്തകയാണെങ്കിലും വീട്ടിൽ ഗൗരിയമ്മ വീട്ടമ്മയാണ്. ടി.വി. തോമസിന് ഊണെടുത്തു വയ്ക്കേണ്ടതു ഗൗരിയമ്മയാണ്. ഇരുവരും വേർപിരിയാൻ തീരുമാനിച്ചതോടെ വസതികളെ വേർതിരിച്ചിരുന്ന മതിലിലെ ഗേറ്റ് എന്നത്തേക്കുമായി അടഞ്ഞു. ഗേറ്റ് അടഞ്ഞെങ്കിലും ഇരുവരുടെയും മനസ്സുകളുടെ വാതിൽ അടഞ്ഞിരുന്നില്ലെന്നു കെ.ആർ. ഗൗരിയമ്മ പറഞ്ഞിരുന്നു.. ''ഈ വീട്ടിൽ കിടന്നാണു ടിവിയുടെ പിതാവ് മരിക്കുന്നത്. അവസാന ദിവസം എന്നെ കാണണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജയിലിൽ നിന്നു പരോൾ വാങ്ങി വന്നു ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ടിവി അപ്പോളോയിൽ ചികിത്സയിലായിരുന്നപ്പോഴും പതിവായി സന്ദർശിക്കുമായിരുന്നു.''
സഖാവും പിന്നീടു ജീവിതസഖിയുമായി മാറിയ ഗൗരിയമ്മ എന്തു കൊണ്ടാണു ടിവിയുടെ കുഞ്ഞിന്റെ അമ്മയാകാതിരുന്നത്. തിരക്കേറിയ പാർട്ടി പ്രവർത്തനവും മന്ത്രി പദവിയും മൂലം കുടുംബിനിയാകാൻ സാധിക്കാതിരുന്നതാണോ? അല്ലെന്നാണ് ഒരഭിമുഖത്തിൽ കെ.ആർ. ഗൗരിയമ്മ മറുപടി പറഞ്ഞത്. ഗർഭപാത്രത്തിനു പ്രശ്നമുണ്ടായിരുന്നു. എന്നിട്ടും രണ്ടു വട്ടം ഗർഭിണിയായി. കുഞ്ഞിനെ സംരക്ഷിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായി. രണ്ടു വട്ടവും ഗർഭം അലസിപ്പോവുകയായിരുന്നു ഗൗരിയമ്മ പറഞ്ഞു.
ഏകെജിയുടെ പ്രണയാഭ്യർത്ഥന
എ.കെ.ജി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നത് വരെ എ.കെ.ജിക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും ഗൗരിയമ്മ പറഞ്ഞു. 'വിവാഹബന്ധം പോലും പ്രസ്ഥാനത്തിന് വേണ്ടിയെന്ന നിലപാടായിരുന്നു എ.കെ.ജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോട് വിവാഹാലോചന നടത്തിയത്''. ഒരിക്കൽ ഇവിടെ അസുഖമായി കിടക്കുമ്പോൾ എ.കെ.ജി സുശീലയോട് എന്നെ വന്നുകാണാൻ പറഞ്ഞു. പാർലമെന്റ് സമ്മേളനം കഴിഞ്ഞപ്പോൾ സുശീലയും എ.കെ.ജിയും കൂടി എന്നെ കാണാൻ വന്നപ്പോഴാണ് സുശീല മുൻപ് വന്നില്ലെന്ന് എ.കെ.ജി അറിഞ്ഞത്. അദ്ദേഹം സുശീലയെ വഴക്ക് പറഞ്ഞു'.
ഏറെക്കുറെ അതേസമയം തന്നെയാണ്'ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു.ചങ്ങമ്പുഴയുടെ അഭ്യർത്ഥന നിരസിക്കാൻ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കൊളേജിൽ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാർട്ടി രൂപീകരിക്കുന്ന കാലത്താണ് ഞാൻ രാജനെ തിരക്കിയത്. അപ്പോൾ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു'- ഗൗരിയമ്മ പറഞ്ഞു.
അവസാന കാലത്ത് ടിവിയെ പരിചരിക്കാൻ ബോംബൈയിൽ പോയി
ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ ഹാളിലും ഗൗരിയമ്മയുടെ കിടപ്പുമുറിയിലും നിറയെ ചിത്രങ്ങളാൽ നിറച്ചിരുന്നു. വിവാഹനാളിൽ ടി.വി.തോമസിനൊപ്പം എടുത്ത ചിത്രങ്ങളാണധികം. ഈ ചിത്രങ്ങൾ എപ്പോഴും എടുത്തു നോക്കാറുണ്ടോയെന്നു ചോദിച്ചാൽ, 'എല്ലാം മനസ്സിലുണ്ട്' എന്നായിരുന്നു പതിവ് മറുപടി. '57ലെ മന്ത്രിസഭ കഴിഞ്ഞ് ടിവി തിരഞ്ഞെടുപ്പിൽ തോറ്റു. വരുമാനമില്ലാതായി. എന്റെ വരുമാനം കൊണ്ടു ജീവിക്കണം. ടിവിയുടെ ചെലവിന് അദ്ദേഹത്തിന്റെ പഴ്സിൽ ഞാൻ 2 രൂപ വയ്ക്കും. 14 അണ സിഗരറ്റിന്, 2 അണ ബീഡിക്ക്. ഒരു രൂപ കള്ളുകുടിക്കാൻ. ടിവി പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാൻ ലഹരി കുറഞ്ഞ കള്ളു കൊണ്ടുവരാൻ 14 അണ കൊടുത്ത് ഞാനൊരാളെ ഏർപ്പാടാക്കി.
'ഞങ്ങൾ ഇവിടെ വന്നു താമസിക്കുന്ന കാലത്ത് ടിവിക്കു കള്ളുകുടിക്കണം, സിഗരറ്റ് വലിക്കണം, ബീഡി വേണം. ചെലവിനു പണം കണ്ടെത്താൻ ഞാൻ പച്ചക്കറിക്കൃഷി ചെയ്തു. എന്റത്രയും പൊക്കമുള്ള ചീര വിറ്റിട്ടുണ്ട്. പശുവിനെ വളർത്തി പാൽ വിറ്റിട്ടുണ്ട്. 'പാർട്ടി പിളർന്നപ്പോൾ രണ്ടാളും സിപിഎമ്മിൽ നിൽക്കാൻ തീരുമാനിച്ചു. പക്ഷേ, എം. എൻ.ഗോവിന്ദൻ നായർ ടിവിയെ പിടിച്ചുകൊണ്ടുപോയി.. അയാളാണു വില്ലൻ'.
'എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവസാനം ബോംബെയിലെ ആശുപത്രിയിൽ ടി.വി.തോമസിനെ പരിചരിക്കാൻ ഞാൻ പോയി. രണ്ടു പാർട്ടിയിലായതിനാൽ ആദ്യം ഇഎംഎസ് പോകാൻ അനുവദിച്ചില്ല. പിന്നെ പാർട്ടി യോഗം കൂടിയാണ് രണ്ടാഴ്ച അനുവദിച്ചത്. തിരിച്ചുപോരാൻ നേരം ടിവി കരഞ്ഞു.പിന്നീട് ഞാൻ കണ്ടിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കലക്ടർ ഓമനക്കുഞ്ഞമ്മ വിളിച്ചു, ടിവി മരിച്ചെന്ന്. ഞാൻ തിരുവനന്തപുരത്തു ചെന്നു. മൃതദേഹം മൂടിയിരുന്ന തുണിയുയർത്തി മുഖം കണ്ടു. ആലപ്പുഴയിലേക്കുള്ള യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്നു.
'കാനനഛായയിൽ ആടു മെയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ...?'
എറണാകുളം മഹാരാജാസ് കോളജിൽ കെ.ആർ.ഗൗരി പഠിച്ചത്. മലയാളം അദ്ധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസിൽ 'രമണന്റെ' വരികൾ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോൾ ക്ലാസിൽ കോറസ് ഉയർന്നു ചങ്ങമ്പുഴ. കവിയെ ഗുരുനാഥൻ എണീപ്പിച്ചു നിർത്തിയപ്പോഴാണ് ഗൗരിയും കൂട്ടുകാരും സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നു തിരിച്ചറിഞ്ഞത്.
ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും
ഞാൻ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കിൽ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങൾ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാർത്ഥിക്കും. ഞാൻ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാൻ എഴുന്നേറ്റു നടക്കുന്നുണ്ട്, ഗൗരിയമ്മ പങ്കുവച്ച ഓർമകൾ ഇങ്ങനെ
മറുനാടന് മലയാളി ബ്യൂറോ